Sunday 13 December 2009

വിറ്റോറിയ

Buzz This
Buzz It

തണുപ്പും മഴയും കാരണം രണ്ടു തവണ മാറ്റി വെച്ച യാത്രയാണു വിറ്റോറിയയിലേക്ക് , ഈ തണുപ്പുസമയത്തു മഴയില്ലാതെയും തണുപ്പു കുറഞ്ഞ ദിവസവും നോക്കി യാത്ര നടക്കില്ല എന്നു മനസ്സിലാക്കി മാനം അല്പം തെളിഞ്ഞ് നിൽക്കുന്ന ശനിയാഴ്ച്ച തന്നെ വിറ്റൊറിയയിലേക്കുള്ള യാത്ര തീരുമാനിച്ചു .



View Larger Map


പോകുന്നതിനു മുന്നെ ഇന്റെർനെറ്റിൽ വിറ്റോറിയയിലെ കാലാവസ്ഥ നോക്കി തെളിഞ്ഞ മാനം മഴയില്ല പക്ഷെ താപനില കൂടിയതു 7ഉം കുറഞ്ഞതു 2ഉം , ഞായറാഴച്ചത്തെ കാലാവസ്ഥ കൂടിയത് മൈനസ് 1 ഡിഗ്രീ കുറഞ്ഞതു മൈനസ് 2ഡിഗ്രീ . ഇനിയങ്ങോട്ടു എന്നും മൈനസ് തന്നെയായിരിക്കും ഇവിടത്തെ താപനില ,കാഴ്ച്ചകൾ കാണുന്നതു പോയിട്ടു വീടിനു പുറത്തേക്കിറങ്ങാൻ തന്നെ മടിയാകും . പായിസ് ബാസ്കോയുടെ തലസ്ഥാനമാണു വിറ്റൊറിയ എന്നതു മാത്രമല്ല 1814 ലെ പെനിൻസുലാർ യുദ്ധത്തിന്റെ ഭാഗമായി വിറ്റൊറിയയിൽ വെച്ചാണു ഫ്രെഞ്ച് ചക്രവർത്തിയായ നെപ്പോളിയന്റെ സൈന്യത്തെ പരാജയപെടുത്തിയതു .

രാവിലെ എട്ടു മണിയുടെ ബസ്സിൽ എല്ലോറിയോയിൽ നിന്നും ഡുറങ്കോയിലെത്തി , വിറ്റോരിയയിലേക്കു ഉച്ച്ക്കു മുൻപ് ആകെ രണ്ടു ബസ്സുകൾ മാത്രമെ ഉള്ളൂ ഉർക്യോളയിലെ മല നിരകൾക്കിടയിലൂടെ ഒരു മണിക്കൂർ യാത്ര ചെയ്താൽ വിറ്റോറിയയിലെത്താം .ഒൻപത് മണിയുടെ ആ വലിയ വോൾവൊ ബസ്സിൽ യാത്ര ചെയ്യാൻ ഞാനുൾപ്പെടെ 3 പേർ മാത്രം . 3 യൂറൊക്കു വിറ്റോരിയയിലെക്കു ടിക്കറ്റെടുത്തപ്പോൾ ഒരു കാര്യം ശ്രദ്ധിച്ചു ഡ്രൈവർ കാബിനിൽ എഴുതി വെച്ചിരിക്കുന്നു “ഡ്രൈവറോടു സംസാരിക്കരുതു“ , ആദ്യമായാണു അങ്ങിനെ ഒരു സംഭവം ഇവിടെ കാണുന്നതു . ബസ്സ് ഡുറങ്കൊ പട്ടണം കടന്നു ഉർക്യോള മലനിരകളിലേക്കു കടന്നു കനത്ത മൂടൽ മഞ്ഞ് , ആ മൂടൽ മഞ്ഞിലും മലയുടെ താഴ്വാരത്തുള്ള വീടുകളും പച്ചപ്പു നിറഞ്ഞ മലയടിവാരവും കണ്ടപ്പോൾ ഈ യാത്ര സ്വന്തം വാഹനത്തിലായിരുന്നെങ്കിൽ പുറത്തെ 1 ഡിഗ്രീ തണുപ്പിനെ പോലും നോക്കാതെ പുറത്തിറങ്ങി ആ കാഴ്ച്ച ആസ്വദിച്ചേനെ .



View Larger Map






മലനിരകൾക്കു മുകളിലെ ഉർക്യോള പള്ളി സ്റ്റോപ്പിലെത്തിയപ്പോൾ കൂടെയുണ്ടായിരുന്ന 2 യാത്രക്കാരും ഇറങ്ങി , ഡ്രൈവർക്കു തൊട്ടു പുറകിലെ സീറ്റിലാണു ഞാനിരിക്കുന്നതു ആ വലിയ ബസ്സിൽ ഞാനും ഡ്രൈവറും മാത്രം ഡ്രൈവറുടെ കാബിനു മുകളിൽ എഴുതി വെച്ചിരിക്കുന്ന അറിയിപ്പു ഒന്നു കൂടെ വായിച്ചു പുറത്തെ കാഴ്ച്ചകൾ കണ്ടിരുന്നു . ഉർക്യോള മലനിരകൾ ഇറങ്ങികൊണ്ടിരിക്കുമ്പോൾ റോഡിനോടു വലതു വശം ചേർന്നു തേക്കടി തടാകത്തെ ഓർമ്മപെടുത്തുന്ന വിറ്റോറിയൻ റിസർവോയറും തടാകവും കാണാം എങ്ങും പച്ചപ്പു നിറഞ്ഞ കാഴ്ച്ചകൾ കണ്ടു കൊണ്ട് പത്തു മണിയോടെ വിറ്റോരിയയിലെത്തി .

കമ്പിളി ഉടുപ്പിനു പുറമെ ലെതർ ജാകറ്റ് ഇട്ടിട്ടു പോലും തണുപ്പ് അകത്തേക്കരിച്ചിറങ്ങുന്നു , കാലത്തു പത്തു മണിയായിട്ടും താപനില 1 ഡിഗ്രീ മാത്രം . ഇന്നു കാഴ്ച്ചകൾ കാണാൻ ഇറങ്ങിയതു അബദ്ധമായെന്നു തോന്നി എങ്കിലും തെളിഞ്ഞ മാനം അല്പം പ്രതീക്ഷ തന്നു . ബസ്സ് റ്റെർമിനലിൽ നിന്നും അഞ്ചു മിനുറ്റ് നടന്ന് ടൂറിസം ഇൻഫോർമേഷൻ ഓഫിസ്സിലെത്തി , വിറ്റോറിയയുടെ മാപും വഴിയും ചോദിച്ചു മനസ്സിലാക്കി . തണുപ്പിനെ വക വെക്കാതെ ഒരു പാടു ആളുകൾ വിറ്റോറിയ കാണാൻ വന്നു കൊണ്ടിരിക്കുന്നു . ആ ഓഫിസിനു അടുത്തു തന്നെയാനു പായിസ് ബാസ്കൊയുടെ തലസ്ഥാനമായ വിറ്റോരിയയിലെ പാർലിമെന്റ് കെട്ടിടം , വലിയ തോക്കു ധാരികളോ ആടംഭരമോ അത്ര ഭംഗിയൊ ഇല്ലാത്ത രണ്ടു നിലയുള്ള ചെറിയ കെട്ടിടം മതിലിനു ചുറ്റും രാഷ്ട്ര നേതാക്കൻമാരുടെ രസകരമായ ഫോട്ടോകൾ പ്രദർശിപ്പിച്ചിരിക്കുന്നു , ഒബാമയും സാർകൊസിയും ബുഷും ഫിഡൽ കാസ്ട്രോയും എല്ലാവരും ഉണ്ട് .




പാർലമെന്റിനു പുറകു വശത്തെ ഫ്ലോറിഡ പാർക്കിലൂടെ നടന്നു പുതിയ പള്ളിയിലെത്തി ഇരുപതാം നൂറ്റാണ്ടിൽ ഗോത്തിക് ശൈലിയിൽ പണിത ആകർഷകമായ കെട്ടിടത്തിൽ നിരവധി ചെറു പ്രതിമകൾ , പള്ളിക്കു ചുറ്റുമുള്ള പച്ചപ്പു നിറഞ്ഞ പുൽതകിടിയിലൂടെ ചുറ്റി നടന്നു വിറ്റോറിയയിലെ കാസ്കൊ വീഹൊ എന്നറിയപ്പെടുന്ന പഴയ പട്ടണത്തിലേക്കു നടന്നു .










പഴയ പട്ടണം നമ്മെ വരവേൽക്കുന്നതു പ്ലാസ ദെ ലാ വിർഹിൻ ബ്ലാൻക യിലെക്കാണു . ആ കവലയുടെ നടുക്കു തന്നെ വിറ്റൊറിയ യുദ്ധം ജയിച്ചതിനു പ്രതീകമായി സ്ഥാപിച്ച മൊണുമെന്റ് കാണാം . പതിനേഴം നൂറ്റാണ്ടിൽ സ്പെയിൻ ആക്രമിച്ചു കീഴടക്കിയ നെപ്പോളിയൻ സഹോദരൻ ജോസഫിനെ സ്പെയിനിന്റെ രാജാവാക്കി ബ്രിട്ടീഷ് പോർചുഗൽ സ്പെയിൻ സഖ്യകക്ഷി സൈന്യം വെല്ലിങ്ട്ടന്റെ നേത്യുത്വത്തിൽ നെപ്പോളിയന്റെ സൈന്യത്തെ തോൽ‌പ്പിച്ചു , അതോടെ സ്പെയിനിലെ നെപ്പോളിയന്റെ രാജവാഴ്ച നിന്നു .







ആ കവലയിൽ നിന്നു കാണാവുന്ന പതിനാലാം നൂറ്റാണ്ടിലെ സാൻ മിഗെൽ പള്ളിയും അതിനു പുറകിലെ സുസൊ പാലസും കണ്ടു പ്ലാസ ദെ എസ്പാന്യയിളെക്കു നടന്നു . മൂന്നു നിലയുള്ള ചതുരത്തിൽ ഉള്ള കെട്ടിട സമുച്ചയം 1791 ഇൽ നിർമിച്ച ഇതിന്റെ ഒരു വശത്തു മുനിസിപ്പാലിറ്റി ഓഫിസും ബാക്കി മൂന്നു വശത്തു അൻപതോളം കുടുംബങ്ങളും അന്നു കാലത്തു ചന്തയും കാളപ്പോരുമെല്ലാം ഈ കെട്ടിട സമുച്ചയത്തിനു നടൂക്കാണു നടന്നിരുന്നതു .




അല്പം മുന്നോട്ടു നടന്നപ്പോൾ പതിനൊന്നാം നൂറ്റാണ്ടിലെ പട്ടണത്തിന്റെ കോട്ടയുടെ ഭാഗങ്ങൾ കണ്ടു , അന്നു പട്ടണത്തിന്റെ സ്വരക്ഷക്കായി നിർമിച്ച കോട്ടയുടെ ഭാഗങ്ങൾ ഇന്നും സംരക്ഷിച്ചു നിറുത്തിയിരിക്കുന്നു , തണുപ്പു 1 ഡിഗ്രീയിൽ നിന്നും 6 ഡിഗ്രീയായി അല്പം ആശ്വാസം , മാനം തെളിഞ്ഞ് വെയിലുണ്ടെങ്കിലും തണുപ്പിനു കുറവൊന്നുമില്ല . ആ പഴയ പട്ടണത്തിലെ പ്രാധാന വീഥിയിലൂടെ നടന്നു എൽ പോർട്ടലൊൺ എന്ന പതിനഞ്ചാം നൂറ്റാണ്ടിലെ സത്രത്തിലെത്തി , മൂന്നു നിലയുള്ള ആ കെട്ടിടത്തിന്റെ സ്കെൽട്ടൻ മരത്തടിയിലാണൂ അതിനിടയിൽ ചുടുകട്ട അടുക്കി വെച്ചിരിക്കുന്നു . ആദ്യ നിലയിൽ കുതിരകളെ കെട്ടുവാനും രണ്ടാം നിലയിലും മൂന്നാം നിലയിലുമാണു സത്രം . ഇപ്പോൾ അതൊരു ഹോട്ടൽ ആണു വിവാഹ പാർട്ടികളാണു അധികവും,










ആ സത്രത്തിൽ നിന്നിറങ്ങി പതിനാലാം നൂറ്റാണ്ടിലെ ഗോത്തിക് ശൈലിയിൽ പണിത സാന്റ മരിയ കത്രീഡലിലേക്കു നടന്നു . അഞ്ചു യൂറോക്കു ടിക്കറ്റെടുത്തു ഹെൽമറ്റ് ധരിച്ചു അകത്തു കടന്നു , 700 വർഷത്തെ കാലപഴക്കം വന്നു ഒരു വശം ചരിഞ്ഞ പള്ളി സ്പാനിഷ് സർക്കാർ 45 ലക്ഷം യൂറൊ ചിലവാക്കി നവീകരിക്കുന്ന ജോലി നടന്നു കൊണ്ടിരിക്കുകയാണു . 60 മീറ്റർ ഉയരത്തിലുള്ള മധ്യത്തിലെ മകുടമാണു പ്രധാന ആകർഷണം . ഫോട്ടോ എടുക്കുന്നതു നിരോധിച്ചതിനാൽ ക്യാമറക്കു വിശ്രമം കൊടുത്തു . ഇരുപതോളം വരുന്ന ഞങ്ങളുടെ കൂട്ടത്തിനു ഗൈഡ് നൽകിയ വിവരങ്ങൾ കേട്ട് കൊണ്ട് അകത്തേക്ക് നടന്നു 60 മീറ്റർ ഉയരമുള്ള മകുടം താങ്ങി നിറുത്തിയിരിക്കുന്ന നാലും തൂണുകളൂം ചുമരുകളും ഒഴികെ തറയുൾപ്പെടെ മാന്തിയെടുത്തിരിക്കുന്നു . നീളമുള്ള ഇരുമ്പു പൈപ്പുകളിൽ നില കെട്ടിയാണ് എല്ലാവരെയും പള്ളിയുടെ 60 മീറ്റർ ഉയരമുള്ള ചുമരിനു വശത്തു കൂടെ നടത്തി കാഴച്ചകൾ കാണീക്കുന്നതു . ആ വലിയ ചുമരിൽ കണ്ട വലിയ വിള്ളലുകളും ആ വശത്ത ചുമർ ചരിഞ്ഞു നിൽക്കുന്നതും കണ്ടപ്പോ എന്റെ മനസ്സിലെ ധൈര്യത്തിനും വിള്ളലുണ്ടായി . മെല്ലെ ശ്രദ്ധിച്ചു നടന്നു ഞങ്ങളെല്ലാവരും ഏറ്റവും മുകളിലെത്തി , താഴെ അടിത്തറ മാന്തി കല്ലറയിലെ അസ്ഥികൂടങ്ങൾ മാറ്റിയിരിക്കുന്നതു കണ്ടു . ഇപ്പോൾ ചുമരിനു ഏറ്റവും മുകളിൽ അർധഗോളാക്രിതിയിലുള്ള മേക്കൂരക്കു തൊട്ട് താഴെ ചുമരിനു നടുക്കിലൂടെയുള്ള ടണലിലൂടെ കുനിഞ്ഞു നടന്നു അവസാനം ആ ചുമരിലെ ഒരു ബാൽക്കണീ പോലെ തോന്നിക്കുന്ന ഭാഗത്തെത്തി അവിടെ നിന്നും നോക്കിയാൽ വിറ്റോരിയ മുഴുവനായും കാണാം . നേരത്തെ കണ്ട വിള്ളലുള്ള ഒരു വശത്തേക്കു ചരിഞ്ഞ 60 മീറ്റർ ഉയരമുള്ള ചുമരിനു മുകളിലാണു ഞാൻ നിൽക്കുന്നതെന്നു ഓർത്തപ്പോൾ പാദത്തിനൊരു വിറയൽ . പിന്നെ അധികനേരം അവിടെ നിക്കാതെ പെട്ടെന്നു തന്നെ ചുറ്റു ഗോവണി വഴി താഴേക്കിറങ്ങി ഭക്ഷണം കഴിക്കാൻ ഹോട്ടലിലേക്കു നടന്നു .











സമയം 2 മണി ശനിയാഴ്ച്ച അവധി ആഘോഷിക്കാൻ എല്ലാ സ്പാനിഷുകാരനും കുടുംബസമേതം വന്നിരിക്കുന്നു , എല്ലാ ഹോട്ടലിലും നല്ല തിരക്കു തന്നെ ഇവിടത്തെ എല്ലാ പഴയ പട്ടണത്തിലെ ഹോട്ടലുകളൂം ബാറുകളൂം ത്രിശ്ശൂർ പട്ടണത്തിലെ സ്വർണകടകളെ പോലെയാണു ഒരറ്റം പിടിച്ചാൽ മറ്റെ അറ്റം വരെ നിരനിരയായി ബാറുകളും ഹോട്ടലുകളും ( ഹോട്ടലും ബാറും ഇവിടെ രണ്ടും ഒന്നു തന്നെ ഒരു വിത്യാസവുമില്ല )3 മണിയോടെ സ്പാനിഷു ഭക്ഷണം കഴിച്ചു കാസ്കൊ വീഹൊ എന്ന പഴയ പട്ടണത്തിനു പുറത്തിറങ്ങി . വിറ്റോറിയ പട്ടണത്തിൽ 15 മിനുറ്റ് ഇടവിട്ട് ട്രാം സർവീസ് ഉണ്ട് അതിൽ ഒരു ദിവസത്തെ ടിക്കറ്റെടുത്തു പട്ടണം മൊത്തം കറങ്ങി കാണാൻ തീരുമാനിച്ചു അതിൽ കയറി യാത്രയായി .

ശൈത്യകാലത്തിന്റെ കൊടും തണുപ്പിൽ മരങ്ങളെല്ലാം ഇലപൊഴിച്ചു അസ്ഥികൂടങ്ങളെ പോലെ നിൽക്കുന്നു . ഇടക്കു ചില സ്റ്റോപ്പുകളിൽ ഇറങ്ങി നടന്നു കാഴ്ചകൾ കണ്ടു ഫോട്ടോയെടുത്തു .












വീണ്ടൂം തിരിച്ചു ട്രാമിൽ കയറി ഒരറ്റം മുതൽ അങ്ങെ അറ്റം വരെ യാത്ര ചെയ്തു . സമയം 4.30 വൈകീട്ട് 8 മണീക്കാണു ഇനി തീരിച്ചു പോകാനുള്ള അവസാനത്തെ ബസ്സ് . സൂര്യനസ്തമിക്കാൻ അല്പസമയം കൂടെയുണ്ട് , ട്രാമിൽ നിന്നിറങ്ങി ഫൈൻ ആർട്സ് മ്യൂസിയം ലക്ഷ്യമാക്കി നടന്നു വൈകീട്ട് 5 മണീ മുതൽ 8 മണി വരെയാണൂ സന്ദർശന സമയം ഇവിടെയും ക്യാമറക്കു വിശ്രമം കൊടുക്കേണ്ടി വന്നു ,പ്രവേശനം തീർത്തും സൌജന്യമായതു കൊണ്ടാണൊ എന്നറിയില്ല കാഴ്ചക്കാരനായി ഞാൻ മാത്രമെ ഉണ്ടായിരുന്നുള്ളൂ . ജീവനുള്ളവരെ പിടിച്ചു ചുമരിൽ തറച്ചതാണെന്നു തോന്നി ചില പെയിന്റിങ്ങുകൾ കണ്ടപ്പോൾ ,കണ്ണ് എടുക്കാനെ തോന്നുന്നില്ല സി സി റ്റിവിയിൽ സെക്യൂരിറ്റി എന്നെ വീക്ഷിക്കുന്നുണ്ടെന്ന ബോധം എന്നെ ക്യാമറ തിരിച്ചു ബാഗിൽ തന്നെ വയ്പ്പിച്ചു .






അര മണിക്കൂർ അവിടെ ചിലവഴിച്ച് ആർടിയം എന്ന ആർട്സ് എക്സ്ബിഷൻ സെന്ററിലേക്കു പോയി .പ്രവേശനം സൌജന്യം എന്നു തന്നെ പറയാം 1 സെന്റ് ആണൂ . ഇപ്പോൾ 6 മാസത്തേക്കു അവിടെ പ്രദർശിപ്പിക്കുന്നതു ഇന്ത്യൻ പൊട്രൈറ്റ് ഫോട്ടോഗ്രഫിയാണു . നാമൊരു ഇന്ത്യാക്കാരനാണെന്നു അഭിമാനം തോന്നുന്ന അവസരങ്ങളാണിതു . എല്ലാ സംസ്ഥാനത്തെയും ആളുകളുടെയും പോർട്രെയ്റ്റുകൽ ഉണ്ടായിരുന്നെന്നു മാത്രമല്ല ഒരു ചുമർ നിറയെ കേരളത്തിലെ ക്രിസ്ത്യൻ ബിഷപ്പു തിരുമേനിമാരുടെ ( എല്ലാവരും ഉണ്ട് കത്തൊലിക്ക യാക്കൊബായ ഓർത്തഡോക്സ് .......)14 ഫോട്ടൊകൾ അവരുടെ ഔദ്യോഗിക ഭവനത്തിനു മുന്നിൽ നിൽക്കുന്ന ഫോട്ടോകൾ .

അവിടെ നിന്നിറങ്ങി നടക്കുന്ന വഴിയിൽ തന്നെ ഒരു വയസ്സായ തെരുവു കലാകാരനെ കണ്ടു , നിരക്ഷരൻ പറഞ്ഞതു ശരി തന്നെ യൂറൊപ്പിൽ എവിടെ യാത്ര പോയാലും ഇവരെ കാണാതിരിക്കില്ല . അല്പനേരം കൂടെ അവിടെ ചുറ്റി കറങ്ങിയതിനു ശേഷം 8 മണീയുടെ ബസ്സിൽ വീട്ടിലേക്കു യാത്രയായി ..



14 comments:

Unknown 13 December 2009 at 12:03  

നല്ല വിവരണവും പടങ്ങളൂം

Rainbow 13 December 2009 at 14:53  

nannayittundu , prathyekichum chila photos

ശ്രീ 13 December 2009 at 18:35  

ചിത്രങ്ങളും വിവരണവും നന്നായിട്ടുണ്ട്

നിരക്ഷരൻ 13 December 2009 at 19:52  

വായിച്ചില്ല സജീ. എനിക്ക് വിശദമായിത്തന്നെ വായിക്കണം. പിന്നെ വരാം. ഇപ്പോള്‍ അല്‍പ്പം തിരക്കിലാ.

Typist | എഴുത്തുകാരി 13 December 2009 at 21:50  

ഭംഗിയുള്ള സ്ഥലങ്ങളും കെട്ടിടങ്ങളും.

ബിന്ദു കെ പി 14 December 2009 at 05:48  

വിവരണം വായിച്ചു..
പള്ളിയുടെ ഫോട്ടോയ്ക്ക് ഒരു പ്രത്യേക ഭംഗിയുണ്ട്. ആ ചെറുപ്രതിമകളെല്ലാം പള്ളിയുടെ ചുമരിലാണോ ഉള്ളത്?

Melethil 14 December 2009 at 09:35  

നന്നായി മാഷേ, നിങ്ങളുടെ യാത്ര വിവരണങ്ങള്‍ എന്നും വ്യത്യസ്തം തന്നെ.

Kiranz..!! 16 December 2009 at 03:40  

beauty..!

krishnakumar513 16 December 2009 at 08:55  

മനോഹരം...നന്ദി

യാരിദ്‌|~|Yarid 16 December 2009 at 18:40  

നല്ല വിവരണം..:)

Muralee Mukundan , ബിലാത്തിപട്ടണം 17 December 2009 at 03:44  

ഹായ്..അങ്ങിനെ വിറ്റോറിയ നേരിട്ടുകണ്ടയനുഭൂതി കിട്ടി ..കേട്ടൊ സജി

jyo.mds 19 December 2009 at 06:34  

ചിത്രങ്ങളും വിവരണവും വളരെ ഇഷ്ട്ടപ്പെട്ടു.കുറച്ചു ചരിത്രവും പഠിച്ചു.

Unknown 17 January 2010 at 04:33  

പുള്ളിപുലി,റെയിൻബോ,ശ്രീ,നിരക്ഷരൻ,എഴുത്തുകാരി,മേലേതിൽ,കിരൺസ്,ക്രിഷ്ണകുമാർ,യാരിദ്,ബിലാത്തി,ജ്യൊ എല്ലവർക്കും നന്ദി .
ബിന്ദു വൈകിയ മറുപടിക്കു ക്ഷമ ചോദിക്കുന്നു ആ ചെറുപ്രതിമകളെല്ലാം തന്നെ പള്ളിയുടെ ചുവരിൽ തന്നെയാണ് .നന്ദി .

Sam's 2 February 2010 at 05:28  

nannayittundu Saji..sharkikkum koode vannathu pole thonni..nice work..keep going..

Related Posts with Thumbnails

എന്‍റെ കൂടെ കാഴ്ചകള്‍ കാണാന്‍ ഇഷ്ടപെടുന്നവര്‍

എന്‍റെ കൂടെ കാഴ്ചകള്‍ കണ്ടവര്‍

VISITORS TODAY


contador

copy right

ചോദിച്ചിട്ട് എടുത്താല്‍ സന്തോഷം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP