Saturday 30 May 2009

THE LAST BULL FIGHT IN EIBAR ,SPAIN 2009. la ultima corrida de toros en eibar ,españa 2009

Buzz This
Buzz It

കാളപ്പോരിന്‍റെ പ്രതിഷേധങ്ങള്‍ പുറത്തു നടന്നു കൊണ്ടിരിക്കുമ്പോള്‍ അഞ്ചു മണിയോട് കൂടി സ്റ്റേഡിയത്തിനകത്തു പ്രവേശിക്കാനുള്ള വാതില്‍ തുറന്നു, വളരെ പഴയ സ്റ്റേഡിയമാണ് 106 വര്‍ഷത്തെ പഴക്കം. ടിക്കറ്റില്‍ എന്‍റെ സീറ്റ്‌ നമ്പര്‍ 1 എന്നെഴുതിയിട്ടുണ്ടെങ്കിലും ഞാന്‍ നേരത്തെ അതിനകത്ത്‌ കയറിയപ്പോള്‍ നമ്പര്‍ എഴുതിയ ഇരിപ്പിടങ്ങള്‍ ഒന്നും കണ്ടില്ലായിരുന്നു. ആദ്യം തന്നെ വരിയില്‍നിന്നു ഒന്നാമത്തെ സീറ്റില്‍ ആദ്യം തന്നെ കയറി ഇരിക്കാനുള്ള ശ്രമമായിരുന്നു എന്‍റെ (നാട്ടിലെ സിനിമ ടിക്കറ്റ്‌ എടുക്കുന്നത് പോലെ )കൂടെ വരിയില്‍ നിക്കുന്നത് അറുപതു വയസ്സ് കഴിഞ്ഞവര്‍ ആണെങ്കിലും വാതില്‍ തുറന്നപ്പോള്‍ എന്നെ തള്ളി പിന്നിലാക്കി എണ്‍പതുകാരി വരെ അകത്തു കയറി പോയി. പരമാവധി പത്തു വരി ഇരിപ്പിടങ്ങള്‍ ചുറ്റും പത്തു നില കെട്ടിടങ്ങള്‍ ടിക്കറ്റ്‌ എടുക്കാതെ തന്നെ അവിടെ ജന്നല്‍ വാതിലിലൂടെ കാണുവാന്‍ ഉന്തും തള്ളും നടക്കുന്നുണ്ട്. നല്ല പൊള്ളുന്ന വെയില്‍ രാവിലെ മൂടി കെട്ടിയ അന്തരീക്ഷം കണ്ടപ്പോള്‍ നാല്‍പതു യൂറോ പോയി എന്ന് കരുതിയതാണ്, എല്ലാ ഇരിപ്പിടങ്ങളിലും പെയിന്റ് കൊണ്ടു ഇരിപ്പിടത്തില്‍ നമ്പര്‍ എഴുതിയിട്ടുണ്ട് പക്ഷെ ഒരു ലെന്‍സ് വേണ്ടി വരും അത് വായിച്ചെടുക്കുവാന്‍ അത്രക്കും വലിപ്പം. ഒന്നാം വരിയിലെ ഒന്നാമനായി തന്നെ ഞാന്‍ ഇരുന്നു ആളുകള്‍ വളരെ പെട്ടെന്ന് സ്റ്റേഡിയത്തിലേക്കു ഒഴുകി വന്നു കൊണ്ടിരുന്നു ഇനി അഞ്ചു നിമിഷം മാത്രം കാള പോര് തുടങ്ങുവാന്‍.






കാളപ്പോരിനെ കുറിച്ചു പരമാവധി വിവരങ്ങള്‍ ഞാന്‍ സ്പാനിഷ് സുഹൃത്തുക്കളില്‍ നിന്നും അന്വേഷിച്ചിരുന്നു അവിടെ പെരുമാറേണ്ട രീതിയും എന്തൊക്കെയാണ് അവിടെ നടക്കുന്ന കാര്യങ്ങള്‍ എന്നൊക്കെ. സൂര്യന് അഭിമുഖമായാണ് ഞങ്ങള്‍ ഇരിക്കുന്നത് അത് കൊണ്ടു ഈ വശത്ത് ഇരിക്കുവാന്‍ ടിക്കറ്റ്‌ ചാര്‍ജ് കുറവാണു ഞങ്ങള്‍ ഇരിക്കുന്നതിന്റെ എതിര്‍ വശത്ത് കൂടിയുള്ള വാതിലില്‍ കൂടിയാണ് കാളയെ പോരിനായി ഇറക്കി വിടുന്നത്,വലതു വശത്തുള്ള വാതിലില്‍ കൂടി കാള പോര് കാരനും, ഇടതു വശത്തുള്ള വാതിലിലൂടെ മത്സരം കഴിഞ്ഞു കാളയെ കുതിരകള്‍ കെട്ടി വലിച്ചു കൊണ്ടു പോകും .സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞു സമയം അഞ്ചു മുപ്പതു ഇടതു വശത്തുള്ള വാതില്‍ തുറന്നു,അതിലൂടെ നല്ല ആരോഗ്യമുള്ള അഴകൊത്ത ചെമ്പന്‍ കുതിരയുടെ മുകളില്‍ തൂവലോട് കൂടിയ തൊപ്പി വെച്ച സ്പാനിഷ് വേഷം ധരിച്ച ചെറുപ്പക്കാരന്‍ കടന്നു വന്നു .ഒരു സാധാരണ കുതിര നടക്കുന്ന പോലെ അല്ലായിരുന്നു ആ കുതിര നടന്നിരുന്നത് .മുന്നോട്ടു വെക്കുന്ന ഓരോ അടിയിലും മുന്‍കാല്‍ പരമാവധി ഉയര്‍ത്തി മടക്കി തറയില്‍ ശക്തിയായി ചവുട്ടി കൊണ്ടായിരുന്നു നടന്നിരുന്നത് അത് കാണാന്‍ തന്നെ ഒരു പ്രത്യേകത .സ്റ്റേഡിയം ത്തിലെ ആളുകള്‍ ഒന്നാകെ എഴുന്നേറ്റു നിന്നു കയ്യടിച്ചു സ്വീകരിച്ചു .






അതിന് പുറകിലായി തൊപ്പികള്‍ കയ്യില്‍ പിടിച്ചു ഇന്നു പോരാടുന്ന കാളപ്പോരുകാരും കയ്യില്‍ കാളയെ വിറളി പിടിപ്പിക്കാനായി തുണി പിടിച്ചു അവരുടെ സഹായികളും. കാളയുടെ പുറത്തു മരപ്പിടിയോടു കൂടിയ കമ്പി കുത്തി ഇറക്കുന്ന സഹായികളും ,സുരക്ഷാകവചം അണിഞ്ഞ കുതിരയുടെ പുറത്തിരുന്നു കയ്യിലിരിക്കുന്ന ജാവലിന്‍ കൊണ്ടു കാളയുടെ കഴുത്തില്‍ കുത്തി ഇറക്കുന്ന സഹായികളും(എല്ലാ കുതിരയുടെയും കണ്ണുകള്‍ തുണി വെച്ചു കെട്ടിയിരുന്നു ) ,ഏറ്റവും അവസാനം ചത്ത കാളയെ കെട്ടി വലിച്ചു കൊണ്ടു പോകുന്ന മൂന്ന് കുതിരയും സഹായികളും അവിടെ വന്നു വരി വരിയായി പുറകില്‍ നിന്നു. ഏറ്റവും മുന്നില്‍ നില്ക്കുന്ന ചെമ്പന്‍ കുതിര സ്റ്റേഡിയം വലം വെച്ചു തിരിച്ചു വന്നു അവര്ക്കു അഭിമുഖമായി നിന്നു .ബാസ്ക് കണ്‍ട്രി യുടെ നൃത്തവും സംഗീതത്തോടും കൂടി ഉത്‌ഘാടനം തുടങ്ങി, പത്തു മിനിട്ട് നൃത്തവും വാദ്യ ഉപകരണങ്ങളുടെ സംഗീതവും കഴിഞ്ഞു എല്ലാവരും വരി വരിയായി സ്റ്റേഡിയം വലം വെച്ചു .ഞങ്ങള്‍ എല്ലാവരും ഇരിപ്പിടത്തില്‍ നിന്നു എണീറ്റ്‌ അവരെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു .











അടുത്തത് ഇനിയെന്താണ് നടക്കാന്‍ പോകുന്നത് എന്ന് മനസ്സിലോർത്ത് കൊണ്ട് ആകാംഷയോടെ കയ്യില്‍ ക്യാമറയുമായി ഞാന്‍ നോക്കിയിരുന്നു. മത്സരം നടക്കുന്ന മൈതാനത്തിനു ചുറ്റും, കാള ആളുകളുടെ ഇടയിലേക്ക് കയറി അപകടം ഉണ്ടാകിതിരിക്കാനായി ആളുകള്‍ ഇരിക്കുന്ന ഗാലറിയുടെ താഴെ ഒരു മതിലും അത് കൂടാതെ ചുവന്ന നിറത്തിലുള്ള മരം കൊണ്ടുള്ള സുരക്ഷ മതിലും ഉണ്ട്. ചിലപ്പോളൊക്കെ ഈ രണ്ടു മതിലുകളും ചാടി കടന്നു അറുന്നൂറു കിലോയോളം വരുന്ന കാള ആളുകളുടെ ഇടയില്‍ ചാടി അപകടം ഉണ്ടാക്കാറുണ്ട് .നാലു വശത്തായി വേറെ ഒരു സുരക്ഷ മതില്‍ കാണാം ഒരാള്ക്ക് മാത്രം കടക്കാവുന്ന സ്ഥലം മാത്രമെ ഉള്ളൂ .അപകടം സംഭവിക്കാതിരിക്കാന്‍ കാളയില്‍ നിന്നും രക്ഷപെട്ടു നില്ക്കാന്‍ ഉള്ള സ്ഥലം .അവിടെ തത്സമയ സംപ്രേഷണം നടത്താന്‍ ക്യാമറയുമായി ഒരാള്‍ നില്‍ക്കുന്നുണ്ട്‌ .











മത്സരം തുടങ്ങുകയാണെന്ന് അവിടെ ഉള്ള കാള പോര് സംഗീതം കേട്ടപ്പോള്‍ മനസ്സിലായി ,മത്സരം നടന്നുകോണ്ടിരിക്കുന്ന സമയം മുഴുവൻ ഈ സംഗീതവും ഉണ്ടാകും.




എതിര്‍വശത്തുള്ള വാതിലില്‍ കൂടി ആദ്യത്തെ കാളയെ അഴിച്ചു വിട്ടു,ആ കാള കൊമ്പുകള്‍ പൊക്കി പിടിച്ചു കൊണ്ടു മണ്ണിൽ പൊടിപറത്തി ഓടി വന്നു, എല്ലാവരും സുരക്ഷ മതിലിനുള്ളില്‍ കയറി നിന്നു. പ്രശസ്തരായ കാളപ്പോരുകാരെ പോലെ തന്നെ പ്രാധാന്യമുള്ളതാണ് മത്സരത്തിനുള്ള കാളകളും, ഇന്നു ഇവിടെ ആറു കാളക്കുട്ടികളെയാണ് കൊണ്ടു വന്നിരിക്കുന്നത് പ്രായപൂര്‍ത്തിയായ വലിയ ഒരു കാളക്കു അറുന്നൂറു കിലോയില്‍ കൂടുതല്‍ തൂക്കം കാണും എന്നാൽ ഈ കാള കുട്ടികൾക്ക് അഞ്ഞൂറ് കിലോയില്‍ കൂടുതല്‍ ഉണ്ടാകില്ല. ഇന്നിവിടെ കാളയുടെ കൂടെ പോരിനിറങ്ങുന്നത് ആറു കാളപ്പോരുകാർ ആണ് സാധാരണ കാള പോര് മത്സരത്തില്‍ ആറു കാളകളും മൂന്ന് കാളപ്പോരുകാരുമാണു ഉണ്ടാവുക .ഇന്നു മത്സരിക്കുന്നവരില്‍ മൂന്ന് പേര്‍ കളിയില്‍ നിന്നും വിരമിച്ച സ്പെയിനില്‍ പ്രശസ്തരായ bull fighter ആണ്, ബാക്കിയുള്ള മൂന്ന് പേരില്‍ രണ്ടു പേര്‍ പ്രൊഫെഷണല്‍ ഒരാള്‍ ഇപ്പോളും പോര് പഠിച്ചു കൊണ്ടിരിക്കുന്ന പയ്യന്‍.



ആദ്യത്തെ മത്സരം തുടങ്ങി, കളിയില്‍ നിന്നും വിരമിച്ച bull fighter NIÑO DE LA CPEA PEDRO ആണ് ആദ്യത്തെ കാളയുടെ കൂടെ പോരിനിറങ്ങുന്നത്. കാളയുടെ ആദ്യത്തെ പരാക്രമം കഴിഞ്ഞ ഉടനെ മൂന്ന് സഹായികള്‍ പുറംവശം മജന്ത അകം മഞ്ഞ നിറവുമുള്ള തുണിയുമായി കാളയെ വിറളി പിടിപ്പിച്ചു കൊണ്ടിരുന്നു കാളയുടെ ഓരോ കൊമ്പ് കൊണ്ടുള്ള കുത്തലുകളില്‍ നിന്നും അവര്‍ വിദഗ്ദമായി ഒഴിഞ്ഞു മാറികൊണ്ടിരുന്നു. ഞങ്ങളെല്ലാവരും കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു മത്സരം കൊഴുപ്പിച്ചു കൊണ്ടിരുന്നു അല്‍പ നേരം കാളയെ എത്ര മാത്രം അപകടകാരി ആണെന്ന് വിലയിരുത്തിയതിനു ശേഷം ഇടത്തേ വാതിലിലൂടെ കുതിര പുറത്തു picador എന്ന് സ്പാനിഷില്‍ പറയുന്ന കയ്യില്‍ ജാവലിന്‍ പിടിച്ച ചെറുപ്പക്കാരന്‍ വന്നു, കുതിര പേടിക്കാതിരിക്കാന്‍ ആകണം കണ്ണുകള്‍ മൂടി കെട്ടിയിരുന്നു. കുതിരയെ കണ്ട ഉടനെ തന്നെ കാള മറ്റു ആളുകളെ ഉപേക്ഷിച്ചു കൊമ്പുകള്‍ താഴ്ത്തി കുതിരയുടെ വയര്‍ ലക്ഷ്യമാക്കി പാഞ്ഞു വന്നു, എല്ലാവരും നിശബ്ദം സംഗീതം ഉള്‍പെടെ. കയ്യിലിരുന്ന ജാവലിന്‍ ചെറുപ്പക്കാരന്‍ ഞൊടിയിടയില്‍ കാളയുടെ കഴുത്തില്‍ കുത്തി ഇറക്കി, കാള കുതിരയുടെ വയറില്‍ കൊമ്പുകള്‍ കൊണ്ടു കുത്തുന്ന ശക്തി അനുസരിച്ച് ജാവലിന്‍ കാളയുടെ കഴുത്തില്‍ ആഴത്തില്‍ ഇറങ്ങി കൊണ്ടിരുന്നു. കാളയുടെ തള്ളലില്‍ കുതിര ഓടാതിരിക്കാന്‍ വേണ്ടി കുതിരയെ പുറകില്‍ നിന്നും വടി കൊണ്ടു കൂടെയുള്ള സഹായി അടിക്കുന്നു അല്‍പ നേരം കാളയും കുതിരയും തമ്മിലുള്ള ശക്തി പരീക്ഷണത്തില്‍ മുറിവേറ്റു തളര്‍ന്ന കാള പിന്‍ തിരിയാന്‍ തുടങ്ങി ഒറ്റ വലിക്കു ജാവലിന്‍ ഊരിയെടുതപ്പോള്‍ കാളയുടെ കഴുത്തില്‍ നിന്നും ചോര ചീറ്റി വന്നു .തുണികള്‍ പിടിച്ച സഹായികള്‍ കാളയുടെ ശ്രദ്ധ അങ്ങോട്ട് ആകര്‍ഷിച്ചു വീണ്ടും കാളയെ വിറളി പിടിപ്പിച്ചു കൊണ്ടിരുന്നു ആ സമയം കൊണ്ടു കുതിരക്കാരന്‍ picador തിരിച്ചു പോയി, ഇതിനു ശേഷം വന്ന മിടുക്കനായ ഒരു കാള ഒരു കുതിരയെ കുത്തി മറച്ചിട്ടു.










മുറിവേറ്റു വിറളി പിടിച്ചു ഓടി നടന്ന കാളയെ വീണ്ടും തളര്‍ത്തുവാന്‍ തുണി വീശി. കാളയെ വിളറി പിടിപ്പിച്ചു കൊണ്ടിരുന്ന സഹായികളില്‍ ഒരാള്‍ രണ്ടു കയ്യിലും മരപിടിയുടെ അറ്റത്ത്‌ കൂര്‍ത്ത കമ്പിയുള്ള ആയുധം കാളയുടെ മുതുകില്‍ കുത്തി ഇറക്കി, അയാളെ കുത്താന്‍ ചെന്ന കാളയെ മറ്റു സഹായികള്‍ ചേർന്നു തുണി വീശി അവിടേക്ക് ശ്രദ്ധ ആകര്‍ഷിച്ചു. അല്‍പ നേരത്തിനുള്ളില്‍ ബാക്കിയുള്ള രണ്ടു സഹായികളും കാളയുടെ മുതുകില്‍ വീണ്ടും കമ്പികുത്തി ഇറക്കി,ഇപ്പോള്‍ മൊത്തം ഏഴ് മുറിവുകളിലൂടെ ചോര ഒഴുകി മൈതാനത്താകെ ഓടി നടക്കുകയാണ് കാള. അഴിച്ചു വിട്ടപ്പോള്‍ ഓടി വന്ന ഉശിരോന്നും ഇപ്പോള്‍ കാളക്കില്ല പാതി ചത്ത നിലയിലാണ്‌ ആ മൃഗം ഇപ്പോള്‍, കാളയുടെ കൊമ്പ് കൊണ്ടു കുത്താനുള്ള ശക്തി മുതുകിലെ പേശികള്‍ ആണ് ,അത് തളര്‍ത്തുക വഴി bull fighter തനിക്ക് വരാനുള്ള അപകട സാധ്യത ഇല്ലാതാക്കുകയാണ് .ഈ കാള എങ്ങിനെയാണ്‌ ഇത്ര ഉശിരോട് കൂടി ഓടി വരുന്നതെന്ന് ഞാന്‍ ഓര്ത്തു എനിക്ക് കിട്ടിയ മറുപടി അതിന് തലേ ദിവസം കാളയുടെ രണ്ടു കണ്ണുകളും മൂടി കെട്ടും ഇന്നു ഇവിടെ സ്റ്റേഡിയത്തില്‍ അഴിച്ചു വിടുമ്പോള്‍ മാത്രമാണ് അത് വെളിച്ചം കാണുന്നത് അതുകൂടാതെ ഇത്രയും ബഹളവും ആളുകളെയും കാണുമ്പൊള്‍ പ്രാണഭയം കൊണ്ടാണ് ഈ കാണിക്കുന്ന പരാക്രമം എന്നാണ് സമരക്കാര്‍ പറയുന്നതു .ആ പത്തു നില കെട്ടിടത്തില്‍ കയറി നിന്നു അവര്‍ കിട്ടുന്ന അവസരത്തിലെല്ലാം മുദ്രാവാക്യം വിളിക്കുന്നുണ്ട് bull fighter മരിക്കട്ടെ എന്ന്






കാളയെ പരമാവധി തളര്‍ത്തിയ ശേഷം bull fighter ചുവന്ന തുണിയുമായി വന്നു .ആളുകള്‍ കരഘോഷത്തോടെ അയാളെ പ്രോത്സാഹിപ്പിച്ചു എന്റെ പുറകില്‍ ഇരിക്കുന്ന വയസ്സികള്‍ വരെ വിസില്‍ അടിക്കുന്നു .കാള പോരിന്റെ സംഗീതം മുഴങ്ങി കൊണ്ടിരുന്നു bull fighter തുണി ഉപയോഗിച്ചു കാളയെ തനിക്ക് ചുറ്റും വട്ടം കറക്കി അയാള്‍ തന്റെ കഴിവ് കാണിച്ചു കൊണ്ടിരുന്നു .ഞാന്‍ മനസ്സില്‍ പറഞ്ഞു ബുദ്ധി ഇല്ലാത്ത ജന്തു ,എന്തിനാ അത് ചുവന്ന തുണിക്കു പിന്നാലെ പോകുന്നത് തന്റെ രണ്ടു കൊമ്പുകള്‍ക്കിടയില്‍ നില്‍കുന്ന നൂറില്‍ താഴെ മാത്രം കിലോയുള്ള മനുഷ്യനെ കൊമ്പ് കൊണ്ടു ഒന്നു തോണ്ടിയാല്‍ മതിയല്ലോ അയാള്‍ സ്റ്റേഡിയത്തിനും അപ്പുറത്തേക്ക് സച്ചിന്‍ sixer അടിച്ച പന്തിന്റെ അവസ്ഥയായിരിക്കും പോവുക. bull fighterക്ക് അപകടം സംഭവിക്കുക വല്ലപ്പോളും ആണെങ്കിലും മരണപെട്ടവര്‍ ഉണ്ട് പരിക്കേറ്റവര്‍ ധാരാളം .അവസാനം മാഡ്രിഡില്‍ മരിച്ച ഇരുപത്തിമൂന്ന് കാരന്‍ ഇടം കയ്യന്‍ yiyo.




കുറച്ചു നേരം അയാള്‍ അങ്ങിനെ കാളയെ വട്ടം കറക്കിയ ശേഷം കാള തളര്‍ന്നു എന്ന് മനസ്സിലാക്കിയപ്പോള്‍ അത് വരെ തുണിക്ക് പുറകില്‍ ഒളിപ്പിച്ചിരുന്ന വാള്‍ മാറ്റി പുതിയ വാളും പുതിയതുണിയുമായി വന്നു .കാളയെ സ്വന്തം വരുതിയിലാക്കി തന്റെ കയ്യിലിരിക്കുന്ന വാള്‍ കുത്തി ഇറക്കാന്‍ പാകത്തില്‍ കാളയും bull fighter തമ്മിലുള്ള ദൂരവും സ്ഥാനവും ക്രമീകരിച്ചു സംഗീതം നിന്നു സ്റ്റേഡിയം നിശബ്ദം ഒരു സൂചി വീണാല്‍ കേൾക്കാം.(ഇതിന് ശേഷം നടന്ന മത്സരത്തില്‍ ഇതേ സമയത്തു കാണികളില്‍ ഒരാള്‍ ഉറക്കെ bull fighter ന്റെ പേരു വിളിച്ചപ്പോള്‍ bull fighter തിരിഞ്ഞു നിന്നു അവന്റെ അമ്മയെ സാമാന്യം വലിയ തെറി തന്നെ സ്പാനിഷില്‍ വിളിച്ചു )അല്പം അശ്രദ്ധ പോലും ഈ നിമിഷം അയാളുടെ ജീവന്‍ കാളയുടെ കൊമ്പില്‍ പിടഞ്ഞു തീരാം









കാളയെ കൊന്നതിനു കിട്ടിയ സമ്മാനം കയ്യില്‍ (ചത്ത കാളയുടെ ചെവി).




കാളയെ വാള്‍ കുത്തി ഇറക്കാന്‍ പോകുന്നത് നമുക്കു കാണാം അയാള്‍ കാളയുടെ രണ്ടു കൊമ്പുകള്‍ക്കിടയില്‍ നിന്നു ഇടതു കൈകൊണ്ടു തുണിയും വലതു കയ്യില്‍ വാളുമായി ഒരു നിമിഷം നില്ക്കും, ചുവന്ന തുണി നോക്കി നില്ക്കുന്ന കാളയെ അയാൾ വായ്കൊണ്ട് ശബ്ദമുണ്ടാക്കി കാളയുടെ ശ്രദ്ധ ആകർഷിക്കും ഒപ്പം തന്നെ തുണി നിലത്തേക്ക്‌ താഴ്ത്തി വീശും, കൊമ്പുകള്‍ താഴ്ത്തി നിലത്തേക്ക്‌ താഴ്ത്തി വീശിയ തുണിയിലേക്ക് കുത്തുന്ന കാളയുടെ മുതുകില്‍ കൂടി bull fighter ഞൊടിയിടയില്‍ വാള്‍ മുഴുവനായി ഒറ്റക്കുത്തിനു കുത്തി ഇറക്കും മരണ വെപ്രാളത്തില്‍ അയാളെ കുത്താന്‍ ചെല്ലുന്ന കാളയെ സഹായികള്‍ ഓടി വന്നു തുണി വീശി ശ്രദ്ധ തിരിക്കും .ഹൃദയം രണ്ടായി പകുത്തു വാള്‍ അകത്തിരിക്കുമ്പോള്‍ പരമാവധി കാളയെ ശരീരം ചലിപ്പിച്ചു ആന്തരിക അവയവങ്ങള്‍ മുറിപ്പെടുത്തും ഭാഗ്യമുള്ള കാള ആണെങ്കില്‍ ആ കുത്ത് കിട്ടിയ നിമിഷം ചാകും അല്ലാത്ത കാളയെ ആ വാള്‍ വീണ്ടും വലിച്ചു ഊരിയെടുത്തു വീണ്ടും വേറെ വാള്‍ കൊണ്ടു വന്നു നെറ്റിയില്‍ കുത്തി ഇറക്കും ചാകുന്നത് വരെ .കാലുകള്‍ മുകളിലേക്ക് പൊക്കി അത് പിടഞ്ഞു മരിക്കുമ്പോള്‍ കാണികള്‍ എല്ലാരും എഴുന്നേറ്റു നിന്നു കയ്യടിക്കും, ഹൊ ഞാന്‍ സത്യമായും അവിടിരുന്നു വിയര്‍ത്തു ഒഴുകി. എന്നിട്ടും അല്പം ജീവന്‍ അവശേഷിക്കുന്നുണ്ട് എങ്കില്‍ സഹായികള്‍ വന്നു അവരുടെ കയ്യിലിരിക്കുന്ന കത്തി ഉച്ചിയില്‍ കുത്തി കുത്തി ഇറക്കും അവസാനം ശ്വാസം നിലച്ചു എന്ന് ബോധ്യപെടുന്നത് വരെ .മരണം ഉറപ്പിച്ച ശേഷം കാളയെ കുതിരകള്‍ കെട്ടി വലിച്ചു കൊണ്ടു പോകും.
































ചത്ത കാളയെ കുതിരകള്‍ കെട്ടി വലിച്ചു കൊണ്ടു പോകുന്നു



എനിക്ക് അല്പമെങ്കിലും കണ്ടിരിക്കാന്‍ തോന്നിയത് താഴെ കാണുന്ന ചെറുപ്പക്കാരന്‍ bull fighter ന്റെ പ്രകടനമായിരുന്നു. അയാള്‍ കാളക്കു തന്നെ കുത്താനായി കാളയുടെ കൊമ്പിന് ഇടയില്‍ പുറം തിരിഞ്ഞു ഇരുന്നു കൊടുത്തു പല തവണ .ഞാന്‍ മലയാളത്തില്‍ കാളയെ ഒരു പാടു പ്രോത്സാഹിപ്പിച്ചു എങ്കിലും മണ്ടന്‍ കാളക്കു മലയാളം വശമില്ലതതിനാലാകും വീണ്ടും തുണിക്ക് പിന്നാലെ കുത്താന്‍ പോയി അയാളുടെ കയ്യിലിരുന്ന വാളിനു അതിന്റെ ജീവന്‍ കൊടുത്തു, അല്പം ഭാഗ്യം കൊണ്ടാകാം അത് നിന്ന നില്‍പ്പില്‍ തന്നെ ചത്തു .ഏറ്റവും നല്ല പ്രകടനം കാഴ്ച വെച്ചവന്‍ എന്ന നിലക്ക് അവന് കാളയുടെ രണ്ടു ചെവികളും മുറിച്ചു കൊടുത്തു (താഴെയുള്ള ഫോട്ടോ നോക്കൂ ലോട്ടറി അടിച്ച സന്തോഷത്തോടെയാണ് അവന്‍ കയ്യിലെ ചെവികള്‍ കാണികള്‍ക്ക്‌ കാണിച്ചു കൊടുക്കുന്നത് ).രണ്ടു ചെവികളും സന്തോഷത്തോടെ സ്വീകരിച്ചു കാണികളെ പ്രദര്‍ശിപ്പിക്കാന്‍ വലം വെച്ചു നടന്നു .എല്ലാവരും കയ്യിലിരുന്ന വെളുത്ത തൂവാല പൊക്കി വീശി കാണിക്കുന്നുണ്ട് ,ചിലര്‍ പൂക്കള്‍ കൊടുക്കുന്നു ചിലര്‍ ബിയര്‍ കുപ്പികള്‍ എറിഞ്ഞു കൊടുക്കുന്നു ചിലര്‍ സ്വന്തം കോട്ട് ഊരി കൊടുക്കുന്നു എല്ലാവരുടെയും സമ്മാനങ്ങളും സ്വീകരിച്ചു കൊണ്ടു bull fighter നടന്നു നീങ്ങി കൊണ്ടിരുന്നു .അതിനിടയില്‍ കയ്യിലിരുന്ന ഒരു ചെവി കാണികളിലെ ഒരു കൊച്ചു കുട്ടിക്ക് എറിഞ്ഞു കൊടുത്തു ,തനിക്ക് കിട്ടിയ സമ്മാനം നഷ്ടപെടുത്താതെ അപ്പോള്‍ തന്നെ അവന്‍ തന്റെ അമ്മയെ ഏല്പിച്ചു .








കാളയെ വാള്‍ കൊണ്ട് കുത്തിയിറക്കാന്‍ ഉന്നം പിടിക്കുന്നു.



കാള പോര് പഠിച്ചു കൊണ്ടിരിക്കുന്ന ഇരുപത്തിരണ്ടുകാരന്‍റെ പ്രകടനം, നല്ല പ്രകടനം ആയിരുന്നു എങ്കിലും നല്ല മാനസിക സമ്മര്‍ദം ഉണ്ടായിരുന്നു പയ്യന്. സ്റ്റേഡിയത്തിലേക്കു അഴിച്ചു വിട്ട കാള പാഞ്ഞു വന്നപ്പോള്‍ അതിനു മുന്നില്‍ നെഞ്ചു വിരിച്ചു ഇരുന്നു ,ആ ഇരുന്ന അതെ ഇരുപ്പില്‍ കയ്യിലിരുന്ന തുണി കൊണ്ട് തനിക്കു ചുറ്റും കാളയെ കൊണ്ട് വട്ടം വരപ്പിച്ചവന്‍.






മത്സരം എല്ലാം കഴിഞ്ഞപ്പോള്‍ വീണ്ടും എല്ലാ bull fighter മാരും നിരന്നു നിന്ന് കാണികളോട് യാത്ര പറഞ്ഞു .കൂടെയുള്ള സ്പാനിഷ്കാരന്‍ എന്നോട് ചോദിച്ചു ‘എങ്ങിനെയുണ്ട്‌’കാളയെ കൊല്ലുന്നതോഴിച്ചു ബാക്കിയുള്ളത് കൊള്ളാം എന്ന് പറഞ്ഞപ്പോള്‍ ഉറക്കെ ഒറ്റ ചിരി, ആ സമയത്ത് ആ ചിരി കൊലചിരിയാണെന്ന് എനിക്ക് തോന്നി .സ്പെയിനില്‍ വന്ന അന്ന് മുതല്‍ കാണാന്‍ ആഗ്രഹിച്ചതാണ് എന്നാല്‍ വീട്ടിലേക്കു മടങ്ങുമ്പോള്‍ മനസ്സിന് വല്ലാത്ത വിഷമം തോന്നിയതല്ലാതെ ഒരു സന്തോഷവും തോന്നിയില്ല .

വിശദമായ വീഡിയോകൾ,


























13 comments:

Unknown 30 May 2009 at 09:57  

സുഹൃത്തുക്കളെ അടുത്ത പോസ്റ്റില്‍ കാള പോരിന്‍റെ എല്ലാ ഭാഗങ്ങളും ഉള്ള വീഡിയോസ് പബ്ലിഷ് ചെയ്യുന്നതാണ്‌ .
ഈ പോസ്റ്റ്‌ വായിച്ചു പോകുന്ന എല്ലാവരോടും ഞാന്‍ ആദ്യമായി അഭിപ്രായം എഴുതാന്‍ ആവശ്യപെടുന്നു ,കാള പോര് എന്ന വിനോദത്തിനെ പറ്റി നിങ്ങളുടെ കാഴ്ചപാട് .
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇറ്റലിയിലെ കൊളസിയത്തില് മൃഗങ്ങളുമായി പൊരുതി മരിച്ചു വീഴുന്ന മനുഷ്യരുടെ ശവങ്ങള്‍ കണ്ടു സന്തോഷിച്ചിരുന്ന മനുഷ്യര്‍ ഉണ്ട് ,ഇത് കണ്ടപ്പോള്‍ അത് തന്നെയാണ് എനിക്ക് ഓര്‍മ്മ വരുന്നത് .

മി | Mi 30 May 2009 at 13:08  

Saji,

This is my first visit to your blog. Excellent narration and extremely good photos. Will comment in detail after reading all your posts. Keep writing.

ദീപക് രാജ്|Deepak Raj 30 May 2009 at 15:00  

പ്രിയ സജി
കാളപ്പോര് എന്ന് കേട്ടിട്ടേയുള്ളൂ. ഇത്ര നല്ല വിശദീകരണവും നല്ല ഫോട്ടോയും ചേര്‍ന്നപ്പോള്‍ ഒരു കാളപ്പോര് കണ്ട പ്രതീതിയായി. എന്തായാലും ഇനി വീഡിയോ കൂടി ആവുമ്പോള്‍ സ്പെയിനില്‍ പോവാതെ തന്നെ ഞങ്ങള്‍ക്കും കാളപ്പോര് കാണാം
നന്ദി
സ്നേഹത്തോടെ
(ദീപക് രാജ്)

ദീപക് രാജ്|Deepak Raj 30 May 2009 at 15:02  

estimado saji guarde el escribir. es pedazo realmente agradable de blogging. fotos realmente maravillosas y narración imponente. de nuevo gracias

Baiju Elikkattoor 30 May 2009 at 21:29  

മനുഷ്യന്‍ എന്തിനീ ക്രുരത ഈ ജീവിയോടു കാണിക്കുന്നൂ? തമിഴ്നാട്ടിലെ ജല്ലിക്കെട്ടില്‍ പോലും മൃഗത്തോട് ഇങ്ങനെ ക്രുരത കാണിക്കുന്നില്ല എന്ന് തോന്നു! ഇതുമായി തട്ടിച്ചു നോക്കുമ്പോള്‍ കേരളത്തിലെ മരമടി മത്സരം ഒരു കൃരതയെ അല്ല. പരിഷ്കൃത സമൂഹം എന്ന് അവകാശപ്പെടുന്നവരുടെ വിനോദം ഏറെ അപരിഷ്ക്രിതം......!!!!!

കണ്ണനുണ്ണി 30 May 2009 at 23:25  

സത്യമാണ് സുഹൃത്തേ....പാവം ജീവിയോടു കാണിക്കുന്ന ക്രൂരത ഓര്‍ക്കുമ്പോ വിഷമം വരുന്നു.. ഇതൊക്കെ നിരോധിക്കേണ്ട വിനോദം തന്നെ ആണ്

ചാണക്യന്‍ 31 May 2009 at 01:45  

ചിത്രങ്ങളും വിവരണങ്ങളും നന്നായി..അഭിനന്ദനങ്ങള്‍...

അനില്‍ശ്രീ... 31 May 2009 at 05:42  

സജി,

ചിത്രങ്ങളും വിവരണങ്ങളും ഇഷ്ടമായി. വീഡിയോ കാണാന്‍ പറ്റിയിട്ടില്ല. അത് പിന്നീട് കാണാം.
ഭ്രാന്തന്മാര്‍ തന്നെ. ആ സമരക്കാര്‍ക്ക് എല്ലാ ധാര്‍മിക പിന്തുണയും നല്‍കുന്നു.

Anonymous 31 May 2009 at 06:46  

വല്ലാത്ത വിനോദം തന്നെ..!

താങ്കളുടെ ചിത്രങ്ങളും വിവരണങ്ങളും ഏറെ നിലവാരം പുലർത്തുന്നു.

വീഡിയോക്കായി കാത്തിരിക്കുന്നു...

ചെറിയപാലം.

ഹന്‍ല്ലലത്ത് Hanllalath 1 June 2009 at 06:04  

സാഡിസത്തിന്‍റെ മുഖങ്ങള്‍...

സമഗ്രമായ പോസ്റ്റിനു നന്ദി..

നീര്‍വിളാകന്‍ 2 June 2009 at 00:30  

ശരിക്കും മനസു നൊന്തു കണ്ടപ്പോള്‍....ഇത്ര ക്രൂരത അതും മിണ്ടാപ്രാണികളോട്.... ആലോചിച്ചിട്ട് മനസിലാവുന്നില്ല...എന്താണ് ഇതിലെ വിനോദ ഘടകം? എന്തായാലും സജിയുടെ വിവരണവും, ഫോട്ടോകളും, വീഡിയോകളും അസലായി....

Unknown 13 June 2009 at 12:50  

മി,ദീപക്,ബൈജു,കണ്ണനുണ്ണി,ചാണക്യന്‍,അനില്‍ ശ്രീ, ചെറിയപാലം,ഹനലല്ലതു,നിര്‍വിലാകാന്‍ നന്ദി

Varkey 24 August 2009 at 22:49  

നേരില്‍ കണ്ടത് പോലെ തന്നെ തോന്നുന്നു ചേട്ടന്റെ ബ്ലോഗ്‌ വായിച്ചിട്ട്. നന്ദി. ആ കാളപ്പോരുകാരനെ എന്‍റെ കയ്യില്‍ ഒന്ന് കിട്ടണം.. രണ്ടു കൊടുക്കാനാ..

Related Posts with Thumbnails

നമുക്കു മുല്ലപ്പെരിയാർ അണക്കെട്ടിനെ രക്ഷിക്കാം

Blog Archive

എന്‍റെ കൂടെ കാഴ്ചകള്‍ കാണാന്‍ ഇഷ്ടപെടുന്നവര്‍

എന്‍റെ കൂടെ കാഴ്ചകള്‍ കണ്ടവര്‍

VISITORS TODAY


contador

copy right

ചോദിച്ചിട്ട് എടുത്താല്‍ സന്തോഷം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP