Thursday 23 July 2009

സാൻ സെബാസ്റ്റ്യൻ ( ഡൊണോസ്റ്റ്യ) സ്പെയിൻ

Buzz This
Buzz It

ജൂലൈ ആദ്യ വാരം , നാളെ വെള്ളിയാഴ്ച്ച മുതൽ തിങ്കൾ വരെ നാലു ദിവസം അവധിയാണു . ആഗസ്റ്റിലെ ഒരു മാസത്തെ അവധിക്കു മുന്നെയുള്ള അവസാനത്തെ അവധി ദിവസങ്ങൾ പക്ഷെ വെള്ളി ഒഴികെയുള്ള ദിവസങ്ങൾ കാലാവസ്ഥ പ്രവചന പ്രകാരം മഴ തന്നെ . ഏപ്രിലിൽ ഈസ്റ്റർ അവധി പത്തു ദിവസം കിട്ടിയിട്ടും സാൻസെബാസ്റ്റ്യൻ കാണാൻ കഴിഞ്ഞില്ല മഴ തന്നെ കാരണം . സാൻ സെബാസ്റ്റ്യൻ , സ്പെയിനിലെ എന്നല്ല യൂറോപ്പിലെ തന്നെ അറിയപെടുന്ന ടൂറിസ്റ്റ് സ്ഥലം . ബാസ്ക് കണ്ട്രിയിലെ ഗിപുസ്കുവ എന്ന പ്രൊവിസിന്റെ തലസ്ഥാനം
സ്പെയിനിന്റെയും ഫ്രാൻസിന്റെയും അതിർത്തി പങ്കിടുന്ന സ്ഥലം ,വെറും ഇരുപതു കിലൊമിറ്റർ മാത്രം ഇവിടെ നിന്നും ഫ്രാൻസിലെക്ക് .


View Larger Map




എട്ട് പത്തിന്റെ ബസിൽ ഞാനും ബെർണാഡും എല്ലൊരിയോയിൽ നിന്നും യാത്ര തിരിച്ചു ഡുറങ്കൊയിൽ ഇറങ്ങി , അവിടെ നിന്നും സാൻ സെബാസ്റ്റ്യൻ വരെ പോകുന്ന ട്രെയിനിൽ കയറി . ഇതു മൂന്നാമത്തെ തവണയാണു ഈ ട്രെയിനിൽ യാത്ര , ആദ്യം കാള പോരു കാണാനും പിന്നെ സാരവുസ് ബീച്ച് കാണാനും ഇപ്പോൾ സാൻ സെബാസ്റ്റ്യനിലെക്കും . സാമാന്യം നല്ല തിരക്കുണ്ടു , മൂന്നു മണീക്കൂർ തീവണ്ടി യാത്ര കഴിഞ്ഞു സ്റ്റെഷനിൽ ഇറങ്ങി , മാനം മഴമേഘത്താൽ പെയ്യാനായി വിതുമ്പി നിൽക്കുന്നു അതു കണ്ട എന്റെ ഉത്സാഹം അല്പം കുറഞ്ഞെങ്കിലും ഉച്ച കഴിഞ്ഞു മാനം തെളിയുമെന്നുള്ള കാലാവസ്ഥ പ്രവചനം ഇനി കാണാൻ പോകുന്ന കാഴ്ചകളും എന്നെ വീണ്ടും ഉന്മെഷവാനാക്കി . ടിക്കെറ്റ് ചെക്ക് ചെയ്യുന്ന മെഷിനു മുന്നിൽ വലിയ നിര തന്നെ , ഇതു വരെയുള്ള യാത്രയിൽ ടിക്കറ്റ് പരിശോധകരെ ഇവിടെ കണ്ടിട്ടില്ല . ടിക്കറ്റ് തരുന്നതും മെഷിൻ തന്നെ , യാത്ര കഴിഞ്ഞു ഇറങ്ങുന്ന സ്റ്റേഷനിൽ പുറത്തേക്കുള്ള വഴിയിൽ തന്നെയാണു ഇതു . നമ്മുടെ ടിക്കറ്റ് ആ മെഷിനിൽ എ റ്റി എം കാർഡ് ഇടുന്നതു പോലെ ഇട്ടാൽ അതു വെരിഫൈ ചെയ്തു മുന്നിലുള്ള വാതിൽ സ്വയം തുറക്കും . വാലിഡ് അല്ല്ലാത്ത ടിക്കറ്റൊ , ടിക്കറ്റ് സമയം കഴിഞ്ഞു പോയതൊ സ്റ്റേഷൻ മാറിയോ ആണെങ്കിൽ അപ്പൊൾ തന്നെ മഷിൻ അലാറം അടിക്കും .




View Larger Map




സാൻ സെബാസ്റ്റ്യൻ കാഴ്ചകൾക്കു പേരു കേട്ട പോലെ തന്നെ ഇവിടെ നിന്നും കിട്ടുന്ന പിഞ്ചോസ് എന്ന ഭക്ഷണത്തിനും പേർ കേട്ടതാണു , ചെറിയ ബൺ രണ്ടായി നടു മുറിച്ചു അതിനു നടുവിൽ പല തരത്തിലുള്ള ഇറച്ചി നിറച്ചിട്ടാണ് ഉണ്ടാക്കുന്നതു . സ്റ്റേഷനിൽ തന്നെയുള്ള ഒരു കഫെ ഷോപ്പിൽ നിന്നും ഞാനും ബെർണാഡും ലഘുഭക്ഷണം കഴിച്ചു (കൊലാകാവും തൊർത്തിയ്യ പൊട്ടാറ്റയും) ഞങ്ങൾ കാഴ്ചകൾ കാണാനിറങ്ങി . ഒരു ദിവസം കൊണ്ടു കണ്ടു തീർക്കാൻ പറ്റാത്ത അത്രയും കാഴ്ചകൾ . അർദ്ധവ്യുത്താക്രിതിയിൽ കിടക്കുന്ന സമുദ്ര തീരത്തു മൂന്നു ബീച്ചുകൾ , അതിനു രണ്ടു വശങ്ങളീലുമായി രണ്ടു മലകൾ വലതു വശത്തു കാണുന്ന മലയിൽ വലിയ ക്രിസ്തു പ്രതിമ , ആ മലക്കു താഴെ റ്റൌൺ ഹാൾ അതിനു അടുത്തു തന്നെ അക്ക്വേറിയം , സമുദ്രത്തിനു നടുവിലായി ഒരു ചെറിയ ദ്വീപ് അങ്ങിനെ നിരവധി കാഴ്ചകൾ . പത്തു മിനുറ്റു നേരെ നടന്നാൽ മൂന്നു ബീചുകളിലെ വലുതും ഭംഗിയുള്ളതുമായ ലാ കൊഞ്ച എന്ന ബീച്ചിൽ എത്താം , ഞങ്ങൾ ബീച്ചിലേക്കു നടന്നു ആഴ്ചാവസാനമായതു കൊണ്ടു റോഡിൽ നല്ല തിരക്ക് . അകലെ നിന്നും ഒരു സിറ്റി ടൂർ ബസ് വരുന്നു , രണ്ടു നിലയുള്ള മുകൾ ഭാഗം തുറന്ന ഈ ബസിൽ ഒരു ദിവസത്തെ പാസ് എടുത്തു യാത്ര ചെയ്താൽ എല്ലായിടവും കാണാം സ്പാനിഷിലും ഇംഗ്ലിഷിലും വിവരിച്ചു തരികയും ചെയ്യും .










ലാ കൊഞ്ച ബീച്ചിനോടു ചേർന്നു തന്നെ റ്റൌൺ ഹാൾ കെട്ടിടം കാണാം , നല്ല പൂന്തോട്ടത്തോടു കൂടിയ ഈ കെട്ടിടത്തിനു മുന്നിൽ തന്നെയാണു ഇൻഫോർമെഷൻ സെന്റെർ . ഇതു വരെ മുഖം വീർപ്പിച്ചു നിന്ന മഴ മേഘങ്ങൾ പെയ്യാൻ തുടങ്ങി നല്ല വെയിലുള്ള ദിവസങ്ങളിൽ നല്ല തിരക്കുള്ള ഈ ബീച്ചിൽ ഇന്നു വെയിൽ കാഞ്ഞു കിടക്കാനുള്ള കസേരകൾ മാത്രം .

ഇത്രയും ദൂരം വന്നു മഴ കാരണം കാഴ്ചകൾ ഒന്നും കാണാതെ തിരിച്ചു പോകേണ്ടി വരുമൊ ? നിരാശയോടെ ബീച്ചിൽ നിന്നും തിരിച്ചു നടന്നു ഞങ്ങൾ ഇൻഫോർമെഷൻ സെന്ററിൽ എത്തി , അവർ നല്ല ഒഴുക്കോടെ ഇംഗ്ലിഷിൽ കാണാനുള്ള സ്ഥലങ്ങളൂം അവിടെക്കുള്ള വഴിയും ദൂരവും എല്ലാം മാപിൽ നോക്കി പറഞ്ഞു തന്നു . ഒരു മണിക്കൂർ ഇട വിട്ട് സിറ്റി ടൂർ ബസ് ഉണ്ട് പതിമൂന്നു സ്ഥലത്തു നിറുത്തുകയും ചെയ്യും ഒരു തവണ ടിക്കെറ്റ് എടുത്താൽ ഇരുപത്തി നാലു മണിക്കൂർ നമുക്കു ആ ടിക്കറ്റ് ഉപയോഗിച്ചു അതിൽ യാത്ര ചെയ്യാം . ഇൻഫോർമെഷൻ സെന്റരിൽ നിന്നു തന്നെ ടിക്കറ്റ് കിട്ടും , പന്ത്രണ്ടു യൂരൊക്കു ടിക്കറ്റ് എടുത്തു ഞങ്ങൾ ബസിൽ യാത്രയായി .
ബസിൽ യാത്ര ചെയ്തു കാഴ്ചകൾ കാണാൻ ഞങ്ങളെ കൂടാതെ രണ്ടു വയസ്സായവർ മാത്രം , ഞാൻ മുകളിലെ നിലയിൽ കയറി മുന്നിലെ സീറ്റിൽ തന്നെ ഇരുന്നു . ബസിലെ സ്പീക്കറിൽ കൂടി ഓരോ സ്ഥലത്തെ പറ്റിയും കാണാനുള്ള കാഴ്ചകളെ പറ്റിയും ആദ്യം സ്പാനിഷിലും പിന്നെ ഇംഗ്ലിഷിലും പറയുന്നുണ്ടു . ബസ് ലാ കൊഞ്ച ബീച്ചും മിരാമർ കൊട്ടാരവും ഒന്താരെറ്റ ബീച്ചും കഴിഞ്ഞു ഫുണികുലാർ പ്ലാസയും കടന്നു ഇഗുഎൽഗൊ മല കയറാൻ തുടങ്ങി






മൂന്ന് ബീച്ചുകളുടെയും ഇടതുവശത്തുള്ള മലയാണ് ഇഗുഎൽഗൊ . അതിനു മുകളിൽ നാലു നക്ഷത്ര ഹോട്ടൽ അതിനു ചുറ്റും ചെറിയ പാർക്ക് . അതിനുള്ളിലൂടെ ബസ് ഒന്നു കറങ്ങി വീണ്ടും താഴെ ഇറങ്ങും അവിടെ ഇറങ്ങി കാഴ്ച്ചകൾ കാണണമെങ്കിൽ പൈസ കൊടുക്കണം .ഞങ്ങൾ അവിടെ ഇറങ്ങി ഒരു യൂറൊ എഴുപതു സെന്റ് പ്രവേശന ഫീസ് കൊടുത്തു കാഴ്ചകൾ കാണാൻ നടന്നു . വളരെ നിശബ്ദമായ സ്ഥലം ചെറിയ ഒരു തലോടലോടു കൂടിയ തണുത്ത കാറ്റ് , അടുത്ത ബസ് ഒരു മണിക്കൂർ കഴിഞ്ഞാൽ ഇവിടെ വരും അതിൽ കയറി പോകുന്നതു വരെ ഇവിടെ നിന്നും താഴെ സാൻ സെബാസ്റ്റ്യൻ മുഴുവൻ കാണാം എന്നാണു കരുതിയതു , പക്ഷെ അവിടെ നിന്നും കണ്ട കാഴ്ച്ചകൾ നമ്മളെ മണീക്കൂറുകളോളം അവിടെ പിടിച്ചു നിറുത്തും . ആ മലമുകളിൽ നിന്നും 360 ഡിഗ്രീയിൽ നമുക്കു സാൻസെബാസ്റ്റ്യൻ കാഴ്ച്ചകൾ കാണാം . ഇടതു വശത്തു സമുദ്രത്തിനോടു ചേർന്നുള്ള മലനിരകളിലെ റോഡുകൾ ഒരു വരകൾ പോലെ കാണാം നീല സമുദ്രത്തോടു ചേർന്നു പച്ച പുതച്ച മല നിരകൾ അതിനു മുകളിലൂടെ വളഞ്ഞും പുളഞ്ഞും കറുത്ത നിറത്തിൽ മലമ്പാതകൾ അതിന്റെ അവസാനം അങ്ങെ അറ്റം സാരാവുസ് ബീച്ച് വരെ കാണാം . വലിയ ലൈറ്റ് ഹൌസും അതിനോടു ചേർന്നു നൂറു കണക്കിനു വെളുത്ത പക്ഷികളും പറന്നു നടക്കുന്നു ആ സമയത്തു തന്നെ ജല രേഖകൾ വരച്ചു കൊണ്ടു അതിലൂടെ കടന്നു പോകുന്ന സ്പീഡ് ബോട്ടുകൾ , കാണേണ്ട കാഴ്ച്ച തന്നെ . അലപം കൂടി മുന്നൊട്ടു നടന്നപ്പോൾ വലിയ ഒരു ജലചക്രത്തിലെ ശക്തി കൊണ്ടു ഒഴുകുന്ന വെള്ളത്തിലൂടെ കൊച്ചു കുട്ടികൾക്കു വേണ്ടി നടത്തുന്ന ബോട്ട് സവാരി , കുട്ടികൾക്കു മാത്രമുള്ള കുതിര സവാരി , തീവണ്ടി യാത്ര എന്നു വേണ്ട ഒരു കൊച്ചു മലയിൽ ഒരു കൊച്ചു വീഗാലാന്റ് തന്നെയുണ്ട് . ആ മലയുടെ മധ്യത്തിലായി ഹോട്ടെലിനോടു ചേർന്നു ഒരു ടവർ ഉണ്ട് അതിൽ കയറിയാൽ കുതിര ലാടത്തിന്റെ രൂപത്തിൽ നമുക്കു മൂന്നു ബീച്ചുകളും കാണാം , കൂടാതെ ആ ചെറു ദ്വീപിലേക്കു പോകുന്ന ബോട്ടുകളെ ഉറുമ്പ് വലിപ്പത്തിൽ കാണാം .മൂന്നു നിലയുള്ള ആ ടവറിലും കയറണമെങ്കിൽ പ്രവേശന ഫീസ് കൊടുക്കണം . രണ്ടു യൂറൊ പ്രവേശന ഫീസ് കൊടുത്തു ഞങ്ങൾ ടവറിൽ കയറി , അവിടെ സാൻ സെബാസ്റ്റ്യൻ ജീവിത രീതികളൂം ചരിത്ര സംഭവ ഫോട്ടൊ പ്രദർശനവും കണ്ടു കൊണ്ടു ഞങ്ങൾ മുകളിൽ എത്തി .









ഒരു മണീക്കൂറല്ല ഒരു ദിവസം തന്നെ അവിടെ നിന്നു പോകും , ഇതിനു മുകളിൽ നിന്നു കാണുന്ന കാഴ്ച മാത്രം മതി മനസ്സു നിറയാൻ . സമുദ്രത്തിനും മല നിരകൾക്കിടയിലും ചുറ്റപെട്ടു കിടക്കുന്ന നഗരം കിതിര ലാടത്തിന്റെ രൂപത്തിൽ കാണാവുന്ന ബീച്ചുകളും അതിനോടു ചേർന്നു തന്നെ കറുത്ത വര പോലെ കാണാവുന്ന റോഡും പൂന്തോട്ടവും ഉറുമ്പു വലുപ്പത്തിൽ കാണുന്ന ബോട്ടുകളും രണ്ടു മലകൾക്കിടയിൽ കാണുന്ന ചെറിയ ദ്വീപും , അവിടെ തന്നെ കുറെ സമയം ചിവഴിക്കണമെന്നു മനസ്സു കൊതിച്ചെങ്കിലും അടുത്ത ബസ് വരുന്ന സമയമായി . ഇനി പത്തു മിനിറ്റു കൂടെ മാത്രമെ ബസ് വരാൻ ഉള്ളൂ .
താഴെ ഇറങ്ങി വന്നപ്പോഴെക്കും ബസ് വന്ന് തിരിച്ചു പൊകുന്നു ഞങ്ങളെ കണ്ടു മനസ്സിലായ ഡ്രൈവർ വണ്ടി നിറുത്തി കയറ്റി , അദ്ദെഹത്തിനു ഒരു നന്ദിയും പറഞ്ഞു ഞങ്ങൾ അതിനു അടുത്ത സ്റ്റോപിൽ ഇറങ്ങി . മലയുടെ നേരെ താഴെ ഫുണികുലാർ , പീനെ ദെൽ വീന്റൊ എന്ന സ്റ്റോപിൽ .








അല്പ നേരം അവിടെ ചുറ്റി നടന്നു അവിടെ കണ്ട ഒരു ചെറിയ പാർക്കിൽ വിശ്രമിച്ചു കയ്യിൽ കരുതിരുന്ന ലഘുഭക്ഷണം കഴിച്ചു വീണ്ടും യാത്ര തുടർന്നു . ഒന്തരെറ്റ ബീച്ചിൽ എത്തിയ ഞങ്ങൾ അവിടെ അലപ നേരം ഇരുന്നു , നല്ല കാലാവസ്ഥ മഴമേഘങ്ങൾ മാറി നല്ല വെയിൽ കൊച്ചു കുട്ടികൾ കളിച്ചു നടക്കുന്നു വലിയവർ വെയിൽ കാഞ്ഞു കിടക്കുന്നു ചെറുപ്പക്കാർ അവിടെ നിന്നും വാടക്കു കിട്ടുന്ന ചെറു ബോട്ടുകളുമായി തുഴഞ്ഞു നടക്കുന്നു . ഒന്താരെറ്റ ബീച്ചിനു അഭിമുഖമായി മിരാമർ കൊട്ടാരം . സ്പാനിഷ് റാണിയുടെ വേനൽ കാല വസതി . ഇടതു വശത്തു സമുദ്രത്തിനോടു ചേർന്നുള്ള നടപ്പാതയിലൂടെ പത്തു നിമിഷം നടന്നാൽ പീനെ ദെൽ വിയെന്തൊ യിൽ എത്താം , ഒന്താരെറ്റ ബീച്ചിന്റെ ഇടതു വശത്തു പുറകിലാണു ഫുണികുലാർ . ഞങ്ങൾ പീനെ ദെൽ വിയെന്തിയിലെക്കു നടന്നു , വിയെന്തൊ എന്നു പറഞ്ഞാൽ കാറ്റ് എന്നർത്ഥം . ആ കടൽ തീരത്തു സാധാരണയിൽ കൂടുതൽ കാറ്റുണ്ടു , ഇന്നു ഇരുപതു ഡിഗ്രീ ആണ് അന്തരീക്ഷ ഊഷ്മാവ് ആ കാറ്റിനും അതു കൊണ്ടു തന്നെ ഒരു സുഖം . ഇവരുടെ സംസ്കാരവുമായി ബന്ധപെട്ട് അവിടെ കടലിൽ അവർ ഒരു രൂപം സ്ഥാപിച്ചിട്ടുണ്ട് , കാണാൻ ആകർഷകമല്ലെങ്കിലും അതു തീർച്ചയായും കാണണം എന്നു മൂന്നു തവണ ബസിൽ വിവരണത്തിലൂടെ പറയുന്നുണ്ട് . അവിടെ എന്നെ ആകർഷിച്ച ഒരു കാര്യം കടലിലേക്കു തള്ളി പണിതിരിക്കുന്ന കോൺക്രീറ്റ് തീരത്തിൽ മധ്യത്തിലായി ആറു ചെറിയ ദ്വാരങ്ങൾ ഉണ്ടു ശക്തിയായ തിര വരുമ്പോൾ ഇതിനടിയിലുള്ള വായു വളരെ മർദ്ദത്തോടെ ഈ ചെറിയ ദ്വാരത്തിലൂടെ തള്ളി മുകളിലേക്കു വരും , ഒരു ക്രിക്കറ്റ് പന്തിന്റെ വലിപ്പത്തിലുള്ള ഈ ദ്വാരത്തിനു ഇരു വശത്തായി നമ്മൾ നിന്നാൽ ആ വായു നമ്മുടെ കോട്ട് പാരചൂട്ട് വീർക്കുന്നതു പോലെ വീർപ്പിക്കും . ഒരു ചെറിയ പന്തു ആ ദ്വാരത്തിൽ വെച്ചാൽ തിര വരുമ്പോൾ വായു മർദ്ദം കൊണ്ട് പന്തു വായുവിൽ പറക്കും . അല്പ നേരം അവിടെ ചിലവഴിച്ചു ഇനിയും കാണാനുള്ള കാഴ്ച്ചകളെ കുറിച്ചു ഓർത്തപ്പോൾ ഞങ്ങൾ അവിടെ നിന്നും ഫുണീകുലാറിലേക്കു നടന്നു .
ഫുണികുലാർ , ഇഗുഎൽഗൊ മലയുടെ താഴെ നിന്നും മലമുകളിലേക്കു നടത്തുന്ന ട്രെയിൻ സെർവിസ് കൊക്കകോളയുടെ പരസ്യം പതിച്ച ആ ടെയിനിൽ കയറി മുകളിൽ പോകണമെങ്കിൽ രണ്ടര യൂറൊയുടെ ടിക്കറ്റ് എടുക്കണം .നമ്മൾ മല മുകളിലേക്കു പുറപ്പെടുന്ന സമയത്തു തന്നെ മല മുകളിലുള്ള ട്രെയിൻ താഴെക്കു വരും ഏകദെശം 45 ഡിഗ്രീ ചരിവുള്ള ആ പാതയിലൂടെ ട്രെയിനിനെ വലിച്ചു കൊണ്ട് പോകുന്നതു ഇരുമ്പു കയറ് വഴി മല മുകളീലുള്ള ഒരു എഞ്ചിൻ റൂം ആണു . താഴെക്കു വരുന്ന ട്രെയിനും മുകളിലേക്കു പോകുന്ന ഞങ്ങളുടെ ട്രെയിനും ഒറ്റ വരി പാതയിൽ നിന്നും വഴി മാറി കൊടുക്കുന്ന സമയം ഞങ്ങളുടെ ട്രെയിനിൽ മുന്നിലെ സീറ്റിൽ തന്നെയിരുന്ന ഞാൻ ഒരു ഫോട്ടോ എടുത്തു . ഈ ട്രെയിനിന്റെ ടിക്കറ്റിന്റെ കൂടെ മുകളിലെ പാർക്കിൽ ഇറങ്ങാനുള്ള പ്രവേശന ഫീസും ചേർത്താണു വാങ്ങിക്കുന്നതു . പതിനഞ്ചു മിനുറ്റു അവിടെ ചിലവഴിച്ച ശേഷം അടുത്ത ട്രെയിനിൽ താഴെക്കു വന്നു അവിടെ കണ്ട ഒരു ഹോട്ടലിൽ ഒരു ദിവസത്തെ വാടക ചോദിച്ചു , നൂറ്റി മുപ്പതു യൂറൊ . ഒരു രാത്രി ഇവിടെ തങ്ങണമെന്നുണ്ടെങ്കിലും നൂറ്റിമുപ്പതു യൂറൊ കൊടുത്തു ആ ഹോട്ടലിൽ തങ്ങുന്നതിനേക്കാൾ നല്ലതു കാസ്കൊ വീഹോയിൽ തെരുവിലിറങ്ങി ഇവരുടെ രാത്രി ജീവിതം കാണുകയാണു .

നേരെ ഞങ്ങൾ മിരാമർ പാലസ്സിലേക്കു നടന്നു , മുൻ വശം നല്ല പൂന്തോട്ടവും പുറകിൽ നല്ല പാർക്കും ചുവന്ന ചുവരുകളോടു കൂടിയ ആ കൊട്ടാരത്തിനകത്തു പക്ഷെ പ്രവേശനമില്ല . കൊട്ടാരത്തിനു ചുറ്റും ഒന്നു ചുറ്റി നടന്നു തിരിച്ചു വന്നു ആ പൂന്തോട്ടത്തിലെ പുൽ തകിടിയിൽ അല്പനേരം കടൽ കാറ്റു കൊണ്ടിരുന്നു .
വീണ്ടും സിറ്റി ടൂർ ബസ് വരുന്ന സമയമായി , ഇടതു വശത്തുള്ള കാഴ്ചകൾ എല്ലം തന്നെ കണ്ടു കഴിഞ്ഞു മധ്യഭാഗത്തുള്ള ലാ കൊഞ്ച ബീച്ചും റ്റൌൺ ഹാളൂം കണ്ടതു തന്നെ . ഇനി വലതു വശത്തുള്ള കാഴ്ചകളാണു കാണാനുള്ളതു








പത്തു മിനുറ്റ് ബസിൽ ഇരുന്നു കൊണ്ടു തന്നെ കോടതിയും , പള്ളിയും കുർസാലും കണ്ടു . അവസാന സ്റ്റോപിൽ ഇറങ്ങി പാസിയൊ ന്വെവൊ എന്ന കടൽതീര പാതയിലൂടെ നടന്നു കുർസാൽ എന്ന ചില്ലു ആഡിറ്റോറിയം കണ്ടു . കുർസാലിലെക്കു പോകും വഴി വലിയ വിളക്കുകളുമായി കണ്ട പാലം എന്നെ വല്ലാതെ ആകർഷിച്ചു . മൂന്നാമത്തെ ബീച്ച് ആയ സുരിയോള എന്ന ബീച്ചിനു അഭിമുഖമായാണു ഈ ആഡിറ്റോറിയം , സുരിയോള ബീച്ചിലാണ് സർഫിങ്ങ് നടക്കുന്നതു . വലിയ മണൽ തിട്ടയോടു കൂടിയ ഈ തീരത്തിരുന്നു രാത്രിയിൽ വൈദ്യുതി വെളിച്ചത്തിൽ കുർസാൽ കാണാൻ ആകർഷകമാണു . (രാത്രി ഞാൻ ഇതു കാണാൻ മാത്രമായി ഇവിടെ വീണ്ടും നടന്നു വന്നു . സാധാരണ പരിപാടികൾ ഒന്നും ഇല്ലാത്ത ദിവസങ്ങളിൽ പച്ച നിറത്തിൽ കാണുന്ന കുർസാൽ സ്വ വർഗ്ഗ രതിക്കാരുടെ വാർഷിക സമ്മേളന ദിവസം അവരുടെ പതാകയുടെ നിറമായ മഴവില്ലിന്റെ നിറത്തിലായിരിക്കും ).

ഇനി കാണാൻ അക്വേറിയം , മലമുകളിലുള്ള ക്രിസ്തു പ്രതിമ , കാസ്കൊ വീഹൊ എന്ന പഴയ പട്ടണം പിന്നെ ദ്വീപിലേക്കു ഒരു ബോട്ട് സവാരി .










അല്പം ക്ഷീണം തോന്നിയതിനാൽ മലമുകളിലേക്കുള്ള യാത്ര വേണ്ടെന്നു വെച്ചു . ബോട്ടു സവാരിയുടെ സമയം കഴിഞ്ഞു ബോട്ടുകൾ എല്ലാം വരി വരിയായി ഭംഗിയായി പാർക്ക് ചെയ്തിരിക്കുന്നു . വൈകുന്നെരമാകുന്നു അക്വേറിയം അടക്കുന്നതിനു മുന്നെ അകത്തു കയറണം , പന്ത്രണ്ടു യൂറോക്കു ടിക്കറ്റ് എടുത്തു അക്വേറിയത്തിനകത്തു കടന്നു , അവിടെ പ്രദർശിപ്പിച്ചിരുന്ന മീൻ പിടുത്ത ബോട്ടുകളുടെ ചെറു രൂപങ്ങളും കടന്നു രണ്ടു നിലയുടെ വലിപ്പത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന നീലതിമിംഗലത്തിന്റെ അസ്ഥിയും കണ്ടു കൊണ്ടു നടന്നു നീങ്ങി . ഫോസിലുകൾ ഞാൻ പഠിക്കുന്ന പുസ്തകങ്ങളിൽ വായിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണു നേരിൽ കാണുന്നതു . പല ജീവികളുടെ പല കാലഘട്ടത്തിലെ ഫോസിലുകൾ അവിടെ കണ്ടു .
പല തരത്തിലുള്ള മത്സ്യങ്ങളുടെ കാഴ്ചകളാണ് ഇനി . ഡിസ്കവറിയിലും നാഷണൽ ജോഗ്രഫിയിലും ജെല്ലി ഫിഷിനെയും കടൽ കുതിരയെയും കണ്ടിട്ടുണ്ടെങ്കിലും നേരിൽ ആദ്യമായി കാണാൻ ഇവിടെ അവസരം കിട്ടി . ടിക്കറ്റ് തരുമ്പോൾ തന്നെ ഫോട്ടൊ എടുക്കുമ്പോൾ ഫ്ലാഷ് ഉപയോഗിക്കരുതു എന്നു പറയുന്നുണ്ടെങ്കിലും എല്ലാ മിടുക്കന്മാരും മിടുക്കത്തികളും ഫ്ലാഷ് ഉപയോഗിച്ചു തന്നെയാണ് ഫോട്ടൊ എടുക്കുന്നതു .
















പാവത്താനായ ആ കടൽ കുതിരയുടെ മുന്നിൽ ഞാൻ അല്പ നേരം നിന്നു ഉടൽ ഭാഗം കുതിരയുമായി സാമ്യമില്ലെങ്കിലും തലഭാഗം നമ്മുടെ കുതിരയെ പോലെ തന്നെ അവനു ചേരുന്ന പേർ കടൽ കുതിര എന്നു തന്നെ . കുടത്തിനുള്ളിൽ വിശ്രമിക്കുന്ന മത്സ്യത്തെയും ഡോൾഫിനെയും കണ്ടു കൊണ്ടു ഞങ്ങൾ ടണലിനുള്ളിലേക്കു കടന്നു . 5000 യിരത്തിലധികം തരം ജീവികൾ അതിനകത്തുണ്ടെന്നാണു അവിടെ എഴുതി വെച്ചിരിക്കുന്നതു ആറടി വലിപ്പമുള്ള സ്രാവും തിരണ്ടി മത്സ്യവും ആമയും അങ്ങിനെ നിരവധി . കാണാൻ വന്നിരിക്കുന്നവരിൽ എല്ലവരും തന്നെ കുടുംബസമേതമാണു വന്നിരിക്കുന്നതു . കൊച്ചു കുട്ടികളുടെയും അമ്മമാരുടെയും മിറാ മിറാ എന്ന ശബ്ദം മാത്രം എവിടെയും . മിറാ എന്നാൽ നോക്കൂ എന്നർഥം . ഇതിനകത്തു ഫോട്ടോ എടുക്കൽ നടക്കുന്ന കാര്യമല്ല എന്നു മനസ്സിലായപ്പോൾ ഞാൻ വീഡിയോ എടുത്തു .















മണീക്കൂറുകളോളം അതിനകത്തു ചിലവഴിച്ചിട്ടും സത്യം പറഞ്ഞാൽ അതിനകത്തു നിന്നും ഇറങ്ങാൻ തൊന്നുന്നില്ല . അക്വേറിയം അടക്കുന്ന സമയമായി ടിക്കറ്റ് കൊടുക്കൽ അവസാനിച്ചു ഇനിയും ഇവിടെ നിന്നാൽ അവസാനക്കാരനായി ഇറങ്ങേണ്ടി വരും .












സമയം ഒരു പാടു വൈകി തിരിച്ചു പോകാനുള്ള അവസാന ട്രെയിനും പോയി കഴിഞ്ഞൂ . ഇനി രാത്രി ഇവിടെ ചിലവഴിക്കാതെ പറ്റില്ല . ഇൻഫോർമെഷൻ സെന്റർ അടക്കുന്നതിനു മുന്നെ പൈസ കുറവുള്ള ഹോട്ടൽ റൂം എവിടെയെന്നു തിരക്കണം അൻപതു യൂറൊ മുതൽ നൂറു യൂറൊ വരെയുള്ള ഹോട്ടൽ റൂമുകൾ അവർ അവിടെ നിന്നും ബുക്ക് ചെയ്തു തരും . ഈ വൈകിയ നേരത്തു എല്ലാ റൂമുകളും തന്നെ ബുക്ക് ചെയ്തു പോയിരുന്നു . ഇനി സന്തോഷത്തോടെ കാണാൻ ബാക്കിയുള്ള കാസ്ക്കൊ വീഹൊയിൽ പോയി രാത്രി കാഴ്ചകൾ കാണാം .

ഈ ലോകത്തു ജീവിതം ഏറ്റവും ആസ്വദിച്ചു ജീവിക്കുന്നതു സ്പാനിഷുകാർ ആണെന്നു എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ടു . ആഴ്ചയിൽ അഞ്ചു ദിവസം ജോലി എട്ട് മണീക്കൂർ വീതം ഉച്ചയൂണു കഴിഞ്ഞു വിശ്രമിക്കാൻ ഒന്നര മണിക്കൂർ സമയം , വെള്ളി ശനി രാത്രികൾ ഫീസ്റ്റാ എന്നറിയപ്പെടുന്ന വീകെന്റ് ആഘൊഷങ്ങൾ , ആഗസ്റ്റിൽ ഒരു മാസം വേനൽ അവധി . ഇന്നു വെള്ളിയാഴ്ച്ച രാത്രി , സാൻ സെബാസ്റ്റ്യൻ കാണാൻ ലോകത്തിന്റെ പല ഭാഗത്തുള്ള ആളുകളെത്തിയിട്ടുണ്ടു , കൂടുതലും പതിനാറിനും മുപ്പതിനും ഇടയിലുള്ള ചെറുപ്പക്കാരായ ജോടികൾ തന്നെ . കാസ്കൊ വീഹൊയിൽ വീടുകളെക്കാൾ കൂടുതൽ ബാറുകൾ തന്നെ നൂറൂ കണക്കിനു ബാറുകൾ . ആൺ പെൺ വിത്യാസമില്ലാതെ അവരുടെ രാത്രികൾ അവിടെ ആഘോഷിച്ചു തീർക്കുന്നു . പെൺകുട്ടികൾ തന്നെയാണ് ആൺ കുട്ടികളെക്കാൾ ഒരു പടി കൂടുതൽ വിസിൽ അടിച്ചും വഴിയിൽ ഉച്ചത്തിൽ പാട്ടുകൾ പാടിയും ആടിയും ആഘോഷിക്കുന്നതു .
രാത്രി രണ്ടു മണീ നല്ല ക്ഷീണം കൊണ്ടു വഴിയരികിൽ കണ്ട ബെഞ്ചിൽ ഇരുന്നു . രാത്രി ആഘോഷിച്ചു മതിയായവർ ടാക്സി വിളിച്ചു അവരവരുടെ വീടുകളിലേക്കു പോകുന്നു .

ദോൻഡെ എരെസ് പാകിസ്താൻ ?

ആ ഇരുന്ന ഇരുപ്പിൽ മയങ്ങിയ ഞാൻ ആ ചോദ്യം കേട്ടാണു ഉണർന്നതു , നോക്കുമ്പോൾ ഒരു സ്പാനിഷുകാരൻ . നീ പാകിസ്താനിയാണൊ എന്നാണു ചോദ്യം .

നോ , സോയ് ദെ ഇന്ത്യ

ഇനി ഇവിടെ ഇരുന്നാൽ ശരിയാകില്ല , എത്ര മണീക്കാണു ആദ്യത്തെ ട്രെയിൻ എന്നറിയില്ല ഇപ്പോൾ സമയം മൂന്നര . ഇതിലും സുരക്ഷയോടെ റെയിവെ സ്റ്റേഷനിൽ ഇരിക്കാം . അഞ്ചു മണീക്കെങ്കിലും ആദ്യ ട്രെയിൻ കാണും എന്ന പ്രതീക്ഷയിൽ ഞങ്ങൾ സ്റ്റേഷനിലേക്കു നടന്നു . റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോൾ നാലു മണീ , മുനിസിപ്പാലിറ്റികാർ വന്നു ഗാർബെജ് കൊണ്ടു പോയി , ഒറ്റ രാത്രി കൊണ്ടു മലിനമാക്കിയ നഗരം വീണ്ടും ശുചീകരിക്കുന്നു . രാത്രി മുഴുവൻ പോലീസുകാർ ഉണ്ടെങ്കിലും മദ്യപിക്കുന്നതിന്റെ പേരിലോ ആഘോഷിക്കുന്നതിന്റെ പേരിലോ അവർ ആരെയും ഉപദ്രവിക്കുന്നില്ല എന്നു മാത്രമല്ല മദ്യപിച്ചു ലക്കു കെട്ടു വഴിയിൽ വീണവരെ ആമ്പുലൻസ് വരുത്തി ഇഞ്ചക്ഷൻ കൊടുത്തു ആൽക്കഹോളിന്റെ വീര്യം കളഞ്ഞു ടേയ്ക്ക് കെയർ എന്നു പറഞ്ഞു വിടുന്നു .
ആദ്യ ട്രെയിൻ രാവിലെ ഏഴു നാല്പതിനു അതിൽ കയറി വീട്ടിലെക്കു പോരുമ്പോൾ അല്പം ക്ഷീണമുണ്ടെങ്കിലും ഇതും ഓർത്തിരിക്കാൻ പറ്റിയ ഒരു നല്ല യാത്രയായിരുന്നു .

6 comments:

കുഞ്ഞായി | kunjai 26 July 2009 at 08:03  

സാന്‍ സെബാസ്റ്റ്യന്‍ ശെരിക്കും ആസ്വദിച്ച് വായിച്ചു...
കലക്കന്‍ വിവരണവും ചിത്രങ്ങളും
ഓ.ടോ:ഈ ബ്ലോഗിന്റെ ഒരു ലിങ്ക് ഞാന്‍ എന്റെ യാത്രാ ബ്ലോഗിലിടുന്നുണ്ട്,വിരോധമുണ്ടാകില്ലെന്ന് കരുതുന്നു

Unknown 26 July 2009 at 08:05  

കുഞ്ഞായി ഒരു വിരോധവുമില്ല . നന്ദി

ഗന്ധർവൻ 26 July 2009 at 10:22  

നല്ല വിവരണം :0)

Ashly 26 July 2009 at 22:54  

Wonderful!! Thanks a TON !!

വിഷ്ണു | Vishnu 30 July 2009 at 10:01  

സ്റ്റൈല്‍ ആയിട്ടുണ്ട്‌....ഈ സ്പെയിനില്‍ എന്തെരെ കാഴ്ചകള്‍ ആണ്

ചാണക്യന്‍ 25 December 2009 at 10:22  

മികവുറ്റ ചിത്രങ്ങൾ....

അഭിനന്ദനങ്ങൾ സജി...

Related Posts with Thumbnails

എന്‍റെ കൂടെ കാഴ്ചകള്‍ കാണാന്‍ ഇഷ്ടപെടുന്നവര്‍

എന്‍റെ കൂടെ കാഴ്ചകള്‍ കണ്ടവര്‍

VISITORS TODAY


contador

copy right

ചോദിച്ചിട്ട് എടുത്താല്‍ സന്തോഷം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP