Saturday 8 May 2010

വിസ്കായ ബ്രിഡ്ജ് (the oldest transport bridge in the world ),സ്പെയിന്‍

Buzz This
Buzz It

മൂന്ന് മാസമായി മഞ്ഞ് കാലവും ,ജീവിതത്തിന്റെ നല്ലപാതിയെ സ്പെയിനിലേക്കു കൊണ്ടുവരുന്നതിന്റെ തിരക്കിലുമായി യാത്രകളൊന്നുമില്ലാതെ എല്ലോറിയോയിൽ തന്നെ ഒതുങ്ങി കഴിഞ്ഞു .മഞ്ഞുകാലം മാറി ശരത്കാലം വന്നതിനോടൊപ്പം, ഇന്ത്യയിൽ നിന്ന് നല്ലപാതിയും എല്ലോറിയോയിൽ എന്റെ കൂട്ടിനെത്തി .ബിൽബാവൊ എയർപോർട്ടിൽ വെള്ളിയാഴ്ച്ച വന്നിറങ്ങിയ ഞങ്ങളെ കൊടും തണുപ്പിനു പകരം 13 ഡിഗ്രി ഇളം തണുപ്പോടു കൂടിയ തെളിഞ്ഞ മാനം ഞങ്ങളെ സ്വാഗതം ചെയ്തു .കേരളത്തിലെ 40 ഡിഗ്രിയിൽ നിന്നും വന്ന നല്ലപാതിയുടെ കൈകാലുകൾ തണുത്തു വിറച്ച് കൂട്ടിയിടിച്ചു കൊണ്ടിരുന്നു , എയർപോർട്ടിൽ നിന്നും വീട്ടിലേക്കുള്ള ഒന്നരമണിക്കൂർ യാത്ര എങ്ങും പച്ചപ്പു നിറഞ്ഞ മലനിരകൾ നോക്കി നല്ലപാതി പറഞ്ഞു “ശരിക്കും സിനിമയിൽ കാണുന്നതു പോലെ തന്നെ” .



View Larger Map



എല്ലോറിയോയിലെ രണ്ടാമത്തെ ഇന്ത്യൻ കുടുംബമാണു ഞങ്ങൾ . എല്ലോറിയോയിലെ ആദ്യ കുടുംബമായ മാർക്കിനെയും കുടുംബത്തെയും നല്ലപാതിക്കു പരിചയപ്പെടുത്തി. ഞായറാഴ്ച്ച ബിൽബാവൊയിൽ നിന്നും അല്പം അകലെ എരാന്തിയൊയിൽ താമസിക്കുന്ന പായിസ് ബാസ്കൊ യൂണിവേഴ്സിറ്റിയിൽ രസതന്ത്ര വിഭാഗത്തിൽ ഗവേഷണം നടത്തുന്ന ദിവാകറിനെയും കുടുംബത്തെയും പരിചയപെടുത്താനായി എല്ലോറിയോയിൽ നിന്നും 9 മണിക്കുള്ള ബിൽബാവൊ ബസ്സിൽ ഞങ്ങൾ യാത്ര തിരിച്ചു . മെട്രോയിൽ എരാന്തിയോയിൽ നിന്നും 4 സ്റ്റോപ് മാത്രമെയുള്ളൂ അരീറ്റയിലേക്ക് അവിടെയാണു വിസ്ക്കായ പാലം .അവരെ പരിചയപെടുത്തുകയും ചെയ്യാം കൂടെ വിസ്കായ പാലവും കാണാം .




ബിൽബാവോയിൽ ബസ് റ്റെർമിനലിൽ ഇറങ്ങിയ ഞങ്ങൾ അവിടെ നിന്നു തന്നെ മെട്രൊയിൽ കയറി , സാൻ മാമെസ് എന്നാണു സ്റ്റോപ്പിന്റെ പേര് .  റ്റിക്കറ്റ് എടുക്കുന്ന മെഷിനിൽ നിന്നും രണ്ട് 15 യൂറോയുടെ കാർഡ് വാങ്ങി ,  അതെ കാർഡ് തന്നെ ബസ് യാത്രക്കും മെട്രോ യാത്രക്കും അതിലെ പൈസ തീരുന്നതു വരെ ഉപയോഗിക്കാം , എല്ലാ കാര്യങ്ങളും ഞാൻ നല്ലപാതിയെ പഠിപ്പിച്ചു കൊണ്ടിരുന്നു .എരാന്തിയൊ സ്റ്റോപ്പിൽ ഞങ്ങളെ കാത്ത് ദിവാകർ കാത്തു നിൽക്കുന്നുണ്ടായിരുന്നു .ഇന്ത്യയിൽ നിന്നും വന്ന വിശേഷങ്ങൾ പറഞ്ഞു തീർത്ത് ഭക്ഷണവും കഴിച്ച് ഞങ്ങൾ 4 പേരും കൂടി കാഴ്ച്ചകൾ കാണാൻ ഇറങ്ങി .

എരാന്തിയോയിൽ നിന്നും മെട്രോയിൽ 4 സ്റ്റോപ്പിനു ശേഷമാണു അരീറ്റ , അരീറ്റയിലിറങ്ങിയ ഞങ്ങൾ വിസ്കായപാലം ലക്ഷ്യമാക്കി നടന്നു .5 മിനുറ്റ്  നടത്തത്തിനു ശേഷം 50 മീറ്റർ ഉയരമുള്ള ലോകത്തിലെ ആദ്യത്തെ ട്രാൻസ്പോർട്ടിങ്ങ് തൂക്കുപാലത്തിലെത്തി ,നെർവിയോൺ നദിക്കരയുടെ രണ്ടു തീരങ്ങളിലുമായി 50 മീറ്റർ ഉയരത്തിൽ ഇരുമ്പ് കയറുകളാൽ കെട്ടി നിറുത്തിയിരിക്കുന്നു .

ഞങ്ങൾ അവിടെയെത്തിയപ്പോൾ അല്പം മേഘത്താൽ മൂടപ്പെട്ട ആകാശവും നേർത്ത തണുപ്പോടു കൂടിയ കാറ്റും , നദിയുടെ അപ്പുറം പോറ്റുഗലറ്റെ എന്ന പട്ടണം . നെർവിയോൺ നദിക്കരയിൽ ഇരുന്നപ്പോൾ ആദ്യമായി ഇവിടെ വന്നതു പോലെ തോന്നി എനിക്ക് , ദിവാകർ നദിക്കരയിലെ ബെഞ്ചിലിരുന്നു കൊണ്ട് ആ നാട്ടുകാരനെ പോലെ എല്ലാ കാഴ്ച്ചകളും വിവരിച്ചു തന്നു കൊണ്ടിരുന്നു , ഈ പാലത്തിന്‍റെ പണി 1888ല്‍ തുടങ്ങി ഏപ്രില്‍ 10 -1890 അവസാനിച്ചു.ALBERTO PALACIO എന്ന എന്‍ജിനീയര്‍ ആണ് ഇതു ഡിസൈന്‍ ചെയ്തത് .ഔദ്യോഗികമായി 1893 ജൂലൈ ലോകത്തിലെ ആദ്യത്തെ യാത്ര പാലം തുറന്നു .1936 ലെ സ്പാനിഷ് സിവില്‍ വാറിൽ ഈ പാലത്തിനു സാരമായ കേടു പാടു പറ്റി 1941 ഇല്‍ ഈ പാലം പുതുക്കി പണിതു.ജൂലൈ 13 ,2006 ഇല്‍ UNESCO world heritage ആയി പ്രഖ്യാപിച്ചു ......


50 മീറ്റര്‍ ഉയരവും 164 മീറ്റര്‍ നീളവുമുള്ള ആ ഇരുമ്പ് പാലത്തിനു ചേർന്നു തന്നെയുള്ള കാഴ്ച്ചകൾ കാണാനായുള്ള പ്ലാറ്റ്ഫോമിൽ കയറിയപ്പോൾ തന്നെ താഴെ ലോഹക്കയറില്‍ തൂങ്ങി മധ്യത്തിൽ വാഹനങ്ങളും ഇരു വശങ്ങളീലുള്ള കുഴലുപോലെയുള്ള ഭാഗത്തു ആളുകളെയും നിറുത്തി വരുന്ന ഗോണ്ടോല ഞാന്‍ ശ്രദ്ധിച്ചു , ഒരു വിധത്തിൽ പറഞ്ഞാൽ നമ്മുടെ നാട്ടിലെ ജങ്കാര്‍ തന്നെ ,പക്ഷെ ജലനിരപ്പിനും ഏതാനും അടി പോങ്ങിയാണ് ലോഹക്കയറില്‍ തൂങ്ങി ഈ ജങ്കാർ. ആറു വാഹനങ്ങളും ഏതാനും യാത്രക്കാരെയും കൊണ്ടു ഒന്നര മിനിട്ട് കൊണ്ടാണ് potugalate എന്ന തീര പട്ടണത്തില്‍ നിന്നും ബില്‍ബാവോ തീര പട്ടണത്തിലേക്ക് കൊണ്ടു വന്നത് .portugaleteയും ബിബാവോയെയും ബന്ധിപ്പിക്കുന്ന transporting ബ്രിഡ്ജ് ആണ് വിസ്കായ ബ്രിഡ്ജ് .എല്ലാ എട്ടു മിനിട്ട് ഇടവിട്ടും ഈ ജങ്കാര്‍ സര്‍വിസ് ഉണ്ട് .എന്നെ അതിശയ പെടുത്തിയ ഒരു കാര്യം ഈ ജങ്കാറില്‍ പോകാന്‍ മുപ്പതു സെന്റ് (ഇരുപതു രൂപ ) മുകളിലെ പാലത്തിലൂടെ നടന്നു പോകാന്‍ അഞ്ചു യൂറോ (മുന്നൂറു രൂപയ്ക്കു മുകളില്‍ )എന്നാല്‍ എന്തായാലും അങ്ങോട്ടുള്ള യാത്ര 50 മീറ്റർ ഉയരത്തിലുള്ള 164 മീറ്റർ നീളമുള്ള ആ പാലത്തിലൂടെയാകാമെന്നു തീരുമാനിച്ചു .




ഗൊണ്ടോലയിൽ കയറ്റാനുള്ള വാഹനങ്ങൾ റ്റിക്കറ്റെടുത്ത് വരി വരിയായി കിടക്കുന്നു , അതിൽ അക്കരെക്കു പോകാനുള്ള ആളുകൾ റ്റിക്കറ്റെടുത്തു കയറിതുടങ്ങി , ദിവാകറും കുടുംബവും അക്കരെക്കു പോകാനായി ഗൊണ്ടോലയിൽ കയറി . ഞങ്ങൾ റ്റൂറിസ്റ്റ് ഓഫിസിൽ കയറി മുകളിലെ പാലത്തിലൂടെ നടക്കാനുള്ള 5 യൂറോയുടെ റ്റിക്കറ്റെടുത്തു . 50 മീറ്റർ ഉയരത്തിലേക്ക് നമ്മളെയെത്തിക്കാൻ ലിഫ്റ്റ് ഉണ്ട് , ലിഫ്റ്റ് ഓപ്പറേറ്റർ ആയ സ്പാനിഷുകാരി ഞങ്ങളേയും കൊണ്ട് മുകളിലെ പാലത്തിലെത്തി , പാലത്തിനപ്പുറത്തെത്തിയാൽ തിരിച്ചു താഴെയിറങ്ങുവാൻ വേണ്ടി ലിഫ്റ്റ് വിളിക്കേണ്ട വിധവും പറഞ്ഞ് തന്നു ഒരു “ അഡിയോസ് ” പറഞ്ഞ് അവർ താഴെക്ക് പോയി .



നെർവിയോൺ നദിയുടെ മുകളീൽ നിന്നു കൊണ്ട് രണ്ടു നഗരങ്ങളൂടെയും സൌന്ദര്യം ആസ്വദിക്കാം , രണ്ടാൾ ഉയരത്തിൽ പാലത്തിന്റെ രണ്ടു വശവും ഇരുമ്പു വല കൊണ്ട് സുരക്ഷിതമായ വേലികെട്ടിയിരിക്കുന്നു .പാലത്തിനു മുകളിലെ മരപ്പലകൾക്കു നടുവിലെ ഇരുമ്പ് തൂണീൽ ഘടിപ്പിച്ച വെള്ള സ്പീക്കറിൽ നിന്നും സ്പാനിഷിൽ ഈ പാലത്തിന്റെ നിർമാണം മുതൽക്കുള്ള ചരിത്രം പറയുന്നതു കേൾക്കാം . അരീറ്റയിലെ കെട്ടിടങ്ങൾക്കു നടുവിലേക്കു വലിച്ചു കെട്ടി ഉറപ്പിച്ച പാലത്തിന്റെ ഇരുമ്പ്കയറും അതിനു താഴെയുള്ള ചെറിയ പൂന്തോട്ടവും കണ്ട് ഞങ്ങൾ പാലത്തിലൂടെ നടന്ന് ഓരോ കാഴ്ച്ചകളും ആസ്വദിച്ച് മറുകരയിൽ പോർറ്റുഗലറ്റെയിൽ എത്തി ലിഫ്റ്റ് വഴി പാലത്തിൽ നിന്നും താഴെ ഇറങ്ങി . എന്തായാലും 164 മീറ്റര്‍ നീളമുള്ള ആ പാലത്തിലൂടെ നടക്കുന്നതിനു വെറുതെയല്ല അവര്‍ അഞ്ചു യൂറോ വാങ്ങിയതെന്ന് അവിടെ നിന്നുള്ള കാഴ്ചകള്‍ കണ്ടപ്പോള്‍ മനസ്സിലായി .
ഇവിടെ ക്ലിക്കിയാല്‍ ഇതിന്‍റെ വിക്കിപിഡിയ വെബ്സൈറ്റ് കാണാം.



റ്റിക്കറ്റ് ചെക്ക് ചെയ്ത് അകത്തു കയറുന്ന സ്ഥലം , ആ മഷിനിൽ റ്റികറ്റ് ഇൻസർട്ട് ചെയ്താൽ വാതിലുകൾ തനിയെ തുറക്കും , ഇവിടെ എല്ലാ മെട്രോയും ഇതെ രീതിയാണു റ്റിക്കറ്റ് പരിശോധിക്കുന്ന സംവിധാനം .









പാലത്തിന്റെ ഒരുവശത്തു നിന്നും ആ കെട്ടിടത്തിന്റെ മധ്യത്തിലേക്ക് കെട്ടി നിറുത്തിയിരിക്കുന്ന ഇരുമ്പ് കയറുകൾ വിസ്കായപാലത്തിനെ കെട്ടിനിറുത്തിയിരിക്കുന്നതാണ് .











അഴിമുഖം അതിന് ഇരു വശത്തുമായി potugalate യും ബില്‍ബാവോ യും


കാറുകളും യാത്രക്കാരുമായി പോകുന്ന ഗോണ്ടോല 


അമ്പതു മീറ്റര്‍ ഉയരവും നൂറ്റി അറുപത്തി നാലു മീറ്റര്‍ നീളവുമുള്ള ഇരുമ്പ് പാലം .














വിസ്ക്കായപ്പാലം കണ്ട് തിരിച്ച് അരീറ്റ മെട്രോയിൽ എത്തിയ ഞങ്ങൾ ബിദെസബാൾ എന്ന സ്ഥലത്തേക്ക് ടിക്കറ്റെടുത്തു . നെർവിയോൺ നദീതീരത്തുകൂടെ പത്തു കിലോമീറ്റർ സ്പെയിനിന്റെ സൌന്ദര്യം ആസ്വദിച്ചു കൊണ്ടുള്ള ഒരു സായാഹ്ന നടത്തം അതാണു ഈ യാത്രയുടെ ഉദ്ദേശം, നദീതീരത്തെത്തുന്നതിനു മുൻപെ മരശിഖിരങ്ങൾ കൈകോർത്തു നിൽക്കുന്ന നടപ്പാതയിൽ കസേരയിട്ടു കാപ്പിയും കുടിച്ച് കഫെതെരിയയിലെ റ്റിവിയിൽ അറ്റ്ലറ്റിക്ക് ബിൽബാവൊ ക്ലബിന്റെ ഫുട്ബോൾ മത്സരവും കണ്ട് ഗോളിനു വേണ്ടി ആർപ്പുവിളിക്കുന്ന സ്പാനിഷു കുടുംബങ്ങൾ . നാലു വയസ്സ്കാരൻ മുതൽ എൻപതുവയസ്സുകാരൻ വരെ ഒരുമിച്ച് അറ്റ്ലറ്റിക്കിനു ജയ് വിളിക്കുന്നു , ഫുട്ബോൾ കളി ഇവരുടെ രക്തത്തിൽ അലിഞ്ഞ്ചേർന്നിട്ടുള്ളതാണെന്നു പറഞ്ഞു കേട്ടതു സത്യം തന്നെ .







പച്ചപുല്ല് നിറഞ്ഞ നെർവിയോൺ നദിക്കരയുടെ തീരത്തുള്ള നടപ്പാതയിലൂടെ ഞങ്ങൾ നാലു പേരും കാഴ്ച്ചകൾ ആസ്വദിച്ചു നടന്നു , വെയിലുണ്ടെങ്കിലും തണുത്ത കാറ്റുള്ളതുകൊണ്ട് തെർമൽകോട്ടിനുള്ളിൽ ഒതുങ്ങിയാണു നടത്തം . കാഴ്ച്ചകൾ കണ്ട് ഗാലിയോ ഫോർട്ട് വരെ ഒരു മണിക്കൂർ നടന്നു പതിനേഴാം നൂറ്റാണ്ടിൽ സൈനിക വാച്ച് ടവർ ആയിരുന്നു ഗാലിയൊ ഫോർട്ട് ഇപ്പോൾ ഒരു ഉപയോഗവുമില്ലതെ ആരാലും സംരക്ഷിക്കപ്പെടാത്ത കെട്ടിടമായി അനാഥമായി കിടക്കുന്നു . നമ്മുടെ നാട്ടിലായിരുന്നെങ്കിൽ പണ്ടെ സാമൂഹ്യവിരുദ്ധർ അതു കൈകലാക്കിയെനെ എന്നു ഞാൻ മനസ്സിലോർത്തു . ഒരു അഞ്ച് മിനുറ്റ് അവിടെ ചിലവഴിച്ച് ഞങ്ങൾ തിരിച്ചു നടന്നു .



രാത്രി പത്തു മണിക്കാണു ബിൽബാവൊയിൽ നിന്നും എല്ലോറിയോയിലെക്കുള്ള അവസാന ബസ്സ് , ഇവിടെ ഇപ്പോൾ ഇരുട്ടു വീഴുന്നതു തന്നെ രാത്രി പത്തു മണീക്കായതു കൊണ്ട് സൂര്യനെ നോക്കി സമയം വൈകിയതറിയാതെ പെട്ട്പോകും .ഒരു നല്ല യാത്രാ സമ്മാനിച്ച ദിവാകരനും കുടുംബത്തിനും നന്ദി പറഞ്ഞ് ഞങ്ങൾ എല്ലോറിയോയിലെക്കു തിരിച്ചു .

22 comments:

ശിവ 3 April 2009 at 18:43  

നല്ല വ്യക്തതയുള്ള ചിത്രങ്ങള്‍....

ഞാനും എന്‍റെ ലോകവും 3 April 2009 at 19:05  

സ്പെയിനിലെ കാഴ്ചകള്‍ കാണാന്‍ നിങ്ങളെ എല്ലാവരെയും ക്ഷണിക്കുന്നു
സ്നേഹത്തോടെ
സജി തോമസ്

ശ്രീ 3 April 2009 at 19:32  

നന്നായിട്ടുണ്ട് :)

ബിനോയ് 3 April 2009 at 23:41  

നല്ല ചിത്രങ്ങള്‍, വിവരണവും.

the man to walk with 4 April 2009 at 00:32  

viva la spain..:)

ചാണക്യന്‍ 4 April 2009 at 01:38  

നല്ല ചിത്രങ്ങള്‍.....

ശ്രീഹരി::Sreehari 4 April 2009 at 14:55  

നല്ല ചിത്രങ്ങള്‍....
നല്ല ഫ്രെയിംസ്....

അഭിനന്ദനങ്ങള്‍

lakshmy 5 April 2009 at 11:44  

മനോഹരമായ ചിത്രങ്ങൾ

പാവപ്പെട്ടവന്‍ 6 April 2009 at 04:25  

മനോഹരം നല്ല വ്യക്തതയുള്ള ചിത്രങ്ങള്‍....

നല്ല എഴുത്ത്
അഭിനന്ദനങ്ങള്‍

അപ്പു 6 April 2009 at 05:00  

സജീ, വളരെ നന്നായിട്ടുണ്ട്. ഇതുപോലെ ഓരൊ ബ്ലോഗര്‍ മാരും അവരവര്‍ താമസിക്കുന്ന സ്ഥലങ്ങള്‍ പരിചയപ്പെടൂത്തിയിരുന്നെങ്കില്‍.. ആദ്യത്തെ രണ്ടു ചിത്രങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നതെന്തിനാണ്?

റാണി അജയ് 6 April 2009 at 05:25  

സജി നല്ല വിവരണം കൂടെ മനോഹരങ്ങളായ ചിത്രങ്ങളും .... ഒരു സ്പെയിന്‍ ടൂര്‍ കഴിഞ്ഞ പ്രതീതി...ഗോണ്ടോല ഒരു പുതിയ അനുഭവം തന്നെ ....

ഞാനും എന്‍റെ ലോകവും 7 April 2009 at 05:00  

ശിവ ,ശ്രീ ,ബിനോയ് ,the man to walk with ,ചാണക്യന്‍ ,ശ്രീഹരി ,ലക്ഷ്മി ,പാവപെട്ടവന്‍ ,റാണി ,അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി അടുത്ത കാഴ്ചകളില്‍ കാണാം
@അപ്പു രണ്ടാമത്തെ ഫോട്ടോ ആവര്‍ത്തിച്ചത് അബദ്ധം പറ്റിയതാണ് പിന്നെ തിരുത്തിയില്ല ,ആദ്യത്തെ ഫോട്ടോ സ്ഥലം ഒന്ന് തന്നെയാണെങ്കിലും അല്പം വിത്യാസം തോന്നി ഇട്ടതാണ് .
പിന്നെ എല്ലാ ബ്ലോഗ്ഗര്‍ മാരും അവരവരുടെ സ്ഥലങ്ങള്‍ ഇത് പോലെ
ഇട്ടാല്‍ .അതെ എന്നാല്‍ പിന്നെ നമുക്ക് വീട്ടിലിരുന്നു ലോകം മൊത്തം കാണാമായിരുന്നു .ഇനിയും കാഴ്ചകള്‍ കാണാന്‍ വരുമല്ലോ .

ഓടോ .ഇതുവരെയും എന്‍റെ ഫോളോവര്‍ ഗദ്ജറ്റ് ശരിയായില്ലട്ടോ ഇനി എന്ത് ചെയ്യണമെന്നറിയില്ല .ഈ കാഴ്ചകള്‍ ഫോളോ ചെയ്യണമെന്നുള്ളവര്‍ക്ക് അതിനു കഴിയുന്നില്ലല്ലോ എന്നൊരു വിഷമമുണ്ട് സ്നേഹത്തോടെ സജി

ഷിജു 8 May 2009 at 19:32  

സജി,
നന്നായിരിക്കുന്നു.
ചിത്രങ്ങളോടൊപ്പമുള്ള വിവരണങ്ങള്‍ ശരിക്കും ഒരു സഞ്ചാരം പോലെ അനുഭവപ്പെട്ടു.

അങ്കിള്‍ 8 May 2010 at 21:14  

യാത്രാ വിവരണങ്ങളെഴുതാൻ സജി പണ്ടേ പഠിച്ചുകഴിഞ്ഞല്ലോ. പടങ്ങളും ഗംഭീരം. ഭാവിയിലേക്ക് നല്ലൊരു ശേഖരം.

krishnakumar513 8 May 2010 at 21:45  

മനോഹരമായ വിവരണവും,അതിമനോഹര ചിത്രങ്ങളും.വെല്‍ ഡണ്‍,സജി...

poor-me/പാവം-ഞാന്‍ 8 May 2010 at 22:20  

Thank you for taking us to your place,...

മാത്തൂരാൻ 9 May 2010 at 03:07  

നല്ല ചിത്രങ്ങൾ

jyo.mds 9 May 2010 at 22:40  

സ്പെയിന്‍ കാഴ്ച്ചകള്‍ അതിമനോഹരം

സജി 11 May 2010 at 03:14  

ഈ ഫോട്ടോകള്‍ കൊതിപ്പിക്കുന്നല്ലോ ചങ്ങാതീ

ഒരു നുറുങ്ങ് 14 May 2010 at 18:54  

സജീ,പാലത്തിന്‍റെ പേര്‍‘വിസ്മയ ബ്രിഡ്ജ്’എന്ന്
ഞാന്‍ തെറ്റിവായിക്കുന്നു.സ്പെയിന്‍ കാഴ്ചകള്‍
ആകെ നയനാന്ദകരം !!
നിരക്ഷരന്‍ വഴിയാണിവിടെത്തുന്നത്,പോട്ടങ്ങളും
അവക്ക് ചേര്‍ന്ന നിലവാരമുള്ള വിവരണങ്ങളും തന്നെ.
ആശംസകള്‍.

Unknown 15 May 2010 at 07:27  

പാലം കാണാൻ വന്ന എല്ലാവർക്കും നന്ദി.

ഹേമാംബിക | Hemambika 25 May 2010 at 02:15  

nannayi.avide pokathe kazhinju.

Related Posts with Thumbnails

എന്‍റെ കൂടെ കാഴ്ചകള്‍ കാണാന്‍ ഇഷ്ടപെടുന്നവര്‍

എന്‍റെ കൂടെ കാഴ്ചകള്‍ കണ്ടവര്‍

VISITORS TODAY


contador

copy right

ചോദിച്ചിട്ട് എടുത്താല്‍ സന്തോഷം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP