ലെകൈറ്റ്യൊ

“നാളെ വൈകീട്ടെന്താ പരിപാടീ”
നല്ല പാതി അടുക്കളയിൽ നിന്നും ഉറക്കെ ചോദിച്ചു .
ങേ.. വൈകീട്ടെന്താ പരിപാടീന്നോ അതു നമ്മടെ മോഹൻലാലിന്റെ പരസ്യല്ലേ , ഞാൻ തിരിച്ചു ചോദിച്ചു.
“അല്ല കൊല്ലം രണ്ടേ ആയുള്ളൂ അപ്പോഴെക്കും മറന്നോ, നാളെ നമ്മടെ രണ്ടാം വിവാഹ വാർഷികമാ...” വീണ്ടും അടുക്കളയിൽ നിന്നും നല്ല പാതി പറഞ്ഞു.
ഓ... കൊല്ലം രണ്ടായില്ലെ ഇനിയെന്ത് ആഘോഷിക്കാനാ , അതും ഈ സാമ്പത്തികമാന്ദ്യം തലക്കടിച്ചിരിക്കുമ്പോൾ എന്നൊക്കെ ഞാൻ പറഞ്ഞ് നോക്കി പക്ഷെ ഒരു രക്ഷയുമില്ല, ശരി എന്നാൽ പിന്നെ നമുക്കൊരു യാത്ര പോകാം ഉച്ചഭക്ഷണം ഏതെങ്കിലും നല്ലൊരു ഹോട്ടലിൽ നിന്നും കഴിക്കാം എന്ന വ്യവസ്ഥയിൽ ഞങ്ങൾ എല്ലോറിയോയിൽ നിന്നും ലെക്കെയ്റ്റ്യോയിലെക്കു യാത്രയായി .
ലെക്കെയ്റ്റോയിലെക്ക് ഇതിനു മുമ്പ് ഒരു തവണ പോയിട്ടുണ്ടെങ്കിലും അധികസമയം അവിടെ ചിലവഴിക്കാൻ സാധിച്ചിരുന്നില്ല,അവിടത്തെ ആ പഴയ തീരദേശഗ്രാമം ഒന്നും ചുറ്റികറങ്ങി അവിടെയുള്ള പള്ളിയും കണ്ട് കുറച്ച് മീനും വാങ്ങി പോന്നു. (നല്ലൊരു മീൻപിടുത്ത ഗ്രാമമായതിനാലവിടെ നല്ല ഫ്രെഷ് മീൻ കിട്ടും)
വെക്കെഷനായതിനാൽ വെയിലടിക്കാതെ കിടക്കയിൽ നിന്നും എണീൽക്കാറില്ല അതുകൊണ്ട് സമയത്തിനുപോകാനായി അലാറം വെച്ചെണീറ്റ് ഫോട്ടൊ എടുക്കുന്ന മഷീനുമെല്ലാം ചാർജ്ജ് ചെയ്ത് 8.10ന്റെ ബസ്സിൽ ഞങ്ങൾ ഡുറങ്കോയിലെത്തി എല്ലോറിയോയിൽ നിന്നും നേരിട്ട് ലെക്കെയ്റ്റ്യോയിലെക്ക് ബസ്സില്ലാത്തതിനാൽ ഡുറങ്കോയിൽനിന്നും മാറികയറണം അതിനുവേണ്ടി മുക്കാൽ മണിക്കൂറോളം ബസ്സ്റ്റോപ്പിൽ കാത്തിരിക്കുന്ന സമയത്താണു ചുരുട്ട് വലിച്ചുതള്ളി കൊണ്ടിരിക്കുന്ന ഒരപ്പൂപ്പനെ കമ്പനി കിട്ടുന്നത്, ഗൌരവക്കാരനായ ആ അപ്പൂപ്പനോട് ചോദിച്ച് ഞങ്ങളിരിക്കുന്ന സ്റ്റോപ്പിൽ ലെക്കെയ്റ്റ്യോയിലെക്കുള്ള ബസ്സ് നിറുത്തുമോ എന്നുള്ളതു ഒന്ന് ഉറപ്പുവരുത്താം എന്നു കരുതി ഞാൻ സംസാരത്തിനു തുടക്കമിട്ടു, ഞങ്ങൾ ഇന്ത്യക്കാരാണെന്നു പറഞ്ഞപ്പോൾ,
“ ഓ നിങ്ങൾ ഇന്ത്യാക്കാരാണോ എന്തൊക്കെയുണ്ട് വിശേഷം എന്റെ മകളുടെ കൂട്ടുകാരി ഇന്ത്യയിൽ സാമൂഹ്യ സേവനം നടത്തുന്നുണ്ട് , അവരു പറഞ്ഞ് ഇന്ത്യയിലെ വിശേഷങ്ങളൊക്കെ അറിയാം. അവിടെ പണക്കാരും പാവപെട്ടവരും തമ്മിൽ സ്പെയിനുള്ളതിനേക്കാളും സാമ്പത്തിക അന്തരമുണ്ടെന്നു പറഞ്ഞതു ശരിയാണൊ? ”
ശരിയാ അവിടെ ഇന്ത്യയിൽ ദരിദ്രൻ കൂടുതൽ ദരിദ്രനും പണക്കാരൻ കൂടുതൽ പണക്കാരനുമായികൊണ്ടിരിക്കുന്നു ഞാൻ മറുപടി കൊടുത്തു .
അതിനു മറുപടിയായി അദ്ദേഹം പറഞ്ഞു,
“ഇവിടെ പിന്നെ ഞങ്ങൾക്കു ഗവർമെന്റ് സോഷ്യൽ സെക്ക്യൂരിറ്റിയും സഹായങ്ങളുമൊക്കെയുള്ളതിനാൽ കുഴപ്പമില്ല , വർഷങ്ങളായി ഞാൻ പെൻഷൻപറ്റിയിട്ട് അതുകൊണ്ട് എല്ലാ ബസ്സിലും 50 ശതമാനം ഡിസ്കൌണ്ടിൽ മുതിർന്ന പൌരന്മാർക്കു കിട്ടുന്ന ടിക്കറ്റുനിരക്കിലാണു എന്റെ യാത്ര, ഇപ്പോഴും സർക്കാർ 2400 (ഒന്നര ലക്ഷം രൂപ) യൂറൊ മാസം എനിക്കു പെൻഷൻ നൽകുന്നു, അധികം ചിലവുമില്ല ജീവിതം സുഖം”
അതു ശരി വെറുതെയല്ല ഇവർ വയസ്സായതിനുശേഷവും ലോകം മുഴുവൻ കറങ്ങി നടന്ന് കണ്ട് ജീവിതം ആസ്വദിക്കുന്നതെന്നു ഞാൻ മനസ്സിലോർത്തു .
അങ്ങിനെ ബസ്സ് വരുന്നതുവരെ ഇന്ത്യാവിശേഷവും സംസാരിച്ച് ഞങ്ങൾ ലെക്കെയ്റ്റ്യോയിലെക്കു യാത്രയായി, ബസ്സിൽ കയറിയിരുന്നു വഴിയോരകാഴ്ച്ചകൾ കണ്ടപ്പോഴാണു ചാർജ്ജ് ചെയ്യാനിട്ട ഫോട്ടൊ പിടിക്കണ മഷീൻ ഇപ്പോഴും വീട്ടിൽ തന്നെയാണല്ലോ എന്നോർത്തത് അവിടെയിറങ്ങി തിരിച്ചു പോയാലോ എന്ന് ചിന്തിച്ചിരിക്കുന്നതു കണ്ടപ്പോ നല്ല പാതി പറഞ്ഞു ,
“സാരല്ല്യാന്നെ നമ്മക്ക് ന്നാള് മീൻ വേടിക്കാൻ വന്നപ്പോ എടുത്ത ഫോട്ടൊ ബ്ലോഗ്ഗിലിടാം ആരറിയാനാ മീൻ വേടിക്കാനാ വന്നതെന്ന്”.
കഴിഞ്ഞമാസം മീൻ വാങ്ങിച്ചപ്പോൾ |
പത്തുമണിയോട് കൂടി ഞങ്ങൾ ആ ബസ്സിന്റെ അവസാന സ്റ്റോപ്പ്ആയ ലെകെയ്റ്റ്യോയിലെത്തിചേർന്നു.
എന്നത്തെയും പോലെ ഞങ്ങൾ റ്റൂറിസ്റ്റ് ഇൻഫോർമേഷൻ ഓഫീസിലേക്കുള്ള വഴിയറിയാൻ “ i ” ചിഹ്നം നോക്കി നടന്നു, മുനിസിപ്പാലിറ്റി ഒഫീസ്സിൽ തന്നെ പ്രവർത്തിക്കുന്ന റ്റൂറിസ്റ്റ് ഇൻഫോർമെഷനിൽ നിന്നും ലെകൈറ്റ്യൊയുടെ മാപും കാണാനുള്ള സ്ഥലങ്ങളും ചോദിച്ചു മനസ്സിലാക്കി കാഴ്ചകൾ കാണാനായി നടന്നു .കടൽതീരത്തു തന്നെയാണു റ്റൂറിസ്റ്റ് ഓഫീസ്സും മുനിസിപ്പാലിറ്റി ഓഫീസ്സും അവിടെ നിന്നാൽ പോർട്ടും ബീച്ചും ഐലന്റും കാണാം , 25 ഡിഗ്രീ താപനിലയാണെങ്കിലും വെയിലിനു നല്ല ചൂടുണ്ട്. ലെകൈറ്റിയോയിൽ 3 ബീച്ചുകളുണ്ട് അവിടെ നിന്നും അല്പം അകലെ കടലിൽ ചെറിയൊരു ഐലന്റ് ഉണ്ട് കഴിഞ്ഞ തവണവന്നപ്പോൾ ഐലന്റിനും ബീച്ചിനും ഇടയിൽ നല്ല ആഴത്തിൽ നീല നിറത്തിൽ വെള്ളമുണ്ടായിരുന്നു പക്ഷെ ഇന്നു ഞങ്ങൾ കണ്ടത് ബീച്ചിനും ഐലന്റിനുമിടയിൽ വെള്ളം വറ്റി അങ്ങോട്ട് നടന്നുപോകാവുന്ന രീതിയിൽ കര തെളിഞ്ഞ് കിടക്കുന്നു അതുകണ്ട് ഞാൻ അക്കരകാഴ്ചകൾ എന്ന പരമ്പരയിൽ ജോർജ്ജ് റിൻസിക്കു അറിവുപകർന്ന് കൊടുക്കുന്നതുപോലെ എന്റെ ഗ്ലോബൽ ജ്നാനം അലപം നല്ലപാതിക്ക് പകർന്നു കൊടുത്തു.
“ എടീ ഈ ഗ്ലോബൽ വാമിങ് ഗ്ലോബൽ വാമിങ് എന്നു പറേണത് ശര്യാട്ടോ കണ്ടോ നമ്മടെ ത്രിശ്ശൂർത്തെ വീട്ടിലു വേനൽക്കാലത്ത് കെണറ് വറ്റണപോലെ ഇവ്ടെ സ്പെയിനിലും കടലു വറ്റി കെടക്കണ കണ്ടാ.. അതാണു ഗ്ലോബൽ വാമിങ്ങ്, ആ എന്തായാലും അത് നാന്നായി നമുക്ക് നടന്നിട്ട് തുരുത്തില് പോകാലൊ. നമക്കൊരു കാര്യം ചെയ്യാം ഉച്ചക്ക് ഉണ്ണുന്നേനു മുമ്പ് പള്ളീം സിറ്റിയൊക്കെ കണ്ടിട്ട് ഉച്ച തിരിഞ്ഞ് വെയില് കൊറയുമ്പോ ബീച്ചും കണ്ട് തുരുത്തില് പോകാം എന്തേ ? ”
അങ്ങിനെ ഞങ്ങൾ അവിടെ നിന്നും മുനിസിപ്പൽ ഓഫീസ്സിനു മുന്നിൽ തന്നെയുള്ള പള്ളിയിൽ കയറി, ഉച്ചക്കു 12 മണി വരെ മാത്രമെ പള്ളിക്കകത്തു പ്രവേശനമുള്ളൂ ഉച്ചതിരിഞ്ഞ് 5.30 നു ശേഷവും , ഞാൻ പള്ളിക്കത്തു കാഴ്ച്ചകൾ കണ്ട് നടക്കുന്നതിനടയിൽ നല്ലപാതി പ്രാർത്ഥിക്കാൻ പോയി , 14 ആം നൂറ്റാണ്ടിൽ പണിത പള്ളി ഇപ്പോഴും നല്ല കെട്ടുറപ്പോടെ നിൽക്കുന്നു , തറ പൂർണമായും തടിപാകിയിരിക്കുന്നു. കഴിഞ്ഞ മാസം ഇവിടെ വന്നപ്പോൾ ഒരു വിവാഹം നടക്കുകയായിരുന്നു അങ്ങിനെ ആദ്യമായി ഒരു യൂറോപ്യൻ വിവാഹത്തിനു ക്ഷണമില്ലാതെ തന്നെ സാക്ഷ്യം വഹിക്കാൻ കഴിഞ്ഞ ഓർമ്മകളുമായി ഞങ്ങൾ ആ പള്ളിയിൽ നിന്നുമിറങ്ങി.
വളരെ ചെറിയ തീരപട്ടണമാണെങ്കിലും കാണാൻ ഒരുപാട് കാഴ്ചകൾ ഒന്നുമില്ലെങ്കിലും ഒരിക്കൽ വന്നാൽ വീണ്ടും ഇവിടെ വരാൻ തോന്നും പഴയ തെരുവുകളും പൊതുസ്ഥലവുമെല്ലാം നല്ല ശുചിത്വത്തോടെ ആളുകൾ കൈകാര്യം ചെയ്യുന്നു, സമയം 12 മണികഴിഞ്ഞു വെയിലിനു നല്ല ചൂടുണ്ട് പക്ഷെ പഴയപട്ടണത്തിലേക്ക് കടന്നപ്പോൾ നല്ല തണുപ്പ് നൂറ്റാണ്ടുകൾ പഴക്കമുള്ള കരിങ്കൽ പാകിയ ആ ഇടുങ്ങിയ റോമൻപാതകളിലൂടെ ഞങ്ങൾ നടന്നു . അരമണിക്കൂർ നടത്തത്തിനു ശേഷം ഞങ്ങൾ തിരിച്ച് പോർട്ടിലെത്തി അവിടെ നിന്നാൽ സാൻ നിക്കോളാസ് ദ്വീപ് കാണാം. വിന്റെർ സീസണിൽ വളരെ വലിയ തിരകൾ പോർട്ടിലേക്ക് വീശിയടിക്കാറുണ്ട്, പലതവണ പോർട്ടിൽ സ്ഥിതി ചെയ്യുന്ന ഹെലിപാഡ് ഹോസ്പിറ്റലിൽ ആളുകളെ വളരെ പെട്ടെന്നു എത്തിക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട് .
photo: google
photo: google
ഉച്ചയൂണു കഴിക്കേണ്ട സമയമായി ഞങ്ങൾ ഭക്ഷണം കഴിക്കാൻ കയറിയ റെസ്റ്റോറന്റീൽ 2 മണിക്കാണു ഉച്ചഭക്ഷണ സമയം ആരംഭിക്കുന്നതു . ഉച്ചയൂണു കഴിഞ്ഞ് ഞങ്ങൾ , നേരത്തെ തീരുമാനിച്ച പോലെ ഹൊണ്ടാർറ്റ്സ ബീച്ചിൽ നിന്നും നടന്ന് സാൻ നിക്കോളാസ് ദ്വീപിലെത്തി അവിടെ കുറച്ചു സമയം ചിലവഴിക്കണമെന്നു വിചാരിച്ചു ബീച്ചിലെത്തിയ ഞങ്ങൾ അന്തംവിട്ടു . കാരണം ബീച്ചിനും ദ്വീപിനുമിടയിൽ ഇപ്പോൾ നാലാൾ താഴ്ചയിൽ കൂടുതൽ വെള്ളമുണ്ട് ശക്തിയായ തിരമാലകൾ ബീച്ചിലേക്കടിക്കുന്നു . ബീച്ചിൽ തന്നെയുണ്ടായിരുന്ന റെഡ്ക്രോസ്സ് പ്രവർത്തകനോട് ചോദിച്ചപ്പോഴാണെനിക്കു സംഭവം കത്തിയത് , നമ്മുടെ അമ്പിളിഅമ്മാവൻ പറ്റിച്ച പണിയെ അതുതന്നെ വേലിയേറ്റവും വേലിയിറക്കവും . കാലത്ത് 11 മണിക്ക് താഴ്ന്ന സീ ലെവൽ ഇനി 6 മണിക്കൂറിനു ശേഷം അതിന്റെ ഉയർന്ന ലെവലിലെത്തും അതായത് ഇന്നു ഉച്ചതിരിഞ്ഞ് 5 മണിക്ക് ബീച്ചിന്റെ മുക്കാൽ ഭാഗത്തോളം തിരവിഴുങ്ങും, പിന്നീട് 6 മണിക്കൂറിനു(ഏകദേശ സമയം) ശേഷം രാത്രി 11 മണിക്ക് വീണ്ടും കടൽ നിരപ്പ് താഴ്ന്ന് ബീച്ചിനും ദ്വീപിനുമിടയിൽ ഒരുതുള്ളി വെള്ളം പോലും അവശേഷിപ്പിക്കാതെ സാൻ നിക്കോളാസ് ദ്വീപിനപ്പുറത്തേക്ക് തിരമാലകൾ മാറി നിൽക്കും . അത്രയും സമയം കാത്തുനിന്ന് രാത്രിയിൽ നടന്ന് ദീപിലെത്താൻ ഒരു താല്പര്യവുമില്ലാതിരുന്നതിനാൽ ഞങ്ങൾ ബീച്ചിലൂടെ മുന്നോട്ടു നടന്നു .
![]() |
വേലിയിറക്കത്തിനു മുൻപ് ബീച്ചിനും ദ്വീപിനുമിടയിലുള്ള സീ ലെവെൽ |
![]() |
വേലിയിറക്കത്തിനു ശേഷം ബീച്ചിൽ നിന്നും ദ്വീപിലെക്ക് നടന്നു പോകാവുന്ന രീതിയിൽ |
ബീച്ചിൽ വിശ്രമിച്ചിരുന്ന സമയം കോളാമ്പി മൈക്കിലൂടെ റെഡ്ക്രോസ്സ് ഗാർഡ് എല്ലാവർക്കും മുന്നറിയിപ്പ് നൽകി സമയം 5 മണീയായി വേലിയേറ്റത്തിൽ സീ ലെവൽ ഏറ്റവും ഉയർന്നു നിൽക്കുന്ന സമയം അതിനോടൊപ്പം തന്നെ ശക്തിയായ തിരമാലകളും ബീച്ചിനെ വിഴുങ്ങാൻ തുടങ്ങി ബീച്ചിൽ കളിച്ചു കൊണ്ടിരുന്ന എല്ലാവരും തന്നെ മുന്നറിയിപ്പിനെ തുടർന്ന് കരയിലേക്ക് കയറി, ബീച്ചിൽ വെയിലുകാഞ്ഞു കിടന്നിരുന്ന സായിപ്പ്മാരും ടോപ് ലെസ്സ് മദാമ്മമാരും അല്പം മടിച്ചിട്ടാനെങ്കിലും തിരയെ പേടിച്ച് കരയിൽ കയറിയിരുന്നു സമയം 6 മണിയായിക്കാണും തിരയുടെ ശക്തികുറഞ്ഞ് കടൽ പിൻവാങ്ങാൻ തുടങ്ങിയിരുന്നു. സാൻ നിക്കോളാസ്സ് ദ്വീപിലേക്ക് നടന്നു കയറാൻ പറ്റിയ ഒരവസരം നഷ്ട്ടപെട്ട വിഷമത്തിൽ ഞങ്ങൾ ബീച്ചിൽ നിന്നും ബസ്സ്സ്റ്റോപ്പിലെക്ക് നടന്നു, വീണ്ടും ലെകൈറ്റ്യൊയിലേക്ക് തിരിച്ചു വരാനായി .
7 comments:
കാഴ്ചകള്‍ നന്നായിരിക്കുന്നു,സജി.ചിത്രങ്ങള്‍ മനോഹരം!!
ചിത്രങ്ങള്‍ വളരെ മനോഹരമായിരിക്കുന്നു.
വിവരണങ്ങളും താങ്കള്‍ കണ്ട കാഴ്ച്ചയുടെ ചിത്രങ്ങളും വളരെയധികം ഇഷ്ട്ടപ്പെട്ടു !!! എല്ലാവിധ ആശംസകളും..
വിവരണങ്ങളും താങ്കള്‍ കണ്ട കാഴ്ച്ചയുടെ ചിത്രങ്ങളും വളരെയധികം ഇഷ്ട്ടപ്പെട്ടു !!! എല്ലാവിധ ആശംസകളും..
സജി,
നല്ല ചിത്രങ്ങളും വിവരണവും.
സജി,
നല്ല വിവരണം ,ചിത്രങ്ങള്‍ മനോഹരമായി.
നല്ല വിവരണം ... ചിത്രങ്ങള്‍ അതിലും മനോഹരം....
Post a Comment