Sunday, 14 June 2009

ഉര്‍ക്യോള (fiesta de urkiola )

Buzz This
Buzz It

ഇന്നു വെള്ളിയാഴ്ച ,സ്പാനിഷ് സ്കൂളില്‍ നിന്നും വര്‍ഷാവസാനം ടൂര്‍ പോകുന്ന ദിവസം ഈ മാസത്തോടു കൂടി ക്ലാസ്സ് അവസാനിക്കുകയാണ് .രാവിലെ പത്തു മണിക്ക് എല്ലാവരും ഉര്‍ക്യോള എന്ന സ്ഥലത്തേക്കാണ്‌ ഇത്തവണ പോകുന്നത് .മലകള്‍ക്ക് മുകളിലെ സുന്ദരമായ ഗ്രാമം .നമ്മുടെ വയനാട് താമരശ്ശേരി ചുരം കയറി ബത്തേരി ചെല്ലുന്നത് പോലെ ഹെയര്‍ പിന്നുകള്‍ ,ആ ചുരം കയറി കൊണ്ടിരിക്കുമ്പോള്‍ കാണുന്ന അതി സുന്ദരമായ പ്രകൃതി സൌന്ദര്യം .പക്ഷെ ഇന്നെനിക്കു ജോലി അവസാനിക്കുന്നത്‌ ഉച്ചക്ക് ശേഷം രണ്ടു മണിക്ക് .കാഴ്ചകള്‍ കാണാനും യാത്ര ചെയ്യാനും ഉള്ള എന്‍റെ ഇഷ്ടം അറിയാവുന്ന ടീച്ചര്‍ മൂന്ന് മണിക്ക് എന്നെ കാറുമായി വന്നു കൊണ്ടു പോയി .ഞാന്‍ ചെല്ലുമ്പോള്‍ അവരെല്ലാവരും ഉര്‍ക്യോളയും കണ്ടു താഴ്വാരം ഇറങ്ങി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാണ് .അമ്പതു പേര്‍ അടങ്ങുന്ന സംഘം കൂടുതലും ആഫ്രിക്കയില്‍ നിന്നും ഉള്ളവര്‍ എന്‍റെ ക്ലാസ്സില്‍ നിന്നും ഉള്ളവര്‍ എല്ലാവരും സെനഗല്‍ പൌരന്മാര്‍ ആണ് .ഭക്ഷണം കഴിച്ചു വീണ്ടും നടന്നു സ്കൂളിലെത്തി പിരിഞ്ഞു .

നല്ലൊരു കാഴ്ച കാണാന്‍ സാധിക്കാത്തതിന്റെ വിഷമം തീര്‍ക്കാന്‍ നാളെ പോകണം വീണ്ടും ഉര്‍ക്യോള കാണുവാന്‍ ,നാളെ അവിടത്തെ പള്ളിയിലെ ഉത്സവം ആണെന്നറിഞ്ഞു രാവിലെ പത്തു മണിക്ക് തന്നെ ഞാന്‍ വീട്ടില്‍ നിന്നും ഉച്ച ഭക്ഷണവും കയ്യില്‍ കരുതി ഇറങ്ങി .ദ്യുരന്ഗോ എത്തിയപ്പോള്‍ നൂറു കണക്കിന് ആളുകള്‍ ബസ്സ് കാത്തു നില്ക്കുന്നു എല്ലാവരും അറുപതു വയസ്സിനു മുകളില്‍ പ്രായം ഉള്ളവര്‍ .എല്ലാവരും കൂടി എങ്ങനെ ഒരു ബസ്സില്‍ കയറി പോകും മണിക്കൂറുകള്‍ക്കു ശേഷമേ അവിടേക്ക് ബസ്സ്‌ ഉള്ളൂ .ആശ്വാസം എന്ന് പറയട്ടെ മിനുട്ടുകള്‍ ഇടവിട്ട്‌ സ്പെഷ്യല്‍ ബസ്സുകള്‍ വരി വരിയായി വരുന്നു അതും യാത്ര തികച്ചും സൌജന്യം .നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളി യാത്ര അതിലേറെ സുന്ദരം അനേകം മലകള്‍ക്കിടയിലൂടെ ഞങ്ങളുടെ ബസ്സ്‌ സാവധാനം ഹെയര്‍ പിന്നുകള്‍ കയറിക്കൊണ്ടിരുന്നു .സാധാരണ പതിനഞ്ച് ഡിഗ്രിയില്‍ കൂടുതല്‍ ചൂടു ഉണ്ടാകാത്ത സ്ഥലം പക്ഷെ ഇന്നു നാല്‍പതു ഡിഗ്രീ ചൂടു ,വയസായ പലരും തല ചുറ്റി വീണു പ്രഥമ ശുശ്രൂഷ നല്‍കേണ്ടി വന്നു .അര മണിക്കൂര്‍ യാത്രയ്ക്കു ശേഷം ഉര്‍ക്യോള പള്ളിയിലെത്തി .പൊള്ളുന്ന വെയില്‍.പള്ളിയിലേക്കുള്ള വഴിയുടെ വശങ്ങള്‍ എല്ലാം കച്ചവടക്കാര്‍ ,എല്ലാ ഭക്ഷണ സാധനങ്ങളും വീട്ടില്‍ ഉണ്ടാക്കി കൊണ്ടു വന്നു വിക്കുന്നവര്‍ .യൂറോപ്യന്‍ രാജ്യങ്ങള്‍ എന്ന് പറഞ്ഞാല്‍ നമ്മുടെ ഗ്രാമ ജീവിതവുമായി ഒരിക്കലും സങ്കല്‍പ്പിക്കാന്‍ പോലും പറ്റില്ലാത്ത വ്യത്യാസവും പ്രതീക്ഷിച്ചാണ് ഞാന്‍ ഇന്ത്യയില്‍ നിന്നും ഇവിടെ വന്നത് ,എന്നാല്‍ ഞാനിവിടെ കണ്ട ഗ്രാമങ്ങള്‍ നമ്മുടെ ഗ്രാമങ്ങലെക്കാള്‍ സുന്ദരമായ ഗ്രാമീണ കാഴ്ചകള്‍ .

പന്ത്രണ്ടു മണിക്കാണ് ഇന്നു പള്ളിയിലെ വിശേഷ ചടങ്ങുകള്‍ നടക്കുന്നത് .ഇത്രയും നേരമായിട്ടും കടകളില്‍ വില്‍പ്പനക്ക് നില്ക്കുന്ന ചെറുപ്പക്കാര്‍ അല്ലാതെ ഒരാളെ പോലും ചെറുപ്പക്കാരായി അവിടെ കണ്ടില്ല ,അവിടെ വരുന്നവര്‍ എല്ലാം പ്രായമായവര്‍ ,അറുപതു വയസ്സിനു മുകളില്‍ പ്രായം ചെന്നവര്‍ .പള്ളിയിലേക്ക് കയറും മുന്‍പ് ഒരു പാറയില്‍ തൊട്ടു കൊണ്ടു ആളുകള്‍ വലം വെക്കുന്നത് കണ്ടു അന്വേഷിച്ചപ്പോള്‍ ആ പാറയില്‍ തൊട്ടു ഏഴ് തവണ വലം വെച്ചാല്‍ ആഗ്രഹിക്കുന്ന കാര്യം സാധിക്കും എന്നറിഞ്ഞു .ഈ കാര്യത്തിലും ഇവര്‍ നമ്മുടെ നാടിനെക്കാള്‍ ഒട്ടും മോശമല്ല എന്നെനിക്കു തോന്നി . ഒരു എഴുപത്തഞ്ചു കാരന്‍ നാലു വര്‍ഷമായി സ്ഥിരമായി ഇവിടെ വന്നു പാറക്കു ചുറ്റും വലം വെക്കുന്നു ഒരു കാമുകിക്ക് വേണ്ടി ,ഇത്തവണ എങ്കിലും നടന്നാല്‍ മതിയാരുന്നു എന്നെന്നോട് പറഞ്ഞു .ക്രിസ്ത്യന്‍ രാജ്യം ആണെങ്കിലും ചെറുപ്പക്കാര്‍ ആരും തന്നെ ഇവിടെ വിശ്വാസികള്‍ അല്ല .പള്ളിക്കകത്ത്‌ കടക്കാന്‍ നല്ല തിരക്ക് പഴയ പള്ളി ആണെങ്കിലും ലളിതവും സുന്ദരവുമായ പള്ളി .പുറത്തു നാല്‍പതു ഡിഗ്രീ ചൂടു ആണെങ്കിലും ഇവിടെ പതിനഞ്ച് ഡിഗ്രിയില്‍ താഴെ മാത്രം ചൂടു .താഴെ നിന്നു കാണുവാന്‍ പറ്റില്ലാത്ത വിധം തിരക്ക് .ഞാന്‍ ബാല്‍ക്കണിയില്‍ കയറി അകത്തെ കാഴ്ചകളും വളരെ ലളിതം പക്ഷെ സുന്ദരം .ഞാന്‍ ഇരുന്നതിനു തൊട്ടടുത്ത്‌ തന്നെയാണ് ക്യോയര്‍ പാടുന്നവര്‍ .അവരും അറുപതിനു വയസ്സിനു മുകളില്‍ പറയം ചെന്നവര്‍ തന്നെ .കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഈ തലമുറ കഴിഞ്ഞാല്‍ പള്ളികളും വിശ്വാസവും വംശ നാശം സംഭവിച്ചു കൊണ്ടിരിക്കുന്നവ എന്ന പട്ടികയില്‍ പെടുത്തി സംരക്ഷിക്കേണ്ടി വരും .ഇനി പത്തു മിനുടുകള്‍ക്കുള്ളില്‍ ചടങ്ങുകള്‍ ആരംഭിക്കും എന്ന് പുരോഹിതന്‍ വിളിച്ചു പറഞ്ഞു .ചടങ്ങുകളില്‍ പങ്കെടുക്കല്‍ ഇഷ്ട്ടമില്ലാത്ത ഞാന്‍ അത് തുടങ്ങും മുന്നേ അകത്തെ കാഴ്ചകള്‍ കണ്ടിറങ്ങി .
പുറത്തു കാഴ്ചകളില്‍ വഴിയോര ചന്തകള്‍ക്ക് പുറമെ പശുക്കളെയും കാളകളെയും കുതിരകളെയും കൊണ്ടു വന്നിട്ടുണ്ടായിരുന്നു .
രണ്ടു മണി വരെ കാഴ്ചകള്‍ കണ്ടു നടന്നു ,നല്ല വിശപ്പ്‌ തുടങ്ങി പള്ളിക്ക് ചുറ്റും കാടു ആണ് .കാടിനകത് നല്ല തണുപ്പ് അവിടെ ഇരുന്നു ഭക്ഷണം പാകം ചെയ്തു കഴിക്കാന്‍ പാകത്തില്‍ സൌകര്യം ഉണ്ട് .എല്ലാവരും കുടുംബത്തോടെ കാരവാന്‍ കൊണ്ടാണ് വന്നിരിക്കുന്നത് .ഭക്ഷണം പാകം ചെയ്തു കഴിക്കുന്ന തിരക്കിലാണ് എല്ലാവരും കുടിക്കാന്‍ നല്ല തണുത്ത വെള്ളം ഉറവകളില്‍ നിന്നും കിട്ടും .ഇവിടെ കിട്ടുന്ന പാന്‍ വാങ്ങി അതിന് നടുവില്‍ ടര്‍ക്കി കോഴിയുടെ ഇറച്ചി വെച്ചതാണ് ഇന്നത്തെ എന്‍റെ ഉച്ച ഭക്ഷണം .ഭക്ഷണം കഴിച്ചു കുറച്ചു സമയം ആ കാടിനുള്ളില്‍ മനസ്സു കുളിര്‍ക്കെ വിശ്രമിച്ച ശേഷം സൌജന്യ ബസ്സില്‍ തിരിച്ചു വീട്ടിലേക്ക്.നാളെ ഞായര്‍ ഗാട്ടിക്ക എന്ന സ്ഥലത്തു ഒരു castle ഉണ്ട് വളരെ നാളുകള്‍ ആയി കാണാന്‍ പോകണം എന്ന് കരുതിയ സ്ഥലം ,പണ്ടു ഒന്‍പതാം നൂറ്റാണ്ടില്‍ മുസല്‍മാന്‍ കയ്യേറിയ സ്ഥലങ്ങള്‍ .അവിടത്തെ ഉത്സവമാണ് നാളെ .
15 comments:

Melethil 14 June 2009 at 18:41  

നന്നായി!

കുഞ്ഞന്‍ 14 June 2009 at 21:11  

സജി മാഷെ..

ഈ യാത്രയും ഒരു കുളിര്‍മയുള്ളതായിരുന്നു. പടങ്ങളില്‍ നിന്നും മനസ്സിലാക്കുന്നത് എല്ലാം ചിട്ടയോടെ നടക്കുന്ന ഒരു ഉത്സവമായിട്ടാണ്. ഗ്രാമങ്ങള്‍ അവ വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും പര്യായങ്ങളാണ് അവ ലോകത്തിന്റെ ഏതു മൂലയ്ക്കായാലും..! പക്ഷെ വൃത്തിയുടെ(പരിസരങ്ങള്‍) കാര്യത്തില്‍ നമ്മള്‍ വളരെയധികം പുറകില്‍ത്തന്നെയാണ്.

സജിഭായി..ഒരു ചിന്ത..അന്നത്തെ ആ ഉത്സവം വയസ്സായവര്‍ക്കു വേണ്ടിയിട്ടുള്ളതാണെങ്കിലൊ? അല്ലെങ്കില്‍ നമ്മുടെ ആറ്റുകാല്‍, ശബരിമല പോലെ പ്രത്യേക ആചാര അനുഷ്ഠാനങ്ങള്‍ ഉണ്ടെങ്കിലൊ?

the man to walk with 14 June 2009 at 21:46  

hridhyamaati..

ധൃഷ്ടദ്യുമ്നൻ 15 June 2009 at 05:05  

സജി..നിന്റെ നേച്ചർ ഫോട്ടോസ്‌ കിടിലമായിട്ടുണ്ട്‌..

:)

ചാണക്യന്‍ 15 June 2009 at 05:36  

നല്ല പോസ്റ്റ്..ചിത്രങ്ങള്‍ ഉഗ്രന്‍...എഴുത്ത് തുടരുക ആശംസകള്‍...

വാഴക്കോടന്‍ ‍// vazhakodan 15 June 2009 at 06:28  

നിന്റെ പരിശ്രമങ്ങളെ അഭിനന്ദിക്കാതെ വയ്യ. കൊള്ളാം ഗെഡീ.

കുട്ടിച്ചാത്തന്‍ 16 June 2009 at 01:31  

ചാത്തനേറ്: രണ്ടാമത്തെ ഫോട്ടോയില്‍ എന്താ ഒരു മങ്ങല്‍? കാലും തലയും വെട്ടിയ പന്നിയിറച്ചി പോലുള്ള ബന്നിനെപ്പറ്റി ഒന്നും പറഞ്ഞില്ലാ.

ഞാനും എന്‍റെ ലോകവും 16 June 2009 at 03:26  

ചുവന്ന ബനിയന്‍ ധരിച്ച പെണ്‍കുട്ടി പൊതിഞ്ഞു കൊടുക്കുന്ന തടിച്ച ബന്‍ ആണ് സ്പാനിഷില്‍ പാന്‍ എന്ന് വിളിക്കുന്നത്‌ നമുക്ക് ഭക്ഷണത്തിന് ചോറ് എന്ന് പറഞ്ഞപോലെ ഭക്ഷണത്തില്‍ ഇവര്‍ക്ക് ഒഴിവാക്കാന്‍ പറ്റാത്തതാണ് പാന്‍ .പല വലിപ്പത്തിലുള്ള പാന്‍ കിട്ടും തടിച്ചതും ,കനം കുറഞ്ഞതും ,നീളം കൂടിയതും ,നീളം കുറഞ്ഞതും .രണ്ടു ദിവസത്തില്‍ കൂടുതല്‍ ഇരിക്കില്ല നമ്മുടെ നാട്ടിലെ ബ്രഡ്‌ പോലെ തന്നെ .മാര്‍ദ്ദവം ബ്രടിനെക്കാളും കുറവും .അത് പോലെ ഒരു പാന്‍ വാങ്ങി രണ്ടായി നടുവിലൂടെ മുറിച്ചു അതിനു നടുവില്‍ നീളത്തില്‍ കനം കുറച്ചു തയ്യാറാക്കിയ ഇറച്ചി നിറച്ചു കഴിച്ചു അതായിരുന്നു എന്റെ ഉച്ച ഭക്ഷണം കൂടെ ഒരു ആപ്പിള്‍

siva // ശിവ 19 June 2009 at 08:23  

നല്ല ചിത്രങ്ങള്‍ക്ക് നന്ദി...നല്ല വ്യക്തതയുള്ള ചിത്രം....

കുഞ്ഞായി 19 June 2009 at 23:37  

നല്ല ചിത്രങ്ങള്‍ സജി
നല്ല പോസ്റ്റ്
ഉര്‍ക്യോള പരിജയപ്പെടുത്തിയതിന് നന്ദി

സോജന്‍ 22 June 2009 at 06:03  

ഓരോ തവണ സജിയുടെ പോസ്റ്റ്‌ വായിക്കുമ്പോളും സ്പെയിനില്‍ പോകാന്‍ ശരിക്കും കൊതിയാവുന്നു
ഇപ്പോള്‍ എനിക്ക് പോകാന്‍ ഇഷ്ടം തോന്നുന്ന രാജ്യം സ്പെയിന്‍ ആണ്.എത്ര സുന്ദരമാനിവിടുത്തെ ഗ്രാമങ്ങള്‍.സ്പെയിനില്‍ 40 ഡിഗ്രി വരെ ചൂടുണ്ടാകുമെന്നതും ഒരു പുതിയ അറിവാണ്.ഉത്സവ ചന്തകള്‍ നമ്മുടെ നാട്ടിലെ പോലെ അവിടെയും ഉണ്ടല്ലേ ..അടുത്ത സ്പാനിഷ്‌ ഗ്രാമീണ കാഴ്ചകള്‍ക്കായി കാത്തിരിക്കുന്നു

ഞാനും എന്‍റെ ലോകവും 28 June 2009 at 13:47  

മേലേതിൽ നന്ദി .
കുഞ്ഞൻ നന്ദി ,പിന്നെ വൃത്തിയുടെ കാര്യത്തിൽ കുഞ്ഞൻ പറഞ്ഞതു തന്നെ സത്യം .പിന്നെ ചിന്ത അതു വയസ്സായതിന്റെ അല്ല ചെറുപ്പക്കാർക്കു ഈ മത കാര്യങ്ങളിൽ ഒട്ടും താല്പര്യം ഇല്ല ,ചെറുപ്പക്കാരുടെ താൽ‌പ്പര്യം എന്താണെന്നു ഞാൻ ഇന്നലെ ബീച്ച് കാണാൻ പോയപ്പോൾ മനസ്സിലായി അതിന്റെ ഫോട്ടോസും എടുത്തിട്ടുണ്ട് അടുത്ത യാത്രാ വിവരണതിൽ കാണിക്കാം .
ദ് മാൻ വിത് ...,ചാണക്യൻ നന്ദി.
ധ്രുഷ്ട്ട്യു നന്ദി.
വാഴക്കോടൻ നന്ദി പിന്നെ എന്തായി ഏഷ്യാനെറ്റ് പരിപാടി.
ചാത്തൻ നന്ദി .
ശിവ കുഞ്ഞായി നന്ദി.
സോജൻ സ്പെയിനിൽ രണ്ടൂ തരം കാലാവസ്ഥയാണു ഉള്ളതു വടക്ക് സ്പെയിൻ ഞാനുൾപെടെ താമസിക്കുന്ന ബാസ്ക് കണ്ട്രിയിൽ തനി പചപ്പു നിറഞ്ഞ സ്ഥലം സമുദ്രതിനൊടു ചേർന്നു കിടക്കുന്നതിനാൽ എപ്പോളും മഴ അതു കൊണ്ടു തന്നെ പരിധി വിട്ടു തണുപ്പും ചൂടും ഇല്ല .ഇവിടെ റെകോർഡ് ചൂട് കൂടിയതു നാല്പത്തി രണ്ടൂ ഡിഗ്രീ കുറഞ്ഞതു മൈനസ് എട്ട് ഡിഗ്രീ എന്നാൽ സാധാരണയായി കൂടുതലും ചൂടു മൈനസ് രണ്ടു ഡിഗ്രീയിൽ താഴെയും മുപ്പത്തഞ്ചു ഡിഗ്രീയിൽ കൂടുതൽ പൊകാറില്ല .പക്ഷെ ഇന്നലെ നാല്പതു ഡിഗ്രീ വരെ പോയീ ഇവിടെ വന്നവർ മുഴുവനും വയസ്സായവർ ആയതിനാൽ പലരും തല കറങ്ങി വീണു ആശുപത്രിയിൽ കൊണ്ടു പോയീ .സ്പെയിൻ കാണേണ്ട സ്ഥലം തന്നെയാണു.പുതിയ യാത്രാ പോസ്റ്റ് ഇട്ടിട്ടുണ്ടു .

ഞാനും എന്‍റെ ലോകവും 28 June 2009 at 13:49  

ചാത്തൻ ഒരു കാര്യം പറയാൻ മറന്നു രണ്ടാമതെ ഫോട്ടോ ബസിൽ ഇരുന്നു എടുത്തതാണു

അനില്‍@ബ്ലോഗ് 28 June 2009 at 19:18  

നല്ലൊരു യാത്രപോയ പ്രതീതി.
:)

തൊലിക്കിച്ചിരി വെളുപ്പുള്ള മനുഷ്യരെ ഒഴിച്ചാല്‍ പലതും നമ്മുടെ നാടുപോലെ.

ചിത്രങ്ങള്‍ക്കൊക്കെ നന്ദി.

ഞാനും എന്‍റെ ലോകവും 29 June 2009 at 01:02  

അനിൽ ഞാനും ആദ്യം യൂറോപിൽ വന്നപ്പോൾ കരുതിയതു ഭയങ്കര സംഭവം ആണു യൂറൊപ്പും സായിപ്പുമാരും എന്നായിരുന്നു .അനിൽ പറഞ പോലെ തന്നെ തൊലിക്കു വെളുപ്പു കൂടുതൽ ബാക്കി എല്ലാം നമ്മുടെ നാട്ടിലെ പൊലെ തന്നെ ,പക്ഷെ അഴിമതി നമ്മുടെ നാട്ടിനെക്കാൾ കുറവും .പിന്നെ വ്യുത്തിയും കൂടുതൽ തന്നെ .

Related Posts with Thumbnails

Follow by Email

എന്‍റെ കൂടെ കാഴ്ചകള്‍ കാണാന്‍ ഇഷ്ടപെടുന്നവര്‍

എന്‍റെ കൂടെ കാഴ്ചകള്‍ കണ്ടവര്‍

VISITORS TODAY


contador

copy right

ചോദിച്ചിട്ട് എടുത്താല്‍ സന്തോഷം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP