Sunday, 30 May 2010

സാന്റിമാമിഞെ ഗുഹയും ഓമയിലെ കാടും

Buzz This
Buzz It

രണ്ടാഴ്ച്ചയായി പെയ്തുകൊണ്ടിരുന്ന മഴമാറി മാനം തെളിഞ്ഞു കൂടെ ഞങ്ങളുടെ മനസ്സും, കാലാവസ്ഥ 7 ഡിഗ്രിയിൽ നിന്നും 25 ഡിഗ്രിയിലെത്തി യാത്രകൾ നടത്താൻ വടക്കൻ സ്പെയിനിൽ ഇതിലും നല്ല സമയം വരാനില്ല . കവലകളും ബാറുകളൂം റോഡുകളും പള്ളിമുറ്റവും എങ്ങും ആളുകളെ കൊണ്ട് നിറഞ്ഞിരിക്കുന്നു 1 വയസ്സുകാരൻ മുതൽ 90വയസ്സുള്ളവർ വരെ വീട് വിട്ടിറങ്ങി വെയിലു കൊണ്ടുകൊണ്ട് കൂട്ടംകൂടി നിന്നു ചായകുടിച്ച് സ്പ്രിങ്ങ് സീസൺ ആസ്വദിക്കുന്നു. എങ്ങും സന്തോഷത്തോടെ ചിരിച്ച മുഖങ്ങൾ സ്വതവേ വെളുത്തുചുവന്നിരിക്കുന്ന അവരുടെ കവിളുകൾ ഈ ചെറുചൂടിൽ ചുവന്നു തുടുത്തിരിക്കുന്നതു കാണാം.

ഈ ആഴ്ചാവസാനം പോകാനുള്ള സ്ഥലം നിർദ്ദേശിച്ചതു ദിവാകരനാണ് ഗെർണിക്കയും അവിടെ നിന്നും 4 കിലോമീറ്റർ അകലെയുള്ള സാന്റിമാമിഞെ ഗുഹയും ഓമയിലെ കാടും .


View Larger Map


സാധാരണ യാത്രയിൽ ഉച്ചഭക്ഷണം യാത്ര പോകുന്ന സ്ഥലങ്ങളിൽ നിന്നുള്ള ഹോട്ടലിൽ നിന്നാണു കഴിക്കാറ് എന്നാൽ ഇത്തവണ പതിവിനു വിപരീതമായി എല്ലാവരും ഭക്ഷണം കയ്യിൽ കരുതി കാട്ടിലിരുന്നു കഴിക്കാൻ .എല്ലോറിയോയിൽ നിന്നും 40 മിനുറ്റ് ദൂരമെയുള്ളൂ ഗെർണിക്കയിലേക്ക് പക്ഷെ ഇവിടെനിന്നും നേരിട്ട് ഗെർണിക്കയിലേക്ക് ബസ്സില്ല . ബെർണാഡും സംഘവും കാറിൽ നേരിട്ട് ഗെർണിക്കയിലെത്തും , ദിവാകരനും കുടുംബവും ബിൽബാവൊയിൽ നിന്നും ഗെർണിക്കയിലേക്കു നേരിട്ടുള്ള ബസ്സിൽ 11 മണിയോടുകൂടി അമൊറെബീറ്റ വഴിയാണു വരുന്നതു. 9.10ന്റെ ബസ്സിൽ ഞാനും അനിതയും ഡുറങ്കൊയിലെക്കു തിരിച്ചു, 20 മിനുറ്റ്കൊണ്ട് ഡൂറങ്കോയിലെത്തി അവിടെനിന്നും 10.00മണിയുടെ അമൊറെബീറ്റയിലേക്കുള്ള ബസ്സിൽ കയറി 10.30നു ഞങ്ങൾ അമൊറെബീറ്റ ബസ്സ്സ്റ്റോപ്പിലെത്തി. ഇതു ഗെർണിക്കയിലേക്കുള്ള എന്റെ രണ്ടാമത്തെ യാത്രയാണ്, 11 മണിയാകും അവർ അമൊരെബീറ്റയിലെത്താൻ. അമോറെബീറ്റ റ്റൌണിലൂടെ റ്റൂറിസ്റ്റ് സ്ഥലങ്ങളിലേക്ക് വാഹനങ്ങൾ ഒഴുകികൊണ്ടിരുന്നു , സ്പാനിഷ് കുടുംബങ്ങൾ കാറുകളിൽ ബസ്സ്സ്റ്റോപ്പിൽ കൂടിച്ചേർന്ന് സംഘങ്ങളായി ബീച്ചുകളിലേക്ക് പോകുന്നു . മേയ്മാസം മുതൽ സെപ്റ്റംബർ വരെ ഏറ്റവും തിരക്കുള്ള സ്ഥലമാണു ബീച്ചുകൾ .

11മണിയോടു കൂടി ഗെർണിക്ക ബസ്സ് എത്തി സാമാന്യം നല്ല തിരക്കുണ്ട് ഇറങ്ങാനുള്ള പടികളിൽ വരെ ആളുകൾ ഇരിക്കുന്നു,മലഞ്ചെരുവുകളിലൂടെ പതിയെ കയറ്റങ്ങൾ കയറിയിറങ്ങി പൈൻ മരക്കാടുകൾക്കിടയിലൂടെ കാഴ്ച്ചകൾ കണ്ടുകൊണ്ട് യാത്രതുടർന്നു .പലയിടത്തും വഴിയിൽ മാനുകൾ ഉണ്ട് പതിയെ പോകുക എന്ന ബോർഡ് കണ്ടെങ്കിലും ഒന്നിനെയും നേരിൽ കണ്ടില്ല, 15 മിനുറ്റ് യാത്രക്കു ശേഷം ഗെർണിക്കയിലെത്തി പതിവുപോലെ നേരെ ടൂറിസ്റ്റ് ഇൻഫോർമേഷൻ ഓഫീസ്സിൽ പോയി അസ്സംബ്ലി ഹൌസിന്റെയും മ്യൂസിയത്തിന്റെയും പ്രവർത്തനസമയം ചോദിച്ച് ഗെർണിക്കയുടെ മാപ്പും ടൂറിസ്റ്റ് ബുക്കും വാങ്ങി ഞങ്ങൾ മുനിസിപ്പൽ ഓഫീസിനുമുന്നിൽ ബെർണാഡിനെയും സംഘത്തെയും കാത്തിരുന്നു.
‘ ഗെർണിക്ക’ ബിൽബാവോയിൽ നിന്നും 33 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽ നിന്നും 10 മീറ്റർ ഉയരത്തിൽ 8.6 ചതുരശ്രകിലോമീറ്ററിൽ 16000 ജനസംഖ്യമാത്രമുള്ള കൊച്ചുപട്ടണം 1937 ഏപ്രിൽ 26നു ഹിറ്റ്ലറുടെ വിമാനപട ബോംബിട്ടു നശിപ്പിച്ചതിനു ശേഷം പിക്കാസോ വരച്ച ഗെർണിക്ക .

ഇൻഫോർമേഷൻ ഓഫീസ്സിൽ നിന്നും ഞങ്ങൾ ഗെർണിക്ക മുനിസിപ്പൽ പ്ലാസയിലേക്കു നടന്നു സമയം 12 മണി , മുനിസിപ്പൽ കെട്ടിടത്തിന്റെ ആ പഴയ ഘടികാരത്തിൽ നിന്നും സംഗീതത്തോടുകൂടി സമയം അറിയിച്ചു . ഗെർണിക്കയുടെ സ്ഥാപകനായ ഡോൻ ടെയ്യോയുടെ പ്രതിമയും കണ്ടതിനു ശേഷം അതിനു പുറകിലായി സ്ഥിതി ചെയ്യുന്ന അൻഡ്രമരിയ പള്ളിയിലേക്കു നടന്നു, സന്ദർശന സമയമല്ലാത്തതിനാൽ അകത്തുകയറാൻ സാധിച്ചില്ല്ല അല്പനേരം അവിടെ ചിലവഴിച്ചശേഷം എല്ലാവരും കൂടി പിക്കാസൊ വരച്ച ചിത്രത്തിന്റെ സെറമിക്കിൽ നിർമ്മിച്ച റിപ്ലിക്ക കാണാൻ നടന്നു പള്ളിയിൽ നിന്നും അതെ റോഡിലൂടെ തന്നെ 100 മീറ്റർ നടന്നാൽ അവിടെയെത്താം. ഞങ്ങൾ അവിടെ ചെല്ലുമ്പോൽ കുറേ ജപ്പാനീസ് ടൂറിസ്റ്റുകൾ ഉണ്ടായിരുന്നു . സമയം 1 മണിയായി 2 മണി വരെ മാത്രമെ ബാസ്ക് കൾച്ചർ മ്യൂസിയത്തിനകത്തും അസ്സംബ്ലി ഹാളിനകത്തും പ്രവേശനമുള്ളൂ , 2 മിനുറ്റ് നടന്നാൽ മ്യൂസിയത്തിലെത്താം 4 നിലയുള്ള മ്യൂസിയം ഇന്നത്തെ ദിവസം പ്രവേശനം സൌജന്യമാണ്. ആദ്യത്തെ നിലയിൽ ബാസ്ക് റീജിയനിലെ പരമ്പരഗത രീതിയിലെ കെട്ടിടങ്ങളും ചരിത്രവും നമ്മൾക്ക് കാണാം ,ഒന്നാം നിലയിൽ നമ്മൾ കാണുന്നത് ബാസ്കിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏടുകളിൽ നിന്നും പകർത്തിയ സംഭവങ്ങളുടെ പെയിന്റിങ്ങുകളും ഫോട്ടോകളും പഴയ കറൻസികൾ നാണയങ്ങൾ എന്നിവയുമാണ് . രണ്ടാം നിലയിൽ ഞങ്ങൾ കണ്ടതു ബാസ്ക് സംസ്കാരത്തിനെ കുറിച്ചാണു , ബാസ്കിന്റെ ഭാഷയായ ഉസ്കേറ , ബാസ്ക് സ്പോർട്സ്, സംഗീതം, വിശ്വാസരീതികൾ എന്നിവ. തീർത്തും സ്പെയിനിൽ നിന്നും വ്യത്യസ്ഥമായ സംസ്കാരമാണു ഞങ്ങളവിടെ കണ്ടത്. അതു തന്നെയാണ് ബാസ്ക് റീജിയന്റെ പ്രത്യേകത അതുകൊണ്ടു തന്നെയാണവർ സ്പെയിനിൽ നിന്നും സ്വാതന്ത്ര്യം ചോദിച്ച് സ്വന്തം രാജ്യത്തിനു വേണ്ടി സ്പെയിനിനോടു പൊരുതുന്നതു .

അവിടെ നിന്നും ഞങ്ങൾ പോയതു അസ്സംബ്ലി കെട്ടിടത്തിലെക്കായിരുന്നു ബാസ്ക് രാഷ്ട്രീയ ചരിത്രത്തിൽ എടുത്തുപറയേണ്ട സ്ഥലമാണു ഗെർണിക്ക , നൂറ്റാണ്ടുകളായി ഗെർണിക്കയായിരുന്നു ബാസ്കിന്റെ ആസ്ഥാനം, 19-)0 നൂറ്റാണ്ടിൽ പണിത ആ കെട്ടിടത്തിനു മുൻപ് ബാസ്കിന്റെ ഭരണകർത്താക്കൾ ഒത്തുകൂടി തീരുമാനങ്ങളെടുത്തിരുന്നതു അവിടെ തന്നെയുള്ള ഓക്ക് മരത്തിന്റെ ചുറ്റുമിരുന്നായിരുന്നു 400 വർഷം പഴക്കമുള്ള ഓക്കുമരത്തിന്റെ ഒരു ഭാഗം ചരിത്രത്തിന്റെ ഓർമക്കായി അവർ ഇന്നും സൂക്ഷിച്ചു വെച്ചിട്ടുണ്ട്.അസ്സംബ്ലി കെട്ടിടത്തിനകത്തു കടന്ന ഞങ്ങൾ ആദ്യം പോയതു അസ്സംബ്ലി ചേംബറിലേക്കായിരുന്നു ഇവിടെയായിരുന്നു ബാസ്ക് ഭരണകർത്താക്കളുടെ മീറ്റിങ്ങ് നടന്നിരുന്നതു. അന്നത്ത കാലത്തു ബാസ്ക് പ്രദേശത്തു ഭരണകാര്യങ്ങളിൽ മതത്തിനു നിർണ്ണായക സ്വാധീനമുണ്ടായിരുന്നു , ചുമരുകളിൽ ഭരണകർത്താക്കളുടെ ധാരാളം പോർട്രെയിറ്റുകൾ അവരുടെ പ്രാധാന്യമനുസരിച്ച് അവർ ഭരിച്ചിരുന്ന വർഷം സഹിതം കൊടുത്തിട്ടുണ്ട് .അസ്സംബ്ലി ഹാളിന്റെ മുഖ്യ ആകർഷണം അതിന്റെ മേൽക്കൂരയിൽ കണ്ണാടിയിൽ തീർത്ത പെയിന്റിങ്ങാണു നൂറ്റാണ്ടുകൾക്ക് മുന്നെ ഓക്ക് മരത്തിന്റെ കീഴിൽ അവർ ഒത്തുകൂടിയിരുന്നു തീരുമാനങ്ങൾ എടുത്തിരുന്നതിന്റെ ചിത്രമായിരുന്നു അത്.

സമയം 2 മണി കഴിഞ്ഞു കാട്ടിൽ പോയി ഊണു കഴിക്കാനുള്ള ക്ഷമയൊന്നും ആരുടെ മുഖത്തും ഇല്ല , അതുകൊണ്ടുതന്നെ അസ്സംബ്ലി ഹാളിനു തൊട്ടടുത്തുള്ള യൂറോപ്യൻ ജനതയുടെ പാർക്ക് എന്നു പേരുള്ള പാർക്ക് കൂടി കണ്ടതിനു ശേഷം ഗെർണിക്കയിൽ നിന്നും തിരിക്കാൻ തീരുമാനിച്ചു .എന്നെ ആ പാർക്കിൽ ആകർഷിച്ചതു ഹെന്റ്റിമൂറെ നിർമ്മിച്ച വാർ ഹെൽമറ്റ് എന്ന 2 ടൺ ഭാരമുള്ള ബ്രോൺസ് രൂപമാണു .അല്പനേരം അവിടെ ചിലവഴിച്ച ഞങ്ങൾ ഓമയിലേക്കു പോകാൻ തീരുമാനിച്ചു .


‘ഓമ കാട്’കോർടെസുബി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഗെർണിക്കയിൽ നിന്നും ലെക്കെയ്റ്റയിലേക്കുള്ള വഴിയിൽ 4 കിലോമീറ്റർ അകലെ ഉള്ള പൈൻ മരങ്ങളുടെ താഴ്വര, പക്ഷെ ഗെർണിക്കയിൽ നിന്നും ഓമയിലേക്ക് ബസ്സില്ല, നടന്നു പോകാനും പറ്റില്ല. ഞങ്ങൾ 7 പേരുണ്ട് ആകെ ബെർണാഡിന്റെ ഒരു കാറും, രണ്ടുതവണയായി പോവുകയല്ലാതെ രക്ഷയില്ല 5 മിനുറ്റ് കൊണ്ട് ഞങ്ങൾ ഓമയിലെത്തി ആ റോഡ് അവസാനിക്കുന്നതു സാന്റിമാമിഞെ ഗുഹയുടെ താഴെയുള്ള കാർപാർക്കിങ്ങ് സ്ഥലത്താണു. എന്നെയും അനിതയെയും അവിടെ ഇറക്കി ബെർണാഡ് വീണ്ടും ബാക്കിയുള്ളവരെ കൊണ്ടുവരാൻ പോയി. ഞങ്ങൾ ഒരു കാസരിയോയുടെ മുന്നിലാണു നിൽക്കുന്നതു, കാസരിയൊ എന്നാൽ ഫാംഹൌസ്. ആ ഫാംഹൌസിന്റെ താഴത്തെ നില ഇടതുവശത്തു ബാറും വലതു വശത്തു ഹോട്ടലും.ആ കാസരിയോയുടെ മുന്നിലൂടെ രണ്ടു മൺ വഴികൾ കണ്ടു ആദ്യത്തെ വഴിയിൽ പെയ്ന്റെഡ് ഫോറസ്റ്റ് 2.2 കി മി, ഓമ 3.8 കി മി എന്നും രണ്ടാമത്തെ വഴിയിൽ ഓമ 4.2കിമി  എന്നും ചൂണ്ടു പലക കണ്ടു. കാസരിയോ നിൽക്കുന്ന റോഡിലൂടെ 400 മീറ്റർ നടന്നാൽ സാന്റിമാമിഞെ ഗുഹയിലെത്താം. ബെർണാഡ് തിരിച്ചുവരുമ്പോഴെക്കും ഒന്നു കറങ്ങിവരാമെന്നു കരുതി ഞാനും അനിതയും സാന്റിമാമിഞെ ലക്ഷ്യമാക്കി നടന്നു,എരെഞോസർ മലയുടെ അടിവാരത്തായാണു ഗുഹാമുഖം. ഇവിടെ എത്തുന്ന സഞ്ചാരികൾക്കു വേണ്ടി വളരെ നല്ല അടിസ്ഥാനസൌകര്യങ്ങളാണു വിസ്കായ ഗവണ്മെന്റ് ഒരുക്കിയിരിക്കുന്നതു, വിശാലമായ വാഹനപാർക്കിങ്ങ് സൌകര്യം അതുകഴിഞ്ഞ് ആ കുന്നിൻ മുകളിൽ തന്നെ റ്റൂറിസ്റ്റ് ഇൻഫോർമേഷൻ ഓഫീസ്സ്, അതിനും മുകളിൽ ഓക്കു മരങ്ങൾ നിറഞ്ഞ പാർക്കിൽ നിറയെ കരിങ്കൽ കൊണ്ടുള്ള ഭക്ഷണം കഴിക്കാനുള്ള മേശയും ഇരിപ്പിടങ്ങളും .......നൂറു കണക്കിനു ആളുകൾ കുടുംബസഹിതം അവിടെ ഇരുന്നു ഭക്ഷണം കഴിക്കുന്നു, ഞങ്ങൾ നേരെ ടൂറിസ്റ്റ് ഓഫീസ്സിലെക്കു നടന്നു.

                                                            ടൂറിസ്റ്റ് ഓഫീസ്സ്


എവിടെയാണു ഗുഹാമുഖം എന്നോ എത്ര ദൂരമുണ്ടെന്നോ ഈ സമയത്തു ആ ഗുഹക്കകത്തു പ്രവേശിക്കാൻ സാധിക്കുമോ എന്നോ എനിക്കൊരു പിടിയുമില്ല എന്തായാലും അറിയാവുന്ന അരമുറി സ്പാനിഷിൽ ചോദിക്കുക തന്നെ.

“ ഓലാ ബുവണാസ് താർദെസ് ” ( ഗുഡ് ആഫ്റ്റർനൂൺ )
“സോമോസ് ഇൻഡ്യോസ് ” ( ഞങ്ങൾ ഇന്ത്യാക്കാരാണു )
“കിയ്റെമോസ് സാബെർ ദോൻഡെ എസ്താ ലാ കുഎവാ സാന്റിമാമിഞെ ഇ പൊദെമോസ് വെർ അഓറ” (എവിടെയാണു സാന്റിമാമിഞെ ഗുഹ ഈ സമയത്തു കാണാൻ സാധിക്കുമോ ).

“ ആ കാണുന്ന കരിങ്കൽ പടവുകളിലൂടെ 306 പടികൾ കയറിയാൽ ഗുഹാമുഖത്തെത്താം ,ഇപ്പോൾ ഗുഹക്കകത്തു പ്രവേശിക്കാൻ സാധിക്കില്ല, ഇന്നിനി 4.30 നും 5.00 നും പരമാവധി 20പേർ ഉൾക്കൊള്ളുന്ന സംഘത്തിനു ഗൈഡിന്റെ സഹായത്തോടെ ഗുഹ സന്ദർശിക്കാം. 4.30 നുള്ള സംഘത്തിനു ഉസ്കേറ ഭാഷയിൽ ഗൈഡിന്റെ വിവരണവും 5.00 മണിയുടെ സംഘത്തിനു സ്പാനിഷ് ഗൈഡിന്റെ സഹായവും ലഭിക്കും. ആകെ ഒന്നര മണിക്കൂർ സമയത്തെ ഈ സന്ദർശനത്തിൽ പകുതി സമയം ഗുഹക്കകത്തും പിന്നീട് ഓഫീസ്സിനു അടുത്തുള്ള 3ഡി തിയറ്ററിൽ ഗുഹക്കകത്തെ ചിത്രങ്ങളും ചരിത്രവും കാണാം. ഈയാഴ്ച്ച ഗുഹാപ്രവേശനം തീർത്തും സൌജന്യം“

“നൊസോത്രോസ് സീയ്റ്റെ പെർസൊണാസ്” (ഞങ്ങൾ 7 പേർ ഉണ്ട്)

“5.00 മണിയുടെ സ്പാനിഷ് ഗൈഡിന്റെ സംഘത്തിൽ 15 പേർ റിസർവ് ചെയ്തുകഴിഞ്ഞു ഇനി 5 പേർക്ക് കൂടി മാത്രമെ ആ സംഘത്തിൽ ടിക്കറ്റ് ബാക്കിയുള്ളൂ, എല്ലാവർക്കും ഒരുമിച്ച് കയറണമെങ്കിൽ 4.30 നു ഉസ്കേറ ഗൈഡിന്റെ കൂടെ പോകാം ”

എല്ലാ വിശദവിവരവും അന്വേഷിച്ചറിഞ്ഞ ശേഷം ഞാനും അനിതയും കൂടി ഗുഹാമുഖം വരെ പോയിവരാൻ തീരുമാനിച്ചു, ഓക്കു മരങ്ങൾക്കിടയിലൂടെ 306 കരിങ്കൽ പടികൾ കയറി ഞങ്ങൾ ഗുഹാമുഖത്തെത്തി.എന്നാൽ ഞങ്ങളവിടെ കണ്ടതു ഗുഹയിൽ അനുവാദമില്ലാതെ പ്രവേശിക്കാതിരിക്കാനായി താഴിട്ടുപൂട്ടിയിരിക്കുന്നു. അലപനേരം അവിടെ ചിലവഴിച്ച ശേഷം ഞങ്ങൾ പടികളിറങ്ങി വന്നു ബെർണാഡിനെയും സംഘത്തെയും കാത്തു നിന്നു.


സമയം 3.30 വിശന്നിട്ട് കുടലു കരിയുന്നു എല്ലാവരുടെ മുഖത്ത് അതു കാണാം, വീട്ടിൽനിന്നും കൊണ്ടുവന്ന ഭക്ഷണം ഞങ്ങളെല്ലാവരും കൂടി പങ്കിട്ടെടുത്തു ആ കരിങ്കൽ മേശയിലിരുന്നു കഴിച്ചു.ഇപ്പോൾ ഈ പാർക്കിനു പുറത്തു 30 ഡിഗ്രീയിൽ കൂടുതൽ ചൂട് ഉണ്ടെങ്കിലും പാർക്കിനകത്തു ഓക്കുമരങ്ങൾക്കിടയിലൂടെ വെയിൽ കടക്കാത്തതിനാൽ ചെറിയ തണുപ്പുണ്ട്.ഭക്ഷണമെല്ലാം കഴിച്ചു ഞങ്ങൾ ഗുഹയിൽ സന്ദർശിക്കുന്നതിനുള്ള പ്രവേശന ടിക്കറ്റ് വാങ്ങി ഗൈഡിനെയും കാത്തുനിന്നു.സമയം 4.30 ഓഫീസ്സിൽനിന്നും പത്തുമുപ്പതു വയസ്സുപ്രായം വരുന്ന സ്പാനിഷ് യുവതി കരിങ്കൽ പടികളിൽ കയറിനിന്ന് ഗുഹസന്ദർശിക്കാൻ ടിക്കറ്റെടുത്തവരോട് പോകാനുള്ള സമയമായെന്നറിയിച്ചു. ഞങ്ങളുൾപ്പെടെ പത്തിരുപതുപേർ വരുന്ന സംഘം അവരുടെ ചുറ്റും കൂടി നിന്നു, ഉസ്കേറ ഭാഷയിലാണു അവർ സംസാരിക്കുന്നതു ഞങ്ങൾ ഇന്ത്യാക്കാർക്കു മനസ്സിലാകാനായി അവസാനം വളരെ ചുരുക്കി സ്പാനിഷിലും അവർ പറഞ്ഞു തന്നു.

ഞങ്ങൾ അവരെ പിന്തുടർന്നു പടികൾ കയറി ഗുഹാമുഖത്തെത്തി, ഗുഹയിൽ കയറുന്നതിനു മുൻപായി അവർ ആ ഗുഹയുടെ ചരിത്രം അൽപം പറഞ്ഞു തന്നു.

“ ഈ മലയുടെ താഴ്വാരത്തുള്ള സാന്റിയാഗോ ചാപ്പലിന്റെ ഉസ്കേറയിലുള്ള പേരാണു ഈ ഗുഹക്കു നൽകിയിരിക്കുന്നതു ‘സാന്റിമാമിഞെ’ 1916ൽ ഈ പ്രദേശത്തു കളിക്കുകയായിരുന്ന കുട്ടികളാണു ആദ്യമായി ഈ ഗുഹ കണ്ടെത്തിയതു അതിനു ശേഷം ആ കുട്ടികളിൽ നിന്നും അവരുടെ മാതാപിതാക്കളിലേക്കും അധ്യാപകരിലേക്കും ഈ വിവരം എത്തിചേർന്നു,പ്രശസ്ത ബാസ്ക് കമ്പോസറായിരുന്ന ഹെസുസ് ഗുരുഡിയാണു ഈ ഗുഹയെ പറ്റി വിസ്ക്കായ ഗവണ്മെന്റിനെ അറിയിക്കുന്നതു”

ഈ ഗുഹയിലെ ചിത്രങ്ങൾക്ക് 14000ത്തോളം വർഷം പഴക്കം കണക്കാക്കുന്നു, ആദ്യകാലങ്ങളിൽ ഒരു നിയന്ത്രണവുമില്ലാതെ ആളുകൾ പ്രവേശിച്ചു ചിത്രങ്ങൾ നശിക്കാൻ തുടങ്ങിയതോടെ ഗവണ്മെന്റ് ചിത്രങ്ങൾ സ്ഥിതിചെയ്യുന്ന ഭാഗത്തേക്കുള്ള പ്രവേശനം നിരോധിച്ചു, അതുകൊണ്ടു തന്നെ ആ ഗുഹയുടെ ആദ്യത്തെ ഒരു 60 മീറ്റർ ഭാഗത്തു മാത്രമായി പ്രവേശനം പരിമിതപെടുത്തിയിരിക്കുന്നു എന്ന് മുന്നറിയിപ്പു തന്നുകൊണ്ടവർ ഗുഹയുടെ ഗേറ്റ് തുറന്നു.

                              ഗുഹക്കകത്തെ കാട്ട്പോത്ത് കട: ബിസ്കായ റ്റൂറിസം സൈറ്റ്
ഗൈഡിന്റെ പുറകെ വരിവരിയായി ഞങ്ങളും ഗുഹക്കകത്തേക്ക് പ്രവേശിച്ചു, ഹൊ നല്ല തണുപ്പ്.. ഗുഹക്ക്മുകൾ ഭാഗത്തുനിന്നും വെള്ളം ഇറ്റിറ്റായി വീഴുന്നു , നാലോ അഞ്ചോ ഡിഗ്രീ കാണും അതിനകത്തെ താപനില.ഗുഹക്കകത്തെ വിസ്താരം കൂടിയ സഥലത്തു ഞങ്ങൾ ഗൈഡിന്റെ ചുറ്റും കൂടി നിന്നു, അവർ ഉസ്കേറയിൽ വീണ്ടും തുടർന്നു,


“ആ കാണുന്ന കറുത്ത വര കണ്ടോ ഒരാൾ ഉയരത്തിൽ ഗുഹക്കകത്തു ചുറ്റും, 1916 ൽ ആ കുട്ടികൾ കളിക്കാനായി ഇവിടെ വരുമ്പോൾ ആ കറുത്ത വര കാണുന്ന അത്രയും വരെ മണ്ണ് മൂടികിടക്കുകയായിരുന്നു ഈ ഗുഹക്കകം മുഴുവൻ. 1918ലും 1926ലും നടന്ന ഉദ്ഘനനത്തിൽ അൻപതോളം ശിലാചിത്രങ്ങളാണു കണ്ടെടുത്തതു.1997 വരെ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ഈ ഗുഹക്കകം മുഴുവനും 365 മീറ്റർ ദൂരം ചിത്രങ്ങളും കാത്സ്യം കാർബണേറ്റടിഞ്ഞു രൂപപെട്ടുണ്ടായ പലവർണത്തിലുള്ള രൂപങ്ങളും കാണാമായിരുന്നു,2006ൽ പൂർണ്ണമായും ഗുഹക്കകം പൊതുപ്രവെശനം അവസാനിപ്പിച്ചു. 2008 മാർച്ച് മുതൽ വീണ്ടും പ്രവേശനത്തിനു അനുമതി നൽകി ടൂറിസ്റ്റ് ഒഫീസ്സ് വഴി ഒരു ദിവസം 75 പേർ 60 മീറ്റർ ദൂരം എന്ന അക്കത്തിൽ ഒതുക്കി, ചിത്രങ്ങൾ സ്ഥിതി ചെയ്യുന്ന ഇടം ഉദ്ഘനനം നടത്തുന്നവർക്കും അറ്റകുറ്റപണി നടത്തുന്നവർക്കു മാത്രമായി പ്രവേശനം. ”
                        വെള്ളം മുകളിൽനിന്നും ഇറ്റിറ്റായി വീഴുന്നു 
അരമണിക്കൂറോളം ഞങ്ങൾ അവിടെ ചിലവഴിച്ചെങ്കിലും ഗുഹ പൂർണ്ണമായും കണ്ടില്ലെങ്കിലും ആ ചിത്രങ്ങൾ കാണാൻ സാധിക്കാത്തതിൽ ഞങ്ങൾക്കെല്ലാവർക്കും നിരാശയുണ്ടായിരുന്നു ഞങ്ങളതു ഗൈഡിനോടു തുറന്നു പറയുകയും ചെയ്തു. അതിനു പരിഹാരമായി വിസ്ക്കായ ഗവണ്മെന്റ് ഒരുക്കിയ സംവിധാനമാണു സാന്മാമെസ് ചാപ്പലിൽ ഒരുക്കിയ വെർച്ച്വൽ 3ഡി ഗുഹാസന്ദർശനം അതിലൂടെ നമ്മൾക്ക് ഗുഹക്കകം മുഴുവനും കാണാം.പക്ഷെ അതെന്തായാലും ഞങ്ങൾക്കത്ര ആകർഷകമായി തോന്നിയില്ല എന്നു മാത്രമല്ല സമയം അഞ്ചുമണിയിലേറെയായിരിക്കുന്നു, ഇനി ഓമ ഫോറസ്റ്റിലെ പെയിന്റടിച്ച പൈൻ മരങ്ങൾ കൂടി കാണാനുണ്ട് അതിന് ഓമ കാടിലൂടെ 7.4 കിലോമീറ്റർ ദൂരം നടക്കണം 3 മണീക്കൂറെങ്കിലും സമയമെടുക്കും അതുകൊണ്ടുതന്നെ ഞങ്ങൾ വെർച്ച്വൽ3ഡി സിനിമ കാണേണ്ടെന്നു തീരുമാനിച്ച് ഗൈഡിനോടു യാത്രപറഞ്ഞു ഓമയിലേക്കു നടന്നു.കാട്ടുകറക്കം കഴിഞ്ഞു വരുമ്പോഴെക്കും ഇരുട്ടുവീഴുമോ എന്ന പേടി വേണ്ടാ ഇവിടെയിനി സെപ്റ്റംബർ മാസം വരെ രാത്രി പത്തുമണീയായാലും സൂര്യൻ നമ്മുടെ കൂടെയുണ്ടാകും.

‘ഓമ കാട്’ ബാസ്ക്ക് കലാകാരനായ അഗസ്റ്റിൻ ഇബറോളയുടെ വളരെ പ്രസിദ്ധമായ ലാന്റ് ആർട്ട്. 1960കളിൽ ആദ്യമായിൽ അമേരിക്കയിൽ തുടക്കം കുറിച്ച പ്രകൃതികലാരൂപം, കലാകാരൻ അവന്റെ കലാസൃഷ്ടിക്കായി പ്രകൃതിയെ തന്നെ ചാലകമായി ഉപയോഗിക്കുക. അതുതന്നെയാണു നമ്മൾക്ക് ഓമ പൈൻ മര കാടുകളിൽ കാണാവുന്നത് പലനിറങ്ങളിലുള്ള ചായങ്ങളുപയോഗിച്ചു 500ഓളം മരങ്ങളിൽ വരച്ച ചിത്രങ്ങൾ. രണ്ടും മൂന്നും മരങ്ങളെ ഒരു പ്രത്യേക ദിശയിൽ ഒരുമിച്ചു നോക്കിയാലെ നമ്മൾക്ക് ഒരു ചിത്രം പൂർണമായും കാണാൻ സാധിക്കൂ, എന്നിരുന്നാലും ചില ചിത്രങ്ങൾ ഒരു മരത്തിൽ തന്നെ മുഴുവനായും കാണാം.

ഞങ്ങൾ വീണ്ടും തിരിച്ചു ലെസിക്ക
റെസ്റ്റോറന്റിന്റെ മുന്നിലെത്തി അവിടെയുള്ള ചൂണ്ടുപലകയിൽ നോക്കി ഓമയിലെ പൈൻമര കാട്ടിലേക്കു ഞങ്ങൾ 7 പേരും നടന്നു


ഞങ്ങളെ കൂടാതെ ഒരു പാടു സ്പാനിഷ് കുടുംബങ്ങൾ മൂന്നുനാലു വയസ്സു പ്രായമുള്ള കുട്ടികളെയും കൊണ്ട് മലകയറുന്നുണ്ട്. സ്പാനിഷുകാരെ കൂടാതെ ജെർമ്മൻകാരെയും ഫ്രാൻസുകാരെയും ഞങ്ങൾ കണ്ടു,7 പേരും ഒരുമിച്ചു കാടുകയറുന്ന ഞങ്ങൾ അരമണിക്കൂറുകഴിഞ്ഞപ്പോഴെക്കും മൂന്നു സംഘമായി ഏറ്റവും മുന്നിൽ ഞാനും അനിതയും ഞങ്ങൾക്ക് കുറച്ചു പുറകിലായി ബെർണാഡും ഭാസകരനും ലോകനാഥനും, അവർക്കും ഏറ്റവും പുറകിലായി ദിവാകരനും ഭാര്യയും അവരുടെ നടത്തത്തിന്റെ വേഗത കണ്ടിട്ട് ഇന്നു കാടുകയറി അവർ വീട്ടിൽ തിരിച്ചെത്തുമെന്നു തോന്നുന്നില്ല സമയം 6 മണിയായി 9.30 നാണു ബിൽബാവോയിലേക്കുള്ള അവസാന ബസ്സ്. ഇരുവശത്തും പൈൻ മരങ്ങൾ അല്പം കൂടി മുന്നോട്ടു നടപ്പോൾ യൂക്കാലിസ് മരങ്ങൾ കണ്ടു, ഒരു ചെറു വാഹനം കടന്നു പോകുന്ന വീതിയിലുള്ള മൺപാതയാണെങ്കിലും പക്ഷെ വാഹനങ്ങൾക്ക് പ്രവേശനമില്ല.കുത്തനെ കയറ്റം കയറുന്നതു ഒഴിവാക്കാനായി മൺപാത ഹെയർപിൻ പോലെ വളഞ്ഞും പുളഞ്ഞും ഓമ കാട്ടിലേക്കു നമ്മെ നയിക്കുന്നു.ചില ആളുകൾ എങ്കിലും കുത്തനെയുള്ള കയറ്റം കയറിപോകുന്നുണ്ട്, സ്പാനിഷു കുടുംബത്തിലെ കൊച്ചുകുട്ടികൾ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കയ്യിൽ പിടിച്ചു കഥകൾ പറഞ്ഞ് കളിച്ചുചിരിച്ചു നടന്നു നീങ്ങുന്നു .
കുറച്ചുനേരം ഞങ്ങൾ വഴിയിൽ കാത്തുനിന്നിട്ടും ദിവാകരനെയും ഗീതയെയും കാണുന്നില്ല,ബെർണാഡും ഭാസ്കരനും പറഞ്ഞു അവർ തിരിച്ചുപോയി ലെസിക്ക റെസ്റ്റോറന്റിൽ നമ്മളെ കാത്തിരിക്കാമെന്ന്.ഏകദേശം ഒരു മണിക്കൂറായി നടത്തം തുടങ്ങിയിട്ട് ഇതു വരെ ഒരു മരത്തിലും ചിത്രങ്ങൾ പോയിട്ടു പെയിന്റിന്റെ ഒരു അംശംപോലും കാണുന്നില്ല ചെറുതായി മടുക്കാൻ തുടങ്ങി ആ ചിത്രങ്ങൾ കാണാൻ വേണ്ടി മാത്രമാണു ഈ 7.4 കിലോമീറ്റർ നടക്കുന്നതു. ബസോന്തയിൽ നിന്നും ഓമയിലേക്ക് 4 കിലോമീറ്റർ അവിടെ നിന്നും മുന്നോട്ടു നടന്നാൽ വന്ന വഴിയിലൂടെ തന്നെ തിരിച്ചുവരാതെ 3.4 കിലോമീറ്റർ നടന്നാൽ ബസോന്തൊയിലെ ലെസിക്ക റെസ്റ്റോറന്റിൽ തിരിച്ചെത്താം,ഇരുപതുമിനുറ്റത്തെ നടത്തത്തിനു ശേഷം വഴി രണ്ടായി പിരിയുന്നടത്തു ചൂണ്ടുപലക കണ്ടു ബോസ്കെ പിന്താദോ ഓമ 2 കി മി സാന്റിമാമിഞെ ഗുഹയിൽ നിന്നും ഇപ്പോൾ നടന്നു തുടങ്ങിയിട്ട് 2.4 കി മി.

ഇടതുവശത്തുള്ള 200 മീറ്റർ കുത്തനെയുള്ള ഇറക്കം ഇറങ്ങി ഞങ്ങൾ ഓമയിലെ ചായം പൂശിയ പൈൻമരക്കാട്ടിലെത്തി, രണ്ടു പൈൻ മരങ്ങളുടെ മധ്യത്തിലായിൽ ഒരു ചുണ്ടിന്റെ പാതിഭാഗങ്ങൾ അല്പം മുന്നോട്ടു താഴെ നോക്കിയപ്പോൾ താഴെ 1 എന്നെഴുതി ദിശ കൊടുത്തിരിക്കുന്നതു കണ്ടു, അവിടെ നിന്നും നോക്കിയപ്പോൾ ആ രണ്ട്മരങ്ങളും ചേർന്നു നിൽക്കുന്നു അതോടൊപ്പം ആ രണ്ട്മരത്തിലെ പാതിചുണ്ടുകൾ ഒന്നായിരിക്കുന്ന ഉമ്മതരുന്നതുപോലെ.
കലാകാരന്റെ ഭാഷയിൽ പറഞ്ഞാൽ കാട് നമ്മെ ഉമ്മ നൽകി സ്വീകരിക്കുകയാണു, അടുത്തതു രണ്ട്മരങ്ങൾ ചേർത്തു നോക്കിയാൽ കാണുന്ന റോംബസ് രൂപമാണു മഴവില്ലിന്റെ രൂപങ്ങൾ ആളുകളുടെ രൂപങ്ങൾ മോട്ടോർബൈക്കിൽ ആളുകൾ വരുന്നതിന്റെ ചിത്രങ്ങൾ .......അങ്ങിനെ ഏകദെശം 47 ചിത്രങ്ങളുണ്ട് .


                                 മോട്ടോർബൈക്ക് കട: ബിസ്കായ വെബ്
എല്ലാ ചിത്രങ്ങളുടെയും അർത്ഥം ഈ സൈറ്റിൽ കലാകാരൻ പറയുന്നുണ്ട്.

ഈ യൂറ്റൂബ് വീഡിയോയിലൂടെ കുറച്ചുകൂടി നന്നായി കാണാം.
വീണ്ടും 3 കിലോമീറ്റർ കാടിനുള്ളിലൂടെ നടന്നു ഞങ്ങൾ തിരിച്ചു ലെസിക്ക റെസ്റ്റോറന്റിലെത്തി, സമയം 9 മണി എല്ലാവരും റെസ്റ്റോറന്റിൽ നിന്നും പിരിഞ്ഞ് അവരവരുടെ വീട്ടിലേക്കുപോകുന്നു. ചിലർ അവിടെയുള്ള കാരം ബോർഡ്പോലുള്ള ഒരു ബോർഡിൽ ഫുട്ബോൾ കളിക്കുന്നു.ഒരു ചായകുടിച്ചു ഞങ്ങളും അഡിയോസ് പറഞ്ഞു പിരിഞ്ഞു ഇനി അടുത്ത യാത്രയിൽ കാണാം.

9 comments:

krishnakumar513 30 May 2010 at 20:48  

ഗുഹാ വിവരണം നന്നായിരിക്കുന്നു. ഏഴു കിമി നടത്തം കുറച്ച് കടുപ്പം തന്നെ.

ഒരു യാത്രികന്‍ 31 May 2010 at 01:15  

വളരെ നന്നായി....മരത്തിലെ ചിത്രങ്ങള്‍ എന്ന ആശയം വളരെ വ്യത്യസ്ഥം തന്നെ......സസ്നേഹം

mini//മിനി 31 May 2010 at 19:29  

എന്താ പറയാ? വളരെ നന്നായിട്ടിണ്ട്.

Captain Haddock 1 June 2010 at 00:44  

ഗുഹാ വിവരണം വായിച്ചപ്പോ നമ്മുടെ ഇടയ്ക്കല്‍ ഗുഹയില്‍ പോയ പോലെ തോന്നി.

അഭി 1 June 2010 at 04:24  

ഗുഹാ വിവരണം നന്നായിരിക്കുന്നു.

Jimmy 3 June 2010 at 05:35  

വിവരണം വളരെ നന്നായിരിക്കുന്നു...

jyo 3 June 2010 at 23:30  

നന്നായിരിക്കുന്നു-പൈന്‍ മരങ്ങളിലെ മഴവില്ല് ഭംഗിയുണ്ട്.

ഞാനും എന്‍റെ ലോകവും 6 June 2010 at 07:09  

ക്രിഷ്ണകുമാർ, ഒരു യാത്രികൻ ,മിനി, ക്യാപ്റ്റൻ,അഭി,ജിമ്മി,ജ്യോ. എല്ലാവർക്കും നന്ദി.

sm sadique 18 June 2010 at 01:15  

യാത്രാ വിവരണം നന്ന്
മരങ്ങളിലെ വര വളരെ നന്ന്
ഉഗ്രൻ!!!!!!!!

Related Posts with Thumbnails

Follow by Email

എന്‍റെ കൂടെ കാഴ്ചകള്‍ കാണാന്‍ ഇഷ്ടപെടുന്നവര്‍

എന്‍റെ കൂടെ കാഴ്ചകള്‍ കണ്ടവര്‍

VISITORS TODAY


contador

copy right

ചോദിച്ചിട്ട് എടുത്താല്‍ സന്തോഷം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP