“നാളെ വൈകീട്ടെന്താ പരിപാടീ”
നല്ല പാതി അടുക്കളയിൽ നിന്നും ഉറക്കെ ചോദിച്ചു .
ങേ.. വൈകീട്ടെന്താ പരിപാടീന്നോ അതു നമ്മടെ മോഹൻലാലിന്റെ പരസ്യല്ലേ , ഞാൻ തിരിച്ചു ചോദിച്ചു.
“അല്ല കൊല്ലം രണ്ടേ ആയുള്ളൂ അപ്പോഴെക്കും മറന്നോ, നാളെ നമ്മടെ രണ്ടാം വിവാഹ വാർഷികമാ...” വീണ്ടും അടുക്കളയിൽ നിന്നും നല്ല പാതി പറഞ്ഞു.
ഓ... കൊല്ലം രണ്ടായില്ലെ ഇനിയെന്ത് ആഘോഷിക്കാനാ , അതും ഈ സാമ്പത്തികമാന്ദ്യം തലക്കടിച്ചിരിക്കുമ്പോൾ എന്നൊക്കെ ഞാൻ പറഞ്ഞ് നോക്കി പക്ഷെ ഒരു രക്ഷയുമില്ല, ശരി എന്നാൽ പിന്നെ നമുക്കൊരു യാത്ര പോകാം ഉച്ചഭക്ഷണം ഏതെങ്കിലും നല്ലൊരു ഹോട്ടലിൽ നിന്നും കഴിക്കാം എന്ന വ്യവസ്ഥയിൽ ഞങ്ങൾ എല്ലോറിയോയിൽ നിന്നും ലെക്കെയ്റ്റ്യോയിലെക്കു യാത്രയായി .
ലെക്കെയ്റ്റോയിലെക്ക് ഇതിനു മുമ്പ് ഒരു തവണ പോയിട്ടുണ്ടെങ്കിലും അധികസമയം അവിടെ ചിലവഴിക്കാൻ സാധിച്ചിരുന്നില്ല,അവിടത്തെ ആ പഴയ തീരദേശഗ്രാമം ഒന്നും ചുറ്റികറങ്ങി അവിടെയുള്ള പള്ളിയും കണ്ട് കുറച്ച് മീനും വാങ്ങി പോന്നു. (നല്ലൊരു മീൻപിടുത്ത ഗ്രാമമായതിനാലവിടെ നല്ല ഫ്രെഷ് മീൻ കിട്ടും)
വെക്കെഷനായതിനാൽ വെയിലടിക്കാതെ കിടക്കയിൽ നിന്നും എണീൽക്കാറില്ല അതുകൊണ്ട് സമയത്തിനുപോകാനായി അലാറം വെച്ചെണീറ്റ് ഫോട്ടൊ എടുക്കുന്ന മഷീനുമെല്ലാം ചാർജ്ജ് ചെയ്ത് 8.10ന്റെ ബസ്സിൽ ഞങ്ങൾ ഡുറങ്കോയിലെത്തി എല്ലോറിയോയിൽ നിന്നും നേരിട്ട് ലെക്കെയ്റ്റ്യോയിലെക്ക് ബസ്സില്ലാത്തതിനാൽ ഡുറങ്കോയിൽനിന്നും മാറികയറണം അതിനുവേണ്ടി മുക്കാൽ മണിക്കൂറോളം ബസ്സ്റ്റോപ്പിൽ കാത്തിരിക്കുന്ന സമയത്താണു ചുരുട്ട് വലിച്ചുതള്ളി കൊണ്ടിരിക്കുന്ന ഒരപ്പൂപ്പനെ കമ്പനി കിട്ടുന്നത്, ഗൌരവക്കാരനായ ആ അപ്പൂപ്പനോട് ചോദിച്ച് ഞങ്ങളിരിക്കുന്ന സ്റ്റോപ്പിൽ ലെക്കെയ്റ്റ്യോയിലെക്കുള്ള ബസ്സ് നിറുത്തുമോ എന്നുള്ളതു ഒന്ന് ഉറപ്പുവരുത്താം എന്നു കരുതി ഞാൻ സംസാരത്തിനു തുടക്കമിട്ടു, ഞങ്ങൾ ഇന്ത്യക്കാരാണെന്നു പറഞ്ഞപ്പോൾ,
“ ഓ നിങ്ങൾ ഇന്ത്യാക്കാരാണോ എന്തൊക്കെയുണ്ട് വിശേഷം എന്റെ മകളുടെ കൂട്ടുകാരി ഇന്ത്യയിൽ സാമൂഹ്യ സേവനം നടത്തുന്നുണ്ട് , അവരു പറഞ്ഞ് ഇന്ത്യയിലെ വിശേഷങ്ങളൊക്കെ അറിയാം. അവിടെ പണക്കാരും പാവപെട്ടവരും തമ്മിൽ സ്പെയിനുള്ളതിനേക്കാളും സാമ്പത്തിക അന്തരമുണ്ടെന്നു പറഞ്ഞതു ശരിയാണൊ? ”
ശരിയാ അവിടെ ഇന്ത്യയിൽ ദരിദ്രൻ കൂടുതൽ ദരിദ്രനും പണക്കാരൻ കൂടുതൽ പണക്കാരനുമായികൊണ്ടിരിക്കുന്നു ഞാൻ മറുപടി കൊടുത്തു .
അതിനു മറുപടിയായി അദ്ദേഹം പറഞ്ഞു,
“ഇവിടെ പിന്നെ ഞങ്ങൾക്കു ഗവർമെന്റ് സോഷ്യൽ സെക്ക്യൂരിറ്റിയും സഹായങ്ങളുമൊക്കെയുള്ളതിനാൽ കുഴപ്പമില്ല , വർഷങ്ങളായി ഞാൻ പെൻഷൻപറ്റിയിട്ട് അതുകൊണ്ട് എല്ലാ ബസ്സിലും 50 ശതമാനം ഡിസ്കൌണ്ടിൽ മുതിർന്ന പൌരന്മാർക്കു കിട്ടുന്ന ടിക്കറ്റുനിരക്കിലാണു എന്റെ യാത്ര, ഇപ്പോഴും സർക്കാർ 2400 (ഒന്നര ലക്ഷം രൂപ) യൂറൊ മാസം എനിക്കു പെൻഷൻ നൽകുന്നു, അധികം ചിലവുമില്ല ജീവിതം സുഖം”
അതു ശരി വെറുതെയല്ല ഇവർ വയസ്സായതിനുശേഷവും ലോകം മുഴുവൻ കറങ്ങി നടന്ന് കണ്ട് ജീവിതം ആസ്വദിക്കുന്നതെന്നു ഞാൻ മനസ്സിലോർത്തു .
അങ്ങിനെ ബസ്സ് വരുന്നതുവരെ ഇന്ത്യാവിശേഷവും സംസാരിച്ച് ഞങ്ങൾ ലെക്കെയ്റ്റ്യോയിലെക്കു യാത്രയായി, ബസ്സിൽ കയറിയിരുന്നു വഴിയോരകാഴ്ച്ചകൾ കണ്ടപ്പോഴാണു ചാർജ്ജ് ചെയ്യാനിട്ട ഫോട്ടൊ പിടിക്കണ മഷീൻ ഇപ്പോഴും വീട്ടിൽ തന്നെയാണല്ലോ എന്നോർത്തത് അവിടെയിറങ്ങി തിരിച്ചു പോയാലോ എന്ന് ചിന്തിച്ചിരിക്കുന്നതു കണ്ടപ്പോ നല്ല പാതി പറഞ്ഞു ,
“സാരല്ല്യാന്നെ നമ്മക്ക് ന്നാള് മീൻ വേടിക്കാൻ വന്നപ്പോ എടുത്ത ഫോട്ടൊ ബ്ലോഗ്ഗിലിടാം ആരറിയാനാ മീൻ വേടിക്കാനാ വന്നതെന്ന്”.
കഴിഞ്ഞമാസം മീൻ വാങ്ങിച്ചപ്പോൾ
പത്തുമണിയോട് കൂടി ഞങ്ങൾ ആ ബസ്സിന്റെ അവസാന സ്റ്റോപ്പ്ആയ ലെകെയ്റ്റ്യോയിലെത്തിചേർന്നു.
എന്നത്തെയും പോലെ ഞങ്ങൾ റ്റൂറിസ്റ്റ് ഇൻഫോർമേഷൻ ഓഫീസിലേക്കുള്ള വഴിയറിയാൻ “ i ” ചിഹ്നം നോക്കി നടന്നു, മുനിസിപ്പാലിറ്റി ഒഫീസ്സിൽ തന്നെ പ്രവർത്തിക്കുന്ന റ്റൂറിസ്റ്റ് ഇൻഫോർമെഷനിൽ നിന്നും ലെകൈറ്റ്യൊയുടെ മാപും കാണാനുള്ള സ്ഥലങ്ങളും ചോദിച്ചു മനസ്സിലാക്കി കാഴ്ചകൾ കാണാനായി നടന്നു .കടൽതീരത്തു തന്നെയാണു റ്റൂറിസ്റ്റ് ഓഫീസ്സും മുനിസിപ്പാലിറ്റി ഓഫീസ്സും അവിടെ നിന്നാൽ പോർട്ടും ബീച്ചും ഐലന്റും കാണാം , 25 ഡിഗ്രീ താപനിലയാണെങ്കിലും വെയിലിനു നല്ല ചൂടുണ്ട്. ലെകൈറ്റിയോയിൽ 3 ബീച്ചുകളുണ്ട് അവിടെ നിന്നും അല്പം അകലെ കടലിൽ ചെറിയൊരു ഐലന്റ് ഉണ്ട് കഴിഞ്ഞ തവണവന്നപ്പോൾ ഐലന്റിനും ബീച്ചിനും ഇടയിൽ നല്ല ആഴത്തിൽ നീല നിറത്തിൽ വെള്ളമുണ്ടായിരുന്നു പക്ഷെ ഇന്നു ഞങ്ങൾ കണ്ടത് ബീച്ചിനും ഐലന്റിനുമിടയിൽ വെള്ളം വറ്റി അങ്ങോട്ട് നടന്നുപോകാവുന്ന രീതിയിൽ കര തെളിഞ്ഞ് കിടക്കുന്നു അതുകണ്ട് ഞാൻ അക്കരകാഴ്ചകൾ എന്ന പരമ്പരയിൽ ജോർജ്ജ് റിൻസിക്കു അറിവുപകർന്ന് കൊടുക്കുന്നതുപോലെ എന്റെ ഗ്ലോബൽ ജ്നാനം അലപം നല്ലപാതിക്ക് പകർന്നു കൊടുത്തു.
“ എടീ ഈ ഗ്ലോബൽ വാമിങ് ഗ്ലോബൽ വാമിങ് എന്നു പറേണത് ശര്യാട്ടോ കണ്ടോ നമ്മടെ ത്രിശ്ശൂർത്തെ വീട്ടിലു വേനൽക്കാലത്ത് കെണറ് വറ്റണപോലെ ഇവ്ടെ സ്പെയിനിലും കടലു വറ്റി കെടക്കണ കണ്ടാ.. അതാണു ഗ്ലോബൽ വാമിങ്ങ്, ആ എന്തായാലും അത് നാന്നായി നമുക്ക് നടന്നിട്ട് തുരുത്തില് പോകാലൊ. നമക്കൊരു കാര്യം ചെയ്യാം ഉച്ചക്ക് ഉണ്ണുന്നേനു മുമ്പ് പള്ളീം സിറ്റിയൊക്കെ കണ്ടിട്ട് ഉച്ച തിരിഞ്ഞ് വെയില് കൊറയുമ്പോ ബീച്ചും കണ്ട് തുരുത്തില് പോകാം എന്തേ ? ”
അങ്ങിനെ ഞങ്ങൾ അവിടെ നിന്നും മുനിസിപ്പൽ ഓഫീസ്സിനു മുന്നിൽ തന്നെയുള്ള പള്ളിയിൽ കയറി, ഉച്ചക്കു 12 മണി വരെ മാത്രമെ പള്ളിക്കകത്തു പ്രവേശനമുള്ളൂ ഉച്ചതിരിഞ്ഞ് 5.30 നു ശേഷവും , ഞാൻ പള്ളിക്കത്തു കാഴ്ച്ചകൾ കണ്ട് നടക്കുന്നതിനടയിൽ നല്ലപാതി പ്രാർത്ഥിക്കാൻ പോയി , 14 ആം നൂറ്റാണ്ടിൽ പണിത പള്ളി ഇപ്പോഴും നല്ല കെട്ടുറപ്പോടെ നിൽക്കുന്നു , തറ പൂർണമായും തടിപാകിയിരിക്കുന്നു. കഴിഞ്ഞ മാസം ഇവിടെ വന്നപ്പോൾ ഒരു വിവാഹം നടക്കുകയായിരുന്നു അങ്ങിനെ ആദ്യമായി ഒരു യൂറോപ്യൻ വിവാഹത്തിനു ക്ഷണമില്ലാതെ തന്നെ സാക്ഷ്യം വഹിക്കാൻ കഴിഞ്ഞ ഓർമ്മകളുമായി ഞങ്ങൾ ആ പള്ളിയിൽ നിന്നുമിറങ്ങി.
വളരെ ചെറിയ തീരപട്ടണമാണെങ്കിലും കാണാൻ ഒരുപാട് കാഴ്ചകൾ ഒന്നുമില്ലെങ്കിലും ഒരിക്കൽ വന്നാൽ വീണ്ടും ഇവിടെ വരാൻ തോന്നും പഴയ തെരുവുകളും പൊതുസ്ഥലവുമെല്ലാം നല്ല ശുചിത്വത്തോടെ ആളുകൾ കൈകാര്യം ചെയ്യുന്നു, സമയം 12 മണികഴിഞ്ഞു വെയിലിനു നല്ല ചൂടുണ്ട് പക്ഷെ പഴയപട്ടണത്തിലേക്ക് കടന്നപ്പോൾ നല്ല തണുപ്പ് നൂറ്റാണ്ടുകൾ പഴക്കമുള്ള കരിങ്കൽ പാകിയ ആ ഇടുങ്ങിയ റോമൻപാതകളിലൂടെ ഞങ്ങൾ നടന്നു . അരമണിക്കൂർ നടത്തത്തിനു ശേഷം ഞങ്ങൾ തിരിച്ച് പോർട്ടിലെത്തി അവിടെ നിന്നാൽ സാൻ നിക്കോളാസ് ദ്വീപ് കാണാം. വിന്റെർ സീസണിൽ വളരെ വലിയ തിരകൾ പോർട്ടിലേക്ക് വീശിയടിക്കാറുണ്ട്, പലതവണ പോർട്ടിൽ സ്ഥിതി ചെയ്യുന്ന ഹെലിപാഡ് ഹോസ്പിറ്റലിൽ ആളുകളെ വളരെ പെട്ടെന്നു എത്തിക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട് .
photo: google
photo: google
ഉച്ചയൂണു കഴിക്കേണ്ട സമയമായി ഞങ്ങൾ ഭക്ഷണം കഴിക്കാൻ കയറിയ റെസ്റ്റോറന്റീൽ 2 മണിക്കാണു ഉച്ചഭക്ഷണ സമയം ആരംഭിക്കുന്നതു . ഉച്ചയൂണു കഴിഞ്ഞ് ഞങ്ങൾ , നേരത്തെ തീരുമാനിച്ച പോലെ ഹൊണ്ടാർറ്റ്സ ബീച്ചിൽ നിന്നും നടന്ന് സാൻ നിക്കോളാസ് ദ്വീപിലെത്തി അവിടെ കുറച്ചു സമയം ചിലവഴിക്കണമെന്നു വിചാരിച്ചു ബീച്ചിലെത്തിയ ഞങ്ങൾ അന്തംവിട്ടു . കാരണം ബീച്ചിനും ദ്വീപിനുമിടയിൽ ഇപ്പോൾ നാലാൾ താഴ്ചയിൽ കൂടുതൽ വെള്ളമുണ്ട് ശക്തിയായ തിരമാലകൾ ബീച്ചിലേക്കടിക്കുന്നു . ബീച്ചിൽ തന്നെയുണ്ടായിരുന്ന റെഡ്ക്രോസ്സ് പ്രവർത്തകനോട് ചോദിച്ചപ്പോഴാണെനിക്കു സംഭവം കത്തിയത് , നമ്മുടെ അമ്പിളിഅമ്മാവൻ പറ്റിച്ച പണിയെ അതുതന്നെ വേലിയേറ്റവും വേലിയിറക്കവും . കാലത്ത് 11 മണിക്ക് താഴ്ന്ന സീ ലെവൽ ഇനി 6 മണിക്കൂറിനു ശേഷം അതിന്റെ ഉയർന്ന ലെവലിലെത്തും അതായത് ഇന്നു ഉച്ചതിരിഞ്ഞ് 5 മണിക്ക് ബീച്ചിന്റെ മുക്കാൽ ഭാഗത്തോളം തിരവിഴുങ്ങും, പിന്നീട് 6 മണിക്കൂറിനു(ഏകദേശ സമയം) ശേഷം രാത്രി 11 മണിക്ക് വീണ്ടും കടൽ നിരപ്പ് താഴ്ന്ന് ബീച്ചിനും ദ്വീപിനുമിടയിൽ ഒരുതുള്ളി വെള്ളം പോലും അവശേഷിപ്പിക്കാതെ സാൻ നിക്കോളാസ് ദ്വീപിനപ്പുറത്തേക്ക് തിരമാലകൾ മാറി നിൽക്കും . അത്രയും സമയം കാത്തുനിന്ന് രാത്രിയിൽ നടന്ന് ദീപിലെത്താൻ ഒരു താല്പര്യവുമില്ലാതിരുന്നതിനാൽ ഞങ്ങൾ ബീച്ചിലൂടെ മുന്നോട്ടു നടന്നു .
വേലിയിറക്കത്തിനു മുൻപ് ബീച്ചിനും ദ്വീപിനുമിടയിലുള്ള സീ ലെവെൽ
വേലിയിറക്കത്തിനു ശേഷം ബീച്ചിൽ നിന്നും ദ്വീപിലെക്ക് നടന്നു പോകാവുന്ന രീതിയിൽ
ബീച്ചിൽ വിശ്രമിച്ചിരുന്ന സമയം കോളാമ്പി മൈക്കിലൂടെ റെഡ്ക്രോസ്സ് ഗാർഡ് എല്ലാവർക്കും മുന്നറിയിപ്പ് നൽകി സമയം 5 മണീയായി വേലിയേറ്റത്തിൽ സീ ലെവൽ ഏറ്റവും ഉയർന്നു നിൽക്കുന്ന സമയം അതിനോടൊപ്പം തന്നെ ശക്തിയായ തിരമാലകളും ബീച്ചിനെ വിഴുങ്ങാൻ തുടങ്ങി ബീച്ചിൽ കളിച്ചു കൊണ്ടിരുന്ന എല്ലാവരും തന്നെ മുന്നറിയിപ്പിനെ തുടർന്ന് കരയിലേക്ക് കയറി, ബീച്ചിൽ വെയിലുകാഞ്ഞു കിടന്നിരുന്ന സായിപ്പ്മാരും ടോപ് ലെസ്സ് മദാമ്മമാരും അല്പം മടിച്ചിട്ടാനെങ്കിലും തിരയെ പേടിച്ച് കരയിൽ കയറിയിരുന്നു സമയം 6 മണിയായിക്കാണും തിരയുടെ ശക്തികുറഞ്ഞ് കടൽ പിൻവാങ്ങാൻ തുടങ്ങിയിരുന്നു. സാൻ നിക്കോളാസ്സ് ദ്വീപിലേക്ക് നടന്നു കയറാൻ പറ്റിയ ഒരവസരം നഷ്ട്ടപെട്ട വിഷമത്തിൽ ഞങ്ങൾ ബീച്ചിൽ നിന്നും ബസ്സ്സ്റ്റോപ്പിലെക്ക് നടന്നു, വീണ്ടും ലെകൈറ്റ്യൊയിലേക്ക് തിരിച്ചു വരാനായി .
രണ്ടാഴ്ച്ചയായി പെയ്തുകൊണ്ടിരുന്ന മഴമാറി മാനം തെളിഞ്ഞു കൂടെ ഞങ്ങളുടെ മനസ്സും, കാലാവസ്ഥ 7 ഡിഗ്രിയിൽ നിന്നും 25 ഡിഗ്രിയിലെത്തി യാത്രകൾ നടത്താൻ വടക്കൻ സ്പെയിനിൽ ഇതിലും നല്ല സമയം വരാനില്ല . കവലകളും ബാറുകളൂം റോഡുകളും പള്ളിമുറ്റവും എങ്ങും ആളുകളെ കൊണ്ട് നിറഞ്ഞിരിക്കുന്നു 1 വയസ്സുകാരൻ മുതൽ 90വയസ്സുള്ളവർ വരെ വീട് വിട്ടിറങ്ങി വെയിലു കൊണ്ടുകൊണ്ട് കൂട്ടംകൂടി നിന്നു ചായകുടിച്ച് സ്പ്രിങ്ങ് സീസൺ ആസ്വദിക്കുന്നു. എങ്ങും സന്തോഷത്തോടെ ചിരിച്ച മുഖങ്ങൾ സ്വതവേ വെളുത്തുചുവന്നിരിക്കുന്ന അവരുടെ കവിളുകൾ ഈ ചെറുചൂടിൽ ചുവന്നു തുടുത്തിരിക്കുന്നതു കാണാം.
ഈ ആഴ്ചാവസാനം പോകാനുള്ള സ്ഥലം നിർദ്ദേശിച്ചതു ദിവാകരനാണ് ഗെർണിക്കയും അവിടെ നിന്നും 4 കിലോമീറ്റർ അകലെയുള്ള സാന്റിമാമിഞെ ഗുഹയുംഓമയിലെ കാടും .
സാധാരണ യാത്രയിൽ ഉച്ചഭക്ഷണം യാത്ര പോകുന്ന സ്ഥലങ്ങളിൽ നിന്നുള്ള ഹോട്ടലിൽ നിന്നാണു കഴിക്കാറ് എന്നാൽ ഇത്തവണ പതിവിനു വിപരീതമായി എല്ലാവരും ഭക്ഷണം കയ്യിൽ കരുതി കാട്ടിലിരുന്നു കഴിക്കാൻ .എല്ലോറിയോയിൽ നിന്നും 40 മിനുറ്റ് ദൂരമെയുള്ളൂ ഗെർണിക്കയിലേക്ക് പക്ഷെ ഇവിടെനിന്നും നേരിട്ട് ഗെർണിക്കയിലേക്ക് ബസ്സില്ല . ബെർണാഡും സംഘവും കാറിൽ നേരിട്ട് ഗെർണിക്കയിലെത്തും , ദിവാകരനും കുടുംബവും ബിൽബാവൊയിൽ നിന്നും ഗെർണിക്കയിലേക്കു നേരിട്ടുള്ള ബസ്സിൽ 11 മണിയോടുകൂടി അമൊറെബീറ്റ വഴിയാണു വരുന്നതു. 9.10ന്റെ ബസ്സിൽ ഞാനും അനിതയും ഡുറങ്കൊയിലെക്കു തിരിച്ചു, 20 മിനുറ്റ്കൊണ്ട് ഡൂറങ്കോയിലെത്തി അവിടെനിന്നും 10.00മണിയുടെ അമൊറെബീറ്റയിലേക്കുള്ള ബസ്സിൽ കയറി 10.30നു ഞങ്ങൾ അമൊറെബീറ്റ ബസ്സ്സ്റ്റോപ്പിലെത്തി. ഇതു ഗെർണിക്കയിലേക്കുള്ള എന്റെ രണ്ടാമത്തെ യാത്രയാണ്, 11 മണിയാകും അവർ അമൊരെബീറ്റയിലെത്താൻ. അമോറെബീറ്റ റ്റൌണിലൂടെ റ്റൂറിസ്റ്റ് സ്ഥലങ്ങളിലേക്ക് വാഹനങ്ങൾ ഒഴുകികൊണ്ടിരുന്നു , സ്പാനിഷ് കുടുംബങ്ങൾ കാറുകളിൽ ബസ്സ്സ്റ്റോപ്പിൽ കൂടിച്ചേർന്ന് സംഘങ്ങളായി ബീച്ചുകളിലേക്ക് പോകുന്നു . മേയ്മാസം മുതൽ സെപ്റ്റംബർ വരെ ഏറ്റവും തിരക്കുള്ള സ്ഥലമാണു ബീച്ചുകൾ .
11മണിയോടു കൂടി ഗെർണിക്ക ബസ്സ് എത്തി സാമാന്യം നല്ല തിരക്കുണ്ട് ഇറങ്ങാനുള്ള പടികളിൽ വരെ ആളുകൾ ഇരിക്കുന്നു,മലഞ്ചെരുവുകളിലൂടെ പതിയെ കയറ്റങ്ങൾ കയറിയിറങ്ങി പൈൻ മരക്കാടുകൾക്കിടയിലൂടെ കാഴ്ച്ചകൾ കണ്ടുകൊണ്ട് യാത്രതുടർന്നു .പലയിടത്തും വഴിയിൽ മാനുകൾ ഉണ്ട് പതിയെ പോകുക എന്ന ബോർഡ് കണ്ടെങ്കിലും ഒന്നിനെയും നേരിൽ കണ്ടില്ല, 15 മിനുറ്റ് യാത്രക്കു ശേഷം ഗെർണിക്കയിലെത്തി പതിവുപോലെ നേരെ ടൂറിസ്റ്റ് ഇൻഫോർമേഷൻ ഓഫീസ്സിൽ പോയി അസ്സംബ്ലി ഹൌസിന്റെയും മ്യൂസിയത്തിന്റെയും പ്രവർത്തനസമയം ചോദിച്ച് ഗെർണിക്കയുടെ മാപ്പും ടൂറിസ്റ്റ് ബുക്കും വാങ്ങി ഞങ്ങൾ മുനിസിപ്പൽ ഓഫീസിനുമുന്നിൽ ബെർണാഡിനെയും സംഘത്തെയും കാത്തിരുന്നു.
‘ ഗെർണിക്ക’ ബിൽബാവോയിൽ നിന്നും 33 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽ നിന്നും 10 മീറ്റർ ഉയരത്തിൽ 8.6 ചതുരശ്രകിലോമീറ്ററിൽ 16000 ജനസംഖ്യമാത്രമുള്ള കൊച്ചുപട്ടണം 1937 ഏപ്രിൽ 26നു ഹിറ്റ്ലറുടെ വിമാനപട ബോംബിട്ടു നശിപ്പിച്ചതിനു ശേഷം പിക്കാസോ വരച്ച ഗെർണിക്ക .
ഇൻഫോർമേഷൻ ഓഫീസ്സിൽ നിന്നും ഞങ്ങൾ ഗെർണിക്ക മുനിസിപ്പൽ പ്ലാസയിലേക്കു നടന്നു സമയം 12 മണി , മുനിസിപ്പൽ കെട്ടിടത്തിന്റെ ആ പഴയ ഘടികാരത്തിൽ നിന്നും സംഗീതത്തോടുകൂടി സമയം അറിയിച്ചു . ഗെർണിക്കയുടെ സ്ഥാപകനായ ഡോൻ ടെയ്യോയുടെ പ്രതിമയും കണ്ടതിനു ശേഷം അതിനു പുറകിലായി സ്ഥിതി ചെയ്യുന്ന അൻഡ്രമരിയ പള്ളിയിലേക്കു നടന്നു, സന്ദർശന സമയമല്ലാത്തതിനാൽ അകത്തുകയറാൻ സാധിച്ചില്ല്ല അല്പനേരം അവിടെ ചിലവഴിച്ചശേഷം എല്ലാവരും കൂടി പിക്കാസൊ വരച്ച ചിത്രത്തിന്റെ സെറമിക്കിൽ നിർമ്മിച്ച റിപ്ലിക്ക കാണാൻ നടന്നു പള്ളിയിൽ നിന്നും അതെ റോഡിലൂടെ തന്നെ 100 മീറ്റർ നടന്നാൽ അവിടെയെത്താം. ഞങ്ങൾ അവിടെ ചെല്ലുമ്പോൽ കുറേ ജപ്പാനീസ് ടൂറിസ്റ്റുകൾ ഉണ്ടായിരുന്നു . സമയം 1 മണിയായി 2 മണി വരെ മാത്രമെ ബാസ്ക് കൾച്ചർ മ്യൂസിയത്തിനകത്തും അസ്സംബ്ലി ഹാളിനകത്തും പ്രവേശനമുള്ളൂ , 2 മിനുറ്റ് നടന്നാൽ മ്യൂസിയത്തിലെത്താം 4 നിലയുള്ള മ്യൂസിയം ഇന്നത്തെ ദിവസം പ്രവേശനം സൌജന്യമാണ്. ആദ്യത്തെ നിലയിൽ ബാസ്ക് റീജിയനിലെ പരമ്പരഗത രീതിയിലെ കെട്ടിടങ്ങളും ചരിത്രവും നമ്മൾക്ക് കാണാം ,ഒന്നാം നിലയിൽ നമ്മൾ കാണുന്നത് ബാസ്കിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏടുകളിൽ നിന്നും പകർത്തിയ സംഭവങ്ങളുടെ പെയിന്റിങ്ങുകളും ഫോട്ടോകളും പഴയ കറൻസികൾ നാണയങ്ങൾ എന്നിവയുമാണ് . രണ്ടാം നിലയിൽ ഞങ്ങൾ കണ്ടതു ബാസ്ക് സംസ്കാരത്തിനെ കുറിച്ചാണു , ബാസ്കിന്റെ ഭാഷയായ ഉസ്കേറ , ബാസ്ക് സ്പോർട്സ്, സംഗീതം, വിശ്വാസരീതികൾ എന്നിവ. തീർത്തും സ്പെയിനിൽ നിന്നും വ്യത്യസ്ഥമായ സംസ്കാരമാണു ഞങ്ങളവിടെ കണ്ടത്. അതു തന്നെയാണ് ബാസ്ക് റീജിയന്റെ പ്രത്യേകത അതുകൊണ്ടു തന്നെയാണവർ സ്പെയിനിൽ നിന്നും സ്വാതന്ത്ര്യം ചോദിച്ച് സ്വന്തം രാജ്യത്തിനു വേണ്ടി സ്പെയിനിനോടു പൊരുതുന്നതു .
അവിടെ നിന്നും ഞങ്ങൾ പോയതു അസ്സംബ്ലി കെട്ടിടത്തിലെക്കായിരുന്നു ബാസ്ക് രാഷ്ട്രീയ ചരിത്രത്തിൽ എടുത്തുപറയേണ്ട സ്ഥലമാണു ഗെർണിക്ക , നൂറ്റാണ്ടുകളായി ഗെർണിക്കയായിരുന്നു ബാസ്കിന്റെ ആസ്ഥാനം, 19-)0 നൂറ്റാണ്ടിൽ പണിത ആ കെട്ടിടത്തിനു മുൻപ് ബാസ്കിന്റെ ഭരണകർത്താക്കൾ ഒത്തുകൂടി തീരുമാനങ്ങളെടുത്തിരുന്നതു അവിടെ തന്നെയുള്ള ഓക്ക് മരത്തിന്റെ ചുറ്റുമിരുന്നായിരുന്നു 400 വർഷം പഴക്കമുള്ള ഓക്കുമരത്തിന്റെ ഒരു ഭാഗം ചരിത്രത്തിന്റെ ഓർമക്കായി അവർ ഇന്നും സൂക്ഷിച്ചു വെച്ചിട്ടുണ്ട്.അസ്സംബ്ലി കെട്ടിടത്തിനകത്തു കടന്ന ഞങ്ങൾ ആദ്യം പോയതു അസ്സംബ്ലി ചേംബറിലേക്കായിരുന്നു ഇവിടെയായിരുന്നു ബാസ്ക് ഭരണകർത്താക്കളുടെ മീറ്റിങ്ങ് നടന്നിരുന്നതു. അന്നത്ത കാലത്തു ബാസ്ക് പ്രദേശത്തു ഭരണകാര്യങ്ങളിൽ മതത്തിനു നിർണ്ണായക സ്വാധീനമുണ്ടായിരുന്നു , ചുമരുകളിൽ ഭരണകർത്താക്കളുടെ ധാരാളം പോർട്രെയിറ്റുകൾ അവരുടെ പ്രാധാന്യമനുസരിച്ച് അവർ ഭരിച്ചിരുന്ന വർഷം സഹിതം കൊടുത്തിട്ടുണ്ട് .അസ്സംബ്ലി ഹാളിന്റെ മുഖ്യ ആകർഷണം അതിന്റെ മേൽക്കൂരയിൽ കണ്ണാടിയിൽ തീർത്ത പെയിന്റിങ്ങാണു നൂറ്റാണ്ടുകൾക്ക് മുന്നെ ഓക്ക് മരത്തിന്റെ കീഴിൽ അവർ ഒത്തുകൂടിയിരുന്നു തീരുമാനങ്ങൾ എടുത്തിരുന്നതിന്റെ ചിത്രമായിരുന്നു അത്.
സമയം 2 മണി കഴിഞ്ഞു കാട്ടിൽ പോയി ഊണു കഴിക്കാനുള്ള ക്ഷമയൊന്നും ആരുടെ മുഖത്തും ഇല്ല , അതുകൊണ്ടുതന്നെ അസ്സംബ്ലി ഹാളിനു തൊട്ടടുത്തുള്ള യൂറോപ്യൻ ജനതയുടെ പാർക്ക് എന്നു പേരുള്ള പാർക്ക് കൂടി കണ്ടതിനു ശേഷം ഗെർണിക്കയിൽ നിന്നും തിരിക്കാൻ തീരുമാനിച്ചു .എന്നെ ആ പാർക്കിൽ ആകർഷിച്ചതു ഹെന്റ്റിമൂറെ നിർമ്മിച്ച വാർ ഹെൽമറ്റ് എന്ന 2 ടൺ ഭാരമുള്ള ബ്രോൺസ് രൂപമാണു .അല്പനേരം അവിടെ ചിലവഴിച്ച ഞങ്ങൾ ഓമയിലേക്കു പോകാൻ തീരുമാനിച്ചു .
‘ഓമ കാട്’കോർടെസുബി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഗെർണിക്കയിൽ നിന്നും ലെക്കെയ്റ്റയിലേക്കുള്ള വഴിയിൽ 4 കിലോമീറ്റർ അകലെ ഉള്ള പൈൻ മരങ്ങളുടെ താഴ്വര, പക്ഷെ ഗെർണിക്കയിൽ നിന്നും ഓമയിലേക്ക് ബസ്സില്ല, നടന്നു പോകാനും പറ്റില്ല. ഞങ്ങൾ 7 പേരുണ്ട് ആകെ ബെർണാഡിന്റെ ഒരു കാറും, രണ്ടുതവണയായി പോവുകയല്ലാതെ രക്ഷയില്ല 5 മിനുറ്റ് കൊണ്ട് ഞങ്ങൾ ഓമയിലെത്തി ആ റോഡ് അവസാനിക്കുന്നതു സാന്റിമാമിഞെ ഗുഹയുടെ താഴെയുള്ള കാർപാർക്കിങ്ങ് സ്ഥലത്താണു. എന്നെയും അനിതയെയും അവിടെ ഇറക്കി ബെർണാഡ് വീണ്ടും ബാക്കിയുള്ളവരെ കൊണ്ടുവരാൻ പോയി. ഞങ്ങൾ ഒരു കാസരിയോയുടെ മുന്നിലാണു നിൽക്കുന്നതു, കാസരിയൊ എന്നാൽ ഫാംഹൌസ്. ആ ഫാംഹൌസിന്റെ താഴത്തെ നില ഇടതുവശത്തു ബാറും വലതു വശത്തു ഹോട്ടലും.ആ കാസരിയോയുടെ മുന്നിലൂടെ രണ്ടു മൺ വഴികൾ കണ്ടു ആദ്യത്തെ വഴിയിൽ പെയ്ന്റെഡ് ഫോറസ്റ്റ് 2.2 കി മി, ഓമ 3.8 കി മി എന്നും രണ്ടാമത്തെ വഴിയിൽ ഓമ 4.2കിമി എന്നും ചൂണ്ടു പലക കണ്ടു. കാസരിയോ നിൽക്കുന്ന റോഡിലൂടെ 400 മീറ്റർ നടന്നാൽ സാന്റിമാമിഞെ ഗുഹയിലെത്താം. ബെർണാഡ് തിരിച്ചുവരുമ്പോഴെക്കും ഒന്നു കറങ്ങിവരാമെന്നു കരുതി ഞാനും അനിതയും സാന്റിമാമിഞെ ലക്ഷ്യമാക്കി നടന്നു,എരെഞോസർ മലയുടെ അടിവാരത്തായാണു ഗുഹാമുഖം. ഇവിടെ എത്തുന്ന സഞ്ചാരികൾക്കു വേണ്ടി വളരെ നല്ല അടിസ്ഥാനസൌകര്യങ്ങളാണു വിസ്കായ ഗവണ്മെന്റ് ഒരുക്കിയിരിക്കുന്നതു, വിശാലമായ വാഹനപാർക്കിങ്ങ് സൌകര്യം അതുകഴിഞ്ഞ് ആ കുന്നിൻ മുകളിൽ തന്നെ റ്റൂറിസ്റ്റ് ഇൻഫോർമേഷൻ ഓഫീസ്സ്, അതിനും മുകളിൽ ഓക്കു മരങ്ങൾ നിറഞ്ഞ പാർക്കിൽ നിറയെ കരിങ്കൽ കൊണ്ടുള്ള ഭക്ഷണം കഴിക്കാനുള്ള മേശയും ഇരിപ്പിടങ്ങളും .......നൂറു കണക്കിനു ആളുകൾ കുടുംബസഹിതം അവിടെ ഇരുന്നു ഭക്ഷണം കഴിക്കുന്നു, ഞങ്ങൾ നേരെ ടൂറിസ്റ്റ് ഓഫീസ്സിലെക്കു നടന്നു.
ടൂറിസ്റ്റ് ഓഫീസ്സ്
എവിടെയാണു ഗുഹാമുഖം എന്നോ എത്ര ദൂരമുണ്ടെന്നോ ഈ സമയത്തു ആ ഗുഹക്കകത്തു പ്രവേശിക്കാൻ സാധിക്കുമോ എന്നോ എനിക്കൊരു പിടിയുമില്ല എന്തായാലും അറിയാവുന്ന അരമുറി സ്പാനിഷിൽ ചോദിക്കുക തന്നെ.
“ ഓലാ ബുവണാസ് താർദെസ് ” ( ഗുഡ് ആഫ്റ്റർനൂൺ )
“സോമോസ് ഇൻഡ്യോസ് ” ( ഞങ്ങൾ ഇന്ത്യാക്കാരാണു )
“കിയ്റെമോസ് സാബെർ ദോൻഡെ എസ്താ ലാ കുഎവാ സാന്റിമാമിഞെ ഇ പൊദെമോസ് വെർ അഓറ” (എവിടെയാണു സാന്റിമാമിഞെ ഗുഹ ഈ സമയത്തു കാണാൻ സാധിക്കുമോ ).
“ ആ കാണുന്ന കരിങ്കൽ പടവുകളിലൂടെ 306 പടികൾ കയറിയാൽ ഗുഹാമുഖത്തെത്താം ,ഇപ്പോൾ ഗുഹക്കകത്തു പ്രവേശിക്കാൻ സാധിക്കില്ല, ഇന്നിനി 4.30 നും 5.00 നും പരമാവധി 20പേർ ഉൾക്കൊള്ളുന്ന സംഘത്തിനു ഗൈഡിന്റെ സഹായത്തോടെ ഗുഹ സന്ദർശിക്കാം. 4.30 നുള്ള സംഘത്തിനു ഉസ്കേറ ഭാഷയിൽ ഗൈഡിന്റെ വിവരണവും 5.00 മണിയുടെ സംഘത്തിനു സ്പാനിഷ് ഗൈഡിന്റെ സഹായവും ലഭിക്കും. ആകെ ഒന്നര മണിക്കൂർ സമയത്തെ ഈ സന്ദർശനത്തിൽ പകുതി സമയം ഗുഹക്കകത്തും പിന്നീട് ഓഫീസ്സിനു അടുത്തുള്ള 3ഡി തിയറ്ററിൽ ഗുഹക്കകത്തെ ചിത്രങ്ങളും ചരിത്രവും കാണാം. ഈയാഴ്ച്ച ഗുഹാപ്രവേശനം തീർത്തും സൌജന്യം“
“നൊസോത്രോസ് സീയ്റ്റെ പെർസൊണാസ്” (ഞങ്ങൾ 7 പേർ ഉണ്ട്)
“5.00 മണിയുടെ സ്പാനിഷ് ഗൈഡിന്റെ സംഘത്തിൽ 15 പേർ റിസർവ് ചെയ്തുകഴിഞ്ഞു ഇനി 5 പേർക്ക് കൂടി മാത്രമെ ആ സംഘത്തിൽ ടിക്കറ്റ് ബാക്കിയുള്ളൂ, എല്ലാവർക്കും ഒരുമിച്ച് കയറണമെങ്കിൽ 4.30 നു ഉസ്കേറ ഗൈഡിന്റെ കൂടെ പോകാം ”
എല്ലാ വിശദവിവരവും അന്വേഷിച്ചറിഞ്ഞ ശേഷം ഞാനും അനിതയും കൂടി ഗുഹാമുഖം വരെ പോയിവരാൻ തീരുമാനിച്ചു, ഓക്കു മരങ്ങൾക്കിടയിലൂടെ 306 കരിങ്കൽ പടികൾ കയറി ഞങ്ങൾ ഗുഹാമുഖത്തെത്തി.എന്നാൽ ഞങ്ങളവിടെ കണ്ടതു ഗുഹയിൽ അനുവാദമില്ലാതെ പ്രവേശിക്കാതിരിക്കാനായി താഴിട്ടുപൂട്ടിയിരിക്കുന്നു. അലപനേരം അവിടെ ചിലവഴിച്ച ശേഷം ഞങ്ങൾ പടികളിറങ്ങി വന്നു ബെർണാഡിനെയും സംഘത്തെയും കാത്തു നിന്നു.
സമയം 3.30 വിശന്നിട്ട് കുടലു കരിയുന്നു എല്ലാവരുടെ മുഖത്ത് അതു കാണാം, വീട്ടിൽനിന്നും കൊണ്ടുവന്ന ഭക്ഷണം ഞങ്ങളെല്ലാവരും കൂടി പങ്കിട്ടെടുത്തു ആ കരിങ്കൽ മേശയിലിരുന്നു കഴിച്ചു.ഇപ്പോൾ ഈ പാർക്കിനു പുറത്തു 30 ഡിഗ്രീയിൽ കൂടുതൽ ചൂട് ഉണ്ടെങ്കിലും പാർക്കിനകത്തു ഓക്കുമരങ്ങൾക്കിടയിലൂടെ വെയിൽ കടക്കാത്തതിനാൽ ചെറിയ തണുപ്പുണ്ട്.ഭക്ഷണമെല്ലാം കഴിച്ചു ഞങ്ങൾ ഗുഹയിൽ സന്ദർശിക്കുന്നതിനുള്ള പ്രവേശന ടിക്കറ്റ് വാങ്ങി ഗൈഡിനെയും കാത്തുനിന്നു.
സമയം 4.30 ഓഫീസ്സിൽനിന്നും പത്തുമുപ്പതു വയസ്സുപ്രായം വരുന്ന സ്പാനിഷ് യുവതി കരിങ്കൽ പടികളിൽ കയറിനിന്ന് ഗുഹസന്ദർശിക്കാൻ ടിക്കറ്റെടുത്തവരോട് പോകാനുള്ള സമയമായെന്നറിയിച്ചു. ഞങ്ങളുൾപ്പെടെ പത്തിരുപതുപേർ വരുന്ന സംഘം അവരുടെ ചുറ്റും കൂടി നിന്നു, ഉസ്കേറ ഭാഷയിലാണു അവർ സംസാരിക്കുന്നതു ഞങ്ങൾ ഇന്ത്യാക്കാർക്കു മനസ്സിലാകാനായി അവസാനം വളരെ ചുരുക്കി സ്പാനിഷിലും അവർ പറഞ്ഞു തന്നു.
ഞങ്ങൾ അവരെ പിന്തുടർന്നു പടികൾ കയറി ഗുഹാമുഖത്തെത്തി, ഗുഹയിൽ കയറുന്നതിനു മുൻപായി അവർ ആ ഗുഹയുടെ ചരിത്രം അൽപം പറഞ്ഞു തന്നു.
“ ഈ മലയുടെ താഴ്വാരത്തുള്ള സാന്റിയാഗോ ചാപ്പലിന്റെ ഉസ്കേറയിലുള്ള പേരാണു ഈ ഗുഹക്കു നൽകിയിരിക്കുന്നതു ‘സാന്റിമാമിഞെ’ 1916ൽ ഈ പ്രദേശത്തു കളിക്കുകയായിരുന്ന കുട്ടികളാണു ആദ്യമായി ഈ ഗുഹ കണ്ടെത്തിയതു അതിനു ശേഷം ആ കുട്ടികളിൽ നിന്നും അവരുടെ മാതാപിതാക്കളിലേക്കും അധ്യാപകരിലേക്കും ഈ വിവരം എത്തിചേർന്നു,പ്രശസ്ത ബാസ്ക് കമ്പോസറായിരുന്ന ഹെസുസ് ഗുരുഡിയാണു ഈ ഗുഹയെ പറ്റി വിസ്ക്കായ ഗവണ്മെന്റിനെ അറിയിക്കുന്നതു”
ഈ ഗുഹയിലെ ചിത്രങ്ങൾക്ക് 14000ത്തോളം വർഷം പഴക്കം കണക്കാക്കുന്നു, ആദ്യകാലങ്ങളിൽ ഒരു നിയന്ത്രണവുമില്ലാതെ ആളുകൾ പ്രവേശിച്ചു ചിത്രങ്ങൾ നശിക്കാൻ തുടങ്ങിയതോടെ ഗവണ്മെന്റ് ചിത്രങ്ങൾ സ്ഥിതിചെയ്യുന്ന ഭാഗത്തേക്കുള്ള പ്രവേശനം നിരോധിച്ചു, അതുകൊണ്ടു തന്നെ ആ ഗുഹയുടെ ആദ്യത്തെ ഒരു 60 മീറ്റർ ഭാഗത്തു മാത്രമായി പ്രവേശനം പരിമിതപെടുത്തിയിരിക്കുന്നു എന്ന് മുന്നറിയിപ്പു തന്നുകൊണ്ടവർ ഗുഹയുടെ ഗേറ്റ് തുറന്നു.
ഗുഹക്കകത്തെ കാട്ട്പോത്ത് കട: ബിസ്കായ റ്റൂറിസം സൈറ്റ്
ഗൈഡിന്റെ പുറകെ വരിവരിയായി ഞങ്ങളും ഗുഹക്കകത്തേക്ക് പ്രവേശിച്ചു, ഹൊ നല്ല തണുപ്പ്.. ഗുഹക്ക്മുകൾ ഭാഗത്തുനിന്നും വെള്ളം ഇറ്റിറ്റായി വീഴുന്നു , നാലോ അഞ്ചോ ഡിഗ്രീ കാണും അതിനകത്തെ താപനില.ഗുഹക്കകത്തെ വിസ്താരം കൂടിയ സഥലത്തു ഞങ്ങൾ ഗൈഡിന്റെ ചുറ്റും കൂടി നിന്നു, അവർ ഉസ്കേറയിൽ വീണ്ടും തുടർന്നു,
“ആ കാണുന്ന കറുത്ത വര കണ്ടോ ഒരാൾ ഉയരത്തിൽ ഗുഹക്കകത്തു ചുറ്റും, 1916 ൽ ആ കുട്ടികൾ കളിക്കാനായി ഇവിടെ വരുമ്പോൾ ആ കറുത്ത വര കാണുന്ന അത്രയും വരെ മണ്ണ് മൂടികിടക്കുകയായിരുന്നു ഈ ഗുഹക്കകം മുഴുവൻ. 1918ലും 1926ലും നടന്ന ഉദ്ഘനനത്തിൽ അൻപതോളം ശിലാചിത്രങ്ങളാണു കണ്ടെടുത്തതു.1997 വരെ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ഈ ഗുഹക്കകം മുഴുവനും 365 മീറ്റർ ദൂരം ചിത്രങ്ങളും കാത്സ്യം കാർബണേറ്റടിഞ്ഞു രൂപപെട്ടുണ്ടായ പലവർണത്തിലുള്ള രൂപങ്ങളും കാണാമായിരുന്നു,2006ൽ പൂർണ്ണമായും ഗുഹക്കകം പൊതുപ്രവെശനം അവസാനിപ്പിച്ചു. 2008 മാർച്ച് മുതൽ വീണ്ടും പ്രവേശനത്തിനു അനുമതി നൽകി ടൂറിസ്റ്റ് ഒഫീസ്സ് വഴി ഒരു ദിവസം 75 പേർ 60 മീറ്റർ ദൂരം എന്ന അക്കത്തിൽ ഒതുക്കി, ചിത്രങ്ങൾ സ്ഥിതി ചെയ്യുന്ന ഇടം ഉദ്ഘനനം നടത്തുന്നവർക്കും അറ്റകുറ്റപണി നടത്തുന്നവർക്കു മാത്രമായി പ്രവേശനം. ”
വെള്ളം മുകളിൽനിന്നും ഇറ്റിറ്റായി വീഴുന്നു
അരമണിക്കൂറോളം ഞങ്ങൾ അവിടെ ചിലവഴിച്ചെങ്കിലും ഗുഹ പൂർണ്ണമായും കണ്ടില്ലെങ്കിലും ആ ചിത്രങ്ങൾ കാണാൻ സാധിക്കാത്തതിൽ ഞങ്ങൾക്കെല്ലാവർക്കും നിരാശയുണ്ടായിരുന്നു ഞങ്ങളതു ഗൈഡിനോടു തുറന്നു പറയുകയും ചെയ്തു. അതിനു പരിഹാരമായി വിസ്ക്കായ ഗവണ്മെന്റ് ഒരുക്കിയ സംവിധാനമാണു സാന്മാമെസ് ചാപ്പലിൽ ഒരുക്കിയ വെർച്ച്വൽ 3ഡി ഗുഹാസന്ദർശനം അതിലൂടെ നമ്മൾക്ക് ഗുഹക്കകം മുഴുവനും കാണാം.പക്ഷെ അതെന്തായാലും ഞങ്ങൾക്കത്ര ആകർഷകമായി തോന്നിയില്ല എന്നു മാത്രമല്ല സമയം അഞ്ചുമണിയിലേറെയായിരിക്കുന്നു, ഇനി ഓമ ഫോറസ്റ്റിലെ പെയിന്റടിച്ച പൈൻ മരങ്ങൾ കൂടി കാണാനുണ്ട് അതിന് ഓമ കാടിലൂടെ 7.4 കിലോമീറ്റർ ദൂരം നടക്കണം 3 മണീക്കൂറെങ്കിലും സമയമെടുക്കും അതുകൊണ്ടുതന്നെ ഞങ്ങൾ വെർച്ച്വൽ3ഡി സിനിമ കാണേണ്ടെന്നു തീരുമാനിച്ച് ഗൈഡിനോടു യാത്രപറഞ്ഞു ഓമയിലേക്കു നടന്നു.കാട്ടുകറക്കം കഴിഞ്ഞു വരുമ്പോഴെക്കും ഇരുട്ടുവീഴുമോ എന്ന പേടി വേണ്ടാ ഇവിടെയിനി സെപ്റ്റംബർ മാസം വരെ രാത്രി പത്തുമണീയായാലും സൂര്യൻ നമ്മുടെ കൂടെയുണ്ടാകും.
‘ഓമ കാട്’ ബാസ്ക്ക് കലാകാരനായ അഗസ്റ്റിൻ ഇബറോളയുടെ വളരെ പ്രസിദ്ധമായ ലാന്റ് ആർട്ട്. 1960കളിൽ ആദ്യമായിൽ അമേരിക്കയിൽ തുടക്കം കുറിച്ച പ്രകൃതികലാരൂപം, കലാകാരൻ അവന്റെ കലാസൃഷ്ടിക്കായി പ്രകൃതിയെ തന്നെ ചാലകമായി ഉപയോഗിക്കുക. അതുതന്നെയാണു നമ്മൾക്ക് ഓമ പൈൻ മര കാടുകളിൽ കാണാവുന്നത് പലനിറങ്ങളിലുള്ള ചായങ്ങളുപയോഗിച്ചു 500ഓളം മരങ്ങളിൽ വരച്ച ചിത്രങ്ങൾ. രണ്ടും മൂന്നും മരങ്ങളെ ഒരു പ്രത്യേക ദിശയിൽ ഒരുമിച്ചു നോക്കിയാലെ നമ്മൾക്ക് ഒരു ചിത്രം പൂർണമായും കാണാൻ സാധിക്കൂ, എന്നിരുന്നാലും ചില ചിത്രങ്ങൾ ഒരു മരത്തിൽ തന്നെ മുഴുവനായും കാണാം.
ഞങ്ങൾ വീണ്ടും തിരിച്ചു ലെസിക്ക
റെസ്റ്റോറന്റിന്റെ മുന്നിലെത്തി അവിടെയുള്ള ചൂണ്ടുപലകയിൽ നോക്കി ഓമയിലെ പൈൻമര കാട്ടിലേക്കു ഞങ്ങൾ 7 പേരും നടന്നു
ഞങ്ങളെ കൂടാതെ ഒരു പാടു സ്പാനിഷ് കുടുംബങ്ങൾ മൂന്നുനാലു വയസ്സു പ്രായമുള്ള കുട്ടികളെയും കൊണ്ട് മലകയറുന്നുണ്ട്. സ്പാനിഷുകാരെ കൂടാതെ ജെർമ്മൻകാരെയും ഫ്രാൻസുകാരെയും ഞങ്ങൾ കണ്ടു,7 പേരും ഒരുമിച്ചു കാടുകയറുന്ന ഞങ്ങൾ അരമണിക്കൂറുകഴിഞ്ഞപ്പോഴെക്കും മൂന്നു സംഘമായി ഏറ്റവും മുന്നിൽ ഞാനും അനിതയും ഞങ്ങൾക്ക് കുറച്ചു പുറകിലായി ബെർണാഡും ഭാസകരനും ലോകനാഥനും, അവർക്കും ഏറ്റവും പുറകിലായി ദിവാകരനും ഭാര്യയും അവരുടെ നടത്തത്തിന്റെ വേഗത കണ്ടിട്ട് ഇന്നു കാടുകയറി അവർ വീട്ടിൽ തിരിച്ചെത്തുമെന്നു തോന്നുന്നില്ല സമയം 6 മണിയായി 9.30 നാണു ബിൽബാവോയിലേക്കുള്ള അവസാന ബസ്സ്. ഇരുവശത്തും പൈൻ മരങ്ങൾ അല്പം കൂടി മുന്നോട്ടു നടപ്പോൾ യൂക്കാലിസ് മരങ്ങൾ കണ്ടു, ഒരു ചെറു വാഹനം കടന്നു പോകുന്ന വീതിയിലുള്ള മൺപാതയാണെങ്കിലും പക്ഷെ വാഹനങ്ങൾക്ക് പ്രവേശനമില്ല.കുത്തനെ കയറ്റം കയറുന്നതു ഒഴിവാക്കാനായി മൺപാത ഹെയർപിൻ പോലെ വളഞ്ഞും പുളഞ്ഞും ഓമ കാട്ടിലേക്കു നമ്മെ നയിക്കുന്നു.ചില ആളുകൾ എങ്കിലും കുത്തനെയുള്ള കയറ്റം കയറിപോകുന്നുണ്ട്, സ്പാനിഷു കുടുംബത്തിലെ കൊച്ചുകുട്ടികൾ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കയ്യിൽ പിടിച്ചു കഥകൾ പറഞ്ഞ് കളിച്ചുചിരിച്ചു നടന്നു നീങ്ങുന്നു .
കുറച്ചുനേരം ഞങ്ങൾ വഴിയിൽ കാത്തുനിന്നിട്ടും ദിവാകരനെയും ഗീതയെയും കാണുന്നില്ല,ബെർണാഡും ഭാസ്കരനും പറഞ്ഞു അവർ തിരിച്ചുപോയി ലെസിക്ക റെസ്റ്റോറന്റിൽ നമ്മളെ കാത്തിരിക്കാമെന്ന്.ഏകദേശം ഒരു മണിക്കൂറായി നടത്തം തുടങ്ങിയിട്ട് ഇതു വരെ ഒരു മരത്തിലും ചിത്രങ്ങൾ പോയിട്ടു പെയിന്റിന്റെ ഒരു അംശംപോലും കാണുന്നില്ല ചെറുതായി മടുക്കാൻ തുടങ്ങി ആ ചിത്രങ്ങൾ കാണാൻ വേണ്ടി മാത്രമാണു ഈ 7.4 കിലോമീറ്റർ നടക്കുന്നതു. ബസോന്തയിൽ നിന്നും ഓമയിലേക്ക് 4 കിലോമീറ്റർ അവിടെ നിന്നും മുന്നോട്ടു നടന്നാൽ വന്ന വഴിയിലൂടെ തന്നെ തിരിച്ചുവരാതെ 3.4 കിലോമീറ്റർ നടന്നാൽ ബസോന്തൊയിലെ ലെസിക്ക റെസ്റ്റോറന്റിൽ തിരിച്ചെത്താം,ഇരുപതുമിനുറ്റത്തെ നടത്തത്തിനു ശേഷം വഴി രണ്ടായി പിരിയുന്നടത്തു ചൂണ്ടുപലക കണ്ടു ബോസ്കെ പിന്താദോ ഓമ 2 കി മി സാന്റിമാമിഞെ ഗുഹയിൽ നിന്നും ഇപ്പോൾ നടന്നു തുടങ്ങിയിട്ട് 2.4 കി മി.
ഇടതുവശത്തുള്ള 200 മീറ്റർ കുത്തനെയുള്ള ഇറക്കം ഇറങ്ങി ഞങ്ങൾ ഓമയിലെ ചായം പൂശിയ പൈൻമരക്കാട്ടിലെത്തി, രണ്ടു പൈൻ മരങ്ങളുടെ മധ്യത്തിലായിൽ ഒരു ചുണ്ടിന്റെ പാതിഭാഗങ്ങൾ അല്പം മുന്നോട്ടു താഴെ നോക്കിയപ്പോൾ താഴെ 1 എന്നെഴുതി ദിശ കൊടുത്തിരിക്കുന്നതു കണ്ടു, അവിടെ നിന്നും നോക്കിയപ്പോൾ ആ രണ്ട്മരങ്ങളും ചേർന്നു നിൽക്കുന്നു അതോടൊപ്പം ആ രണ്ട്മരത്തിലെ പാതിചുണ്ടുകൾ ഒന്നായിരിക്കുന്ന ഉമ്മതരുന്നതുപോലെ.
കലാകാരന്റെ ഭാഷയിൽ പറഞ്ഞാൽ കാട് നമ്മെ ഉമ്മ നൽകി സ്വീകരിക്കുകയാണു, അടുത്തതു രണ്ട്മരങ്ങൾ ചേർത്തു നോക്കിയാൽ കാണുന്ന റോംബസ് രൂപമാണു മഴവില്ലിന്റെ രൂപങ്ങൾ ആളുകളുടെ രൂപങ്ങൾ മോട്ടോർബൈക്കിൽ ആളുകൾ വരുന്നതിന്റെ ചിത്രങ്ങൾ .......അങ്ങിനെ ഏകദെശം 47 ചിത്രങ്ങളുണ്ട് .
മോട്ടോർബൈക്ക് കട: ബിസ്കായ വെബ്
എല്ലാ ചിത്രങ്ങളുടെയും അർത്ഥം ഈ സൈറ്റിൽ കലാകാരൻ പറയുന്നുണ്ട്.
ഈ യൂറ്റൂബ് വീഡിയോയിലൂടെ കുറച്ചുകൂടി നന്നായി കാണാം.
വീണ്ടും 3 കിലോമീറ്റർ കാടിനുള്ളിലൂടെ നടന്നു ഞങ്ങൾ തിരിച്ചു ലെസിക്ക റെസ്റ്റോറന്റിലെത്തി, സമയം 9 മണി എല്ലാവരും റെസ്റ്റോറന്റിൽ നിന്നും പിരിഞ്ഞ് അവരവരുടെ വീട്ടിലേക്കുപോകുന്നു. ചിലർ അവിടെയുള്ള കാരം ബോർഡ്പോലുള്ള ഒരു ബോർഡിൽ ഫുട്ബോൾ കളിക്കുന്നു.
ഒരു ചായകുടിച്ചു ഞങ്ങളും അഡിയോസ് പറഞ്ഞു പിരിഞ്ഞു ഇനി അടുത്ത യാത്രയിൽ കാണാം.
മൂന്ന് മാസമായി മഞ്ഞ് കാലവും ,ജീവിതത്തിന്റെ നല്ലപാതിയെ സ്പെയിനിലേക്കു കൊണ്ടുവരുന്നതിന്റെ തിരക്കിലുമായി യാത്രകളൊന്നുമില്ലാതെ എല്ലോറിയോയിൽ തന്നെ ഒതുങ്ങി കഴിഞ്ഞു .മഞ്ഞുകാലം മാറി ശരത്കാലം വന്നതിനോടൊപ്പം, ഇന്ത്യയിൽ നിന്ന് നല്ലപാതിയും എല്ലോറിയോയിൽ എന്റെ കൂട്ടിനെത്തി .ബിൽബാവൊ എയർപോർട്ടിൽ വെള്ളിയാഴ്ച്ച വന്നിറങ്ങിയ ഞങ്ങളെ കൊടും തണുപ്പിനു പകരം 13 ഡിഗ്രി ഇളം തണുപ്പോടു കൂടിയ തെളിഞ്ഞ മാനം ഞങ്ങളെ സ്വാഗതം ചെയ്തു .കേരളത്തിലെ 40 ഡിഗ്രിയിൽ നിന്നും വന്ന നല്ലപാതിയുടെ കൈകാലുകൾ തണുത്തു വിറച്ച് കൂട്ടിയിടിച്ചു കൊണ്ടിരുന്നു , എയർപോർട്ടിൽ നിന്നും വീട്ടിലേക്കുള്ള ഒന്നരമണിക്കൂർ യാത്ര എങ്ങും പച്ചപ്പു നിറഞ്ഞ മലനിരകൾ നോക്കി നല്ലപാതി പറഞ്ഞു “ശരിക്കും സിനിമയിൽ കാണുന്നതു പോലെ തന്നെ” .
എല്ലോറിയോയിലെ രണ്ടാമത്തെ ഇന്ത്യൻ കുടുംബമാണു ഞങ്ങൾ . എല്ലോറിയോയിലെ ആദ്യ കുടുംബമായ മാർക്കിനെയും കുടുംബത്തെയും നല്ലപാതിക്കു പരിചയപ്പെടുത്തി. ഞായറാഴ്ച്ച ബിൽബാവൊയിൽ നിന്നും അല്പം അകലെ എരാന്തിയൊയിൽ താമസിക്കുന്ന പായിസ് ബാസ്കൊ യൂണിവേഴ്സിറ്റിയിൽ രസതന്ത്ര വിഭാഗത്തിൽ ഗവേഷണം നടത്തുന്ന ദിവാകറിനെയും കുടുംബത്തെയും പരിചയപെടുത്താനായി എല്ലോറിയോയിൽ നിന്നും 9 മണിക്കുള്ള ബിൽബാവൊ ബസ്സിൽ ഞങ്ങൾ യാത്ര തിരിച്ചു . മെട്രോയിൽ എരാന്തിയോയിൽ നിന്നും 4 സ്റ്റോപ് മാത്രമെയുള്ളൂ അരീറ്റയിലേക്ക് അവിടെയാണു വിസ്ക്കായ പാലം .അവരെ പരിചയപെടുത്തുകയും ചെയ്യാം കൂടെ വിസ്കായ പാലവും കാണാം .
ബിൽബാവോയിൽ ബസ് റ്റെർമിനലിൽ ഇറങ്ങിയ ഞങ്ങൾ അവിടെ നിന്നു തന്നെ മെട്രൊയിൽ കയറി , സാൻ മാമെസ് എന്നാണു സ്റ്റോപ്പിന്റെ പേര് . റ്റിക്കറ്റ് എടുക്കുന്ന മെഷിനിൽ നിന്നും രണ്ട് 15 യൂറോയുടെ കാർഡ് വാങ്ങി , അതെ കാർഡ് തന്നെ ബസ് യാത്രക്കും മെട്രോ യാത്രക്കും അതിലെ പൈസ തീരുന്നതു വരെ ഉപയോഗിക്കാം , എല്ലാ കാര്യങ്ങളും ഞാൻ നല്ലപാതിയെ പഠിപ്പിച്ചു കൊണ്ടിരുന്നു .എരാന്തിയൊ സ്റ്റോപ്പിൽ ഞങ്ങളെ കാത്ത് ദിവാകർ കാത്തു നിൽക്കുന്നുണ്ടായിരുന്നു .ഇന്ത്യയിൽ നിന്നും വന്ന വിശേഷങ്ങൾ പറഞ്ഞു തീർത്ത് ഭക്ഷണവും കഴിച്ച് ഞങ്ങൾ 4 പേരും കൂടി കാഴ്ച്ചകൾ കാണാൻ ഇറങ്ങി .
എരാന്തിയോയിൽ നിന്നും മെട്രോയിൽ 4 സ്റ്റോപ്പിനു ശേഷമാണു അരീറ്റ , അരീറ്റയിലിറങ്ങിയ ഞങ്ങൾ വിസ്കായപാലം ലക്ഷ്യമാക്കി നടന്നു .5 മിനുറ്റ് നടത്തത്തിനു ശേഷം 50 മീറ്റർ ഉയരമുള്ള ലോകത്തിലെ ആദ്യത്തെ ട്രാൻസ്പോർട്ടിങ്ങ് തൂക്കുപാലത്തിലെത്തി ,നെർവിയോൺ നദിക്കരയുടെ രണ്ടു തീരങ്ങളിലുമായി 50 മീറ്റർ ഉയരത്തിൽ ഇരുമ്പ് കയറുകളാൽ കെട്ടി നിറുത്തിയിരിക്കുന്നു .
ഞങ്ങൾ അവിടെയെത്തിയപ്പോൾ അല്പം മേഘത്താൽ മൂടപ്പെട്ട ആകാശവും നേർത്ത തണുപ്പോടു കൂടിയ കാറ്റും , നദിയുടെ അപ്പുറം പോറ്റുഗലറ്റെ എന്ന പട്ടണം . നെർവിയോൺ നദിക്കരയിൽ ഇരുന്നപ്പോൾ ആദ്യമായി ഇവിടെ വന്നതു പോലെ തോന്നി എനിക്ക് , ദിവാകർ നദിക്കരയിലെ ബെഞ്ചിലിരുന്നു കൊണ്ട് ആ നാട്ടുകാരനെ പോലെ എല്ലാ കാഴ്ച്ചകളും വിവരിച്ചു തന്നു കൊണ്ടിരുന്നു , ഈ പാലത്തിന്‍റെ പണി 1888ല്‍ തുടങ്ങി ഏപ്രില്‍ 10 -1890 അവസാനിച്ചു.ALBERTO PALACIO എന്ന എന്‍ജിനീയര്‍ ആണ് ഇതു ഡിസൈന്‍ ചെയ്തത് .ഔദ്യോഗികമായി 1893 ജൂലൈ ലോകത്തിലെ ആദ്യത്തെ യാത്ര പാലം തുറന്നു .1936 ലെ സ്പാനിഷ് സിവില്‍ വാറിൽ ഈ പാലത്തിനു സാരമായ കേടു പാടു പറ്റി 1941 ഇല്‍ ഈ പാലം പുതുക്കി പണിതു.ജൂലൈ 13 ,2006 ഇല്‍ UNESCO world heritage ആയി പ്രഖ്യാപിച്ചു ......
50 മീറ്റര്‍ ഉയരവും 164 മീറ്റര്‍ നീളവുമുള്ള ആ ഇരുമ്പ് പാലത്തിനു ചേർന്നു തന്നെയുള്ള കാഴ്ച്ചകൾ കാണാനായുള്ള പ്ലാറ്റ്ഫോമിൽ കയറിയപ്പോൾ തന്നെ താഴെ ലോഹക്കയറില്‍ തൂങ്ങി മധ്യത്തിൽ വാഹനങ്ങളും ഇരു വശങ്ങളീലുള്ള കുഴലുപോലെയുള്ള ഭാഗത്തു ആളുകളെയും നിറുത്തി വരുന്ന ഗോണ്ടോല ഞാന്‍ ശ്രദ്ധിച്ചു , ഒരു വിധത്തിൽ പറഞ്ഞാൽ നമ്മുടെ നാട്ടിലെ ജങ്കാര്‍ തന്നെ ,പക്ഷെ ജലനിരപ്പിനും ഏതാനും അടി പോങ്ങിയാണ് ലോഹക്കയറില്‍ തൂങ്ങി ഈ ജങ്കാർ. ആറു വാഹനങ്ങളും ഏതാനും യാത്രക്കാരെയും കൊണ്ടു ഒന്നര മിനിട്ട് കൊണ്ടാണ് potugalate എന്ന തീര പട്ടണത്തില്‍ നിന്നും ബില്‍ബാവോ തീര പട്ടണത്തിലേക്ക് കൊണ്ടു വന്നത് .portugaleteയും ബിബാവോയെയും ബന്ധിപ്പിക്കുന്ന transporting ബ്രിഡ്ജ് ആണ് വിസ്കായ ബ്രിഡ്ജ് .എല്ലാ എട്ടു മിനിട്ട് ഇടവിട്ടും ഈ ജങ്കാര്‍ സര്‍വിസ് ഉണ്ട് .എന്നെ അതിശയ പെടുത്തിയ ഒരു കാര്യം ഈ ജങ്കാറില്‍ പോകാന്‍ മുപ്പതു സെന്റ് (ഇരുപതു രൂപ ) മുകളിലെ പാലത്തിലൂടെ നടന്നു പോകാന്‍ അഞ്ചു യൂറോ (മുന്നൂറു രൂപയ്ക്കു മുകളില്‍ )എന്നാല്‍ എന്തായാലും അങ്ങോട്ടുള്ള യാത്ര 50 മീറ്റർ ഉയരത്തിലുള്ള 164 മീറ്റർ നീളമുള്ള ആ പാലത്തിലൂടെയാകാമെന്നു തീരുമാനിച്ചു .
ഗൊണ്ടോലയിൽ കയറ്റാനുള്ള വാഹനങ്ങൾ റ്റിക്കറ്റെടുത്ത് വരി വരിയായി കിടക്കുന്നു , അതിൽ അക്കരെക്കു പോകാനുള്ള ആളുകൾ റ്റിക്കറ്റെടുത്തു കയറിതുടങ്ങി , ദിവാകറും കുടുംബവും അക്കരെക്കു പോകാനായി ഗൊണ്ടോലയിൽ കയറി . ഞങ്ങൾ റ്റൂറിസ്റ്റ് ഓഫിസിൽ കയറി മുകളിലെ പാലത്തിലൂടെ നടക്കാനുള്ള 5 യൂറോയുടെ റ്റിക്കറ്റെടുത്തു . 50 മീറ്റർ ഉയരത്തിലേക്ക് നമ്മളെയെത്തിക്കാൻ ലിഫ്റ്റ് ഉണ്ട് , ലിഫ്റ്റ് ഓപ്പറേറ്റർ ആയ സ്പാനിഷുകാരി ഞങ്ങളേയും കൊണ്ട് മുകളിലെ പാലത്തിലെത്തി , പാലത്തിനപ്പുറത്തെത്തിയാൽ തിരിച്ചു താഴെയിറങ്ങുവാൻ വേണ്ടി ലിഫ്റ്റ് വിളിക്കേണ്ട വിധവും പറഞ്ഞ് തന്നു ഒരു “ അഡിയോസ് ” പറഞ്ഞ് അവർ താഴെക്ക് പോയി .
നെർവിയോൺ നദിയുടെ മുകളീൽ നിന്നു കൊണ്ട് രണ്ടു നഗരങ്ങളൂടെയും സൌന്ദര്യം ആസ്വദിക്കാം , രണ്ടാൾ ഉയരത്തിൽ പാലത്തിന്റെ രണ്ടു വശവും ഇരുമ്പു വല കൊണ്ട് സുരക്ഷിതമായ വേലികെട്ടിയിരിക്കുന്നു .പാലത്തിനു മുകളിലെ മരപ്പലകൾക്കു നടുവിലെ ഇരുമ്പ് തൂണീൽ ഘടിപ്പിച്ച വെള്ള സ്പീക്കറിൽ നിന്നും സ്പാനിഷിൽ ഈ പാലത്തിന്റെ നിർമാണം മുതൽക്കുള്ള ചരിത്രം പറയുന്നതു കേൾക്കാം . അരീറ്റയിലെ കെട്ടിടങ്ങൾക്കു നടുവിലേക്കു വലിച്ചു കെട്ടി ഉറപ്പിച്ച പാലത്തിന്റെ ഇരുമ്പ്കയറും അതിനു താഴെയുള്ള ചെറിയ പൂന്തോട്ടവും കണ്ട് ഞങ്ങൾ പാലത്തിലൂടെ നടന്ന് ഓരോ കാഴ്ച്ചകളും ആസ്വദിച്ച് മറുകരയിൽ പോർറ്റുഗലറ്റെയിൽ എത്തി ലിഫ്റ്റ് വഴി പാലത്തിൽ നിന്നും താഴെ ഇറങ്ങി . എന്തായാലും 164 മീറ്റര്‍ നീളമുള്ള ആ പാലത്തിലൂടെ നടക്കുന്നതിനു വെറുതെയല്ല അവര്‍ അഞ്ചു യൂറോ വാങ്ങിയതെന്ന് അവിടെ നിന്നുള്ള കാഴ്ചകള്‍ കണ്ടപ്പോള്‍ മനസ്സിലായി . ഇവിടെ ക്ലിക്കിയാല്‍ ഇതിന്‍റെ വിക്കിപിഡിയ വെബ്സൈറ്റ് കാണാം.
റ്റിക്കറ്റ് ചെക്ക് ചെയ്ത് അകത്തു കയറുന്ന സ്ഥലം , ആ മഷിനിൽ റ്റികറ്റ് ഇൻസർട്ട് ചെയ്താൽ വാതിലുകൾ തനിയെ തുറക്കും , ഇവിടെ എല്ലാ മെട്രോയും ഇതെ രീതിയാണു റ്റിക്കറ്റ് പരിശോധിക്കുന്ന സംവിധാനം .
പാലത്തിന്റെ ഒരുവശത്തു നിന്നും ആ കെട്ടിടത്തിന്റെ മധ്യത്തിലേക്ക് കെട്ടി നിറുത്തിയിരിക്കുന്ന ഇരുമ്പ് കയറുകൾ വിസ്കായപാലത്തിനെ കെട്ടിനിറുത്തിയിരിക്കുന്നതാണ് .
അഴിമുഖം അതിന് ഇരു വശത്തുമായി potugalate യും ബില്‍ബാവോ യും
കാറുകളും യാത്രക്കാരുമായി പോകുന്ന ഗോണ്ടോല
അമ്പതു മീറ്റര്‍ ഉയരവും നൂറ്റി അറുപത്തി നാലു മീറ്റര്‍ നീളവുമുള്ള ഇരുമ്പ് പാലം .
വിസ്ക്കായപ്പാലം കണ്ട് തിരിച്ച് അരീറ്റ മെട്രോയിൽ എത്തിയ ഞങ്ങൾ ബിദെസബാൾ എന്ന സ്ഥലത്തേക്ക് ടിക്കറ്റെടുത്തു . നെർവിയോൺ നദീതീരത്തുകൂടെ പത്തു കിലോമീറ്റർ സ്പെയിനിന്റെ സൌന്ദര്യം ആസ്വദിച്ചു കൊണ്ടുള്ള ഒരു സായാഹ്ന നടത്തം അതാണു ഈ യാത്രയുടെ ഉദ്ദേശം, നദീതീരത്തെത്തുന്നതിനു മുൻപെ മരശിഖിരങ്ങൾ കൈകോർത്തു നിൽക്കുന്ന നടപ്പാതയിൽ കസേരയിട്ടു കാപ്പിയും കുടിച്ച് കഫെതെരിയയിലെ റ്റിവിയിൽ അറ്റ്ലറ്റിക്ക് ബിൽബാവൊ ക്ലബിന്റെ ഫുട്ബോൾ മത്സരവും കണ്ട് ഗോളിനു വേണ്ടി ആർപ്പുവിളിക്കുന്ന സ്പാനിഷു കുടുംബങ്ങൾ . നാലു വയസ്സ്കാരൻ മുതൽ എൻപതുവയസ്സുകാരൻ വരെ ഒരുമിച്ച് അറ്റ്ലറ്റിക്കിനു ജയ് വിളിക്കുന്നു , ഫുട്ബോൾ കളി ഇവരുടെ രക്തത്തിൽ അലിഞ്ഞ്ചേർന്നിട്ടുള്ളതാണെന്നു പറഞ്ഞു കേട്ടതു സത്യം തന്നെ .
പച്ചപുല്ല് നിറഞ്ഞ നെർവിയോൺ നദിക്കരയുടെ തീരത്തുള്ള നടപ്പാതയിലൂടെ ഞങ്ങൾ നാലു പേരും കാഴ്ച്ചകൾ ആസ്വദിച്ചു നടന്നു , വെയിലുണ്ടെങ്കിലും തണുത്ത കാറ്റുള്ളതുകൊണ്ട് തെർമൽകോട്ടിനുള്ളിൽ ഒതുങ്ങിയാണു നടത്തം . കാഴ്ച്ചകൾ കണ്ട് ഗാലിയോ ഫോർട്ട് വരെ ഒരു മണിക്കൂർ നടന്നു പതിനേഴാം നൂറ്റാണ്ടിൽ സൈനിക വാച്ച് ടവർ ആയിരുന്നു ഗാലിയൊ ഫോർട്ട് ഇപ്പോൾ ഒരു ഉപയോഗവുമില്ലതെ ആരാലും സംരക്ഷിക്കപ്പെടാത്ത കെട്ടിടമായി അനാഥമായി കിടക്കുന്നു . നമ്മുടെ നാട്ടിലായിരുന്നെങ്കിൽ പണ്ടെ സാമൂഹ്യവിരുദ്ധർ അതു കൈകലാക്കിയെനെ എന്നു ഞാൻ മനസ്സിലോർത്തു . ഒരു അഞ്ച് മിനുറ്റ് അവിടെ ചിലവഴിച്ച് ഞങ്ങൾ തിരിച്ചു നടന്നു .
രാത്രി പത്തു മണിക്കാണു ബിൽബാവൊയിൽ നിന്നും എല്ലോറിയോയിലെക്കുള്ള അവസാന ബസ്സ് , ഇവിടെ ഇപ്പോൾ ഇരുട്ടു വീഴുന്നതു തന്നെ രാത്രി പത്തു മണീക്കായതു കൊണ്ട് സൂര്യനെ നോക്കി സമയം വൈകിയതറിയാതെ പെട്ട്പോകും .ഒരു നല്ല യാത്രാ സമ്മാനിച്ച ദിവാകരനും കുടുംബത്തിനും നന്ദി പറഞ്ഞ് ഞങ്ങൾ എല്ലോറിയോയിലെക്കു തിരിച്ചു .