സ്പാനിഷ് ഗ്രാമത്തിലേക്ക് (ഇഗുറിയ സ്പെയിന്‍ )

¿hola saji quetal ? രാവിലെ പത്തു മണിക്ക് എന്‍റെ ഒരേയൊരു സ്പാനിഷ് കൂട്ടുകാരിയുടെ ഫോണ്‍ വിളി കേട്ടാണ് ഉണര്‍ന്നത് ,ഇന്നു ഞായറാഴ്ച ,എല്ലാ ഞായറാഴ്ചയും ഉച്ച തിരിഞ്ഞു ഒരു പതിവു നടത്തം ബെഗോയുടെ കൂടെ ഉള്ളതാണ് .ഇരുപത്തി അഞ്ചു ഡിഗ്രീ ചൂടു പുറത്തിറങ്ങി കറങ്ങാന്‍ നല്ല ദിവസം . ഞാനും ബെര്‍്ണാഠും അഞ്ചു മണിക്ക് തന്നെ ബെഗോയുടെ കൂടെ ഇറങ്ങി എല്ലോരിയോ ഗ്രാമത്തിന്റെ പ്രാന്ത പ്രദേശമായ ഇഗുറിയ ആണ് ഇന്നു ഞങ്ങളുടെ ലക്ഷ്യം .എന്‍റെ വീട്ടില്‍ നിന്നും കാണാവുന്ന ഉദാല എന്ന മലയുടെ അടിവാരത്തുള്ള കൊച്ചു ഗ്രാമം .
ഉദാലയെ ലക്ഷ്യമാക്കി ഞങ്ങള്‍ നടന്നു വളരെ നാളുകള്‍ക്ക് ശേഷമാണു ചൂടു പതിനഞ്ച് ഡിഗ്രിയില്‍ കൂടുതല്‍ പോകുന്നത് .വീട്ടില്‍ ന്നിന്നും കാണുമ്പൊള്‍ മല വളരെ അടുത്താണെന്ന് തോന്നുമെങ്കിലും നടന്നടുക്കും തോറും മല നമ്മളില്‍ നിന്നും നടന്നകലുന്നത് പോലെ തോന്നി .നടക്കുന്നതിനിടയില്‍ കൊറിച്ചു തിന്നാന്‍ ചോളം വറുത്തത് എടുത്തിട്ടുണ്ട് വാഹനങ്ങള്‍ പോകുന്ന റോഡില്‍ നിന്നും ഇഗുരിയിലെക്കുള്ള കൈ വഴിയിലേക്കു കടന്നു ,ഞങ്ങളുടെ കൂടെ ഒരു ചെറിയ കൈ തോട് പിന്തുടരുന്നുണ്ട് ,വെള്ളം കുറഞ്ഞ ഉരുളന്‍ കല്ലുകള്‍ക്കിടയിലൂടെ കള കള ശബ്ദം ഉണ്ടാക്കി ഒഴുകുന്ന തോട് ഇവിടെ ഒരുപാടുണ്ട് .വര്‍ഷത്തില്‍ ഭൂരിഭാഗം ദിവസവും മഴ പെയ്യുന്ന ഇവിടെ മലയില്‍ നിന്നും എപ്പോളും വറ്റാത്ത ഉറവകള്‍ ഉണ്ട് .
ആള്‍ താമസമില്ലാത്ത കൈ വഴികള്‍ കടന്നു ഒരു മണിക്കൂറിനു ശേഷം വീടുകള്‍ ഉള്ള താഴ്വാരത്തിലെത്തി ,അവിടെയുള്ള വീടുകളും പണി ആയുധങ്ങളും കണ്ടപ്പോള്‍ തന്നെ അവിടെ താമസിക്കുന്ന ഭൂരി ഭാഗം ആളുകളും കര്‍ഷകര്‍ ആണെന്ന് മനസ്സിലായി .ഇതിനിടയില്‍ വഴിയില്‍ കാണുന്ന ഇലകളെ കുറിച്ചും ,പൂക്കളെ കുറിച്ചും ,മരങ്ങളെ കുറിച്ചും അവയുടെ സ്പാനിഷ് പേരും വിശേഷങ്ങളും ഞങ്ങളോട് സ്പാനിഷിലും മനസ്സിലാകാത്തത് ഇംഗ്ലീഷിലും പറയുന്നുണ്ട് ,ബെഗോ പണ്ടേ സംസാര പ്രിയയാണ് .ആ ഗ്രാമത്തില്‍ ഞങ്ങള്‍ കണ്ട വീടുകള്‍ മുഴുവനും വളരെ പഴയ വീടുകള്‍ ആണ് നൂറു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളവ .ചില വീടുകളുടെ ചുമരുകളില്‍ അവര്‍ പണ്ടു കൃഷി സ്ഥലങ്ങളില്‍ ഉഴുവാനും മറ്റുമായി ഉപയോഗിച്ചിരുന്ന പണിയായുധങ്ങള്‍ കണ്ടു .നമ്മുടെ നാട്ടിലെ കലപ്പയുമായി വളരെ വിത്യാസമുണ്ട് .പോകുന്ന വഴിയില്‍ ഒരു മരത്തില്‍ ഏറു മാടം പോലെ ഒന്നു കണ്ടെങ്കിലും അതെന്താണെന്ന് മാത്രം ബെഗോക്ക് അറിയില്ലായിരുന്നു ,നിരാശയാകാതെ പിന്നീട് കാണുന്നതെല്ലാം വിശദീകരിക്കുന്നുണ്ട് ,കൂടെ ഈ കാര്യങ്ങള്‍ മുഴുവന്‍ ഇന്ത്യയില്‍ എങ്ങിനെയാണെന്നും ചോദിച്ചു മനസ്സിലാക്കുന്നുണ്ട് .
ഇറച്ചികളില്‍ സ്പാനിഷ് കാരുടെ പ്രിയ ഭക്ഷണം പന്നി തന്നെ .ഇടതു വശം ചേര്ന്നു ഒരു പന്നി വളര്‍ത്തു കേന്ദ്രം ഉണ്ട് ,ഇവിടെ വന്നതില്‍ പിന്നെ ഞാനും പന്നി പ്രിയനായി കേട്ടോ ,(പന്നി പനി വന്നതിനു ശേഷം തീറ്റ നിറുത്തി ) ഇവിടെ പ്രസിദ്ധമായ വിഭവം ആണ് ഹാമോന്‍ .പന്നിയുടെ തുടഭാഗം മുറിച്ചെടുത്തു രണ്ടാഴ്ച ക്കാലം ഉപ്പിലിട്ടു ഉണക്കും ,പിന്നീട് ഉപ്പ് കളഞ്ഞു വൃത്തിയാക്കി ഉണങ്ങനായി ആറു മാസത്തേക്ക് തൂക്കിയിടും ,അവസാനം വരണ്ട തണുത്ത മുറിയില്‍ പതിനെട്ടു മാസത്തോളം സൂക്ഷിക്കും .അതിന് ശേഷം അവനെ പുറത്തെടുത്ത് കത്തി ഉപയോഗിച്ചു കനം കുറച്ചു ചെത്തി എടുത്തു തിന്നും .കൂടുതല്‍ വിവരങ്ങള്‍
ഇവിടെ . വലതു വശം മലയുടെ താഴ്വാരത്തില്‍ പൈന്‍ മരക്കാടുകള്‍ ആണ് ,ഇടതു വശം നിറയെ മനം കുളിര്‍ക്കുന്ന കാഴ്ചകള്‍ ,ചിരട്ടകളില്‍ മണ്ണപ്പം ചുട്ട പോലെ എണ്ണിയാല്‍ തീരാത്ത കൊച്ചു കൊച്ചു മലകള്‍ കൊണ്ടു തീര്‍ത്തതാണ് എല്ലോരിയോ ഗ്രാമം .അതിലെ രണ്ടു വലിയ മലകള്‍ ആണ് ഒന്നു ഉദാലയും പിന്നെ അമ്പോട്ടോയും.നടത്തം തുടര്‍ന്ന് കുത്തനെയുള്ള കയറ്റം ആയി ,ഞങ്ങള്‍ രണ്ടു പേരും ക്ഷീണിച്ചുവെങ്കിലും ബെഗോ ഇപ്പോളും നല്ല ഉഷാറായി കയറ്റം കയറുന്നു ,പിന്നെയും ഞങ്ങളോട് ഈ ഗ്രാമത്തിന്റെ പഴയ വിശേഷങ്ങള്‍ പറഞ്ഞു തന്നു കൊണ്ടിരുന്നു .പണ്ടു കാലത്ത് ആളുകള്‍ എല്ലാം മലയില്‍ നിന്നും ഉറവായി വരുന്ന വെള്ളം ഉപയോഗിച്ചായിരുന്നു തുണികള്‍ എല്ലാം കഴുകിയിരുന്നത് .ഇപ്പോള്‍ അതാരും ഉപയോഗിക്കുന്നില്ല എങ്കിലും സ്പാനിഷ് ഗവണ്മെന്റ് ഇപ്പോളും അത് ഓര്‍മ്മയ്ക്കായി സംരക്ഷിച്ചു നിറുത്തിയിരിക്കുന്നു .ദൂരെയുള്ള ഒരു മലയില്‍ കാറ്റാടി യന്ത്രങ്ങള്‍ കാണാം .വളരെ കുറച്ചു വൈദ്യുതി ആണെങ്കിലും കാറ്റാടി യന്ത്രവും ഇവര്‍ വൈദുതി നിരമാണതിനു ഉപയോഗിക്കുന്നു .
ഈ ഗ്രാമത്തില്‍ ഞാന്‍ കണ്ട വീടുകള്‍ എല്ലാം കരിങ്കല്‍ ചുമരോട് കൂടിയ വലിയ വീടുകള്‍ ആണ് ,പഴയ ഓടു മേഞ്ഞ വീടുകള്‍ .തണുപ്പില്‍ നിന്നും രക്ഷപെടാന്‍ ആകണം ചെറിയ ജന്നലുകളും ,മുന്‍വശം അടച്ച രീതിയിലുള്ള വരാന്തയും .
മലയോടു അടുക്കാറായി നിറയെ പൈന്‍ മരക്കാടുകള്‍ ചെറിയ നടപ്പാത മാത്രം ,പൈന്‍ മരങ്ങള്‍ മുറിച്ചു കൊണ്ടിരിക്കുന്നുണ്ട് ,മുകളിലേക്ക് കയറും തോറും ഉറവകളുടെ എണ്ണം കൂടി വന്നു ,വീട്ടില്‍ നിന്നും ഇറങ്ങിയിട്ട് രണ്ടു മണിക്കൂര്‍ നടന്നു ഇപ്പോഴും മലയില്‍ എത്തിയിട്ടില്ല അടിവാരത്തില്‍ എത്തിയിട്ടേ ഉള്ളൂ ,ഇനിയും കയറിയാല്‍ തിരിച്ചു ഇന്നു വീട്ടില്‍ എത്താന്‍ പറ്റില്ല എന്ന് മനസ്സിലാക്കിയപ്പോള്‍ അല്‍പ നേരത്തെ മലയിലെ വിശ്രമത്തിന് ശേഷം ഞങ്ങള്‍ മലയിറങ്ങി നടന്നു .പത്തു മിനിട്ട് ദൂരം എന്ന് വീട്ടില്‍ നിന്നും തോന്നിയെങ്കിലും മണിക്കൂര്‍ രണ്ട് നടന്നിട്ടും എത്തിയില്ല .
സമയം വൈകിട്ട് എട്ടു മണി ആകാറായി .കുറച്ചകലെയായി മേഞ്ഞു നടന്നിരുന്ന കുതിരയെ ഞാന്‍ ക്യാമറയില്‍ ആക്കുന്നതിനിടയില്‍ ബെഗോ അവിടെ കണ്ട ഒരു പഴയ വീടിന്റെ ഉടമസ്ഥനുമായി ബാസ്ക് ഭാഷയില്‍ സംസാരിച്ചു കൊണ്ടിരുന്നു ,സ്പാനിഷ് തന്നെ ഇപ്പോളും ശരിക്ക് പറയാന്‍ അറിയാത്ത ഞാന്‍ അവര്‍ സംസാരിക്കുന്നതു ശ്രദ്ധിച്ചേ ഇല്ല .ആ വീട്ടു ഉടമസ്ഥന് ഇന്ത്യയില്‍ നിന്നും വന്ന ഞങ്ങളെ പരിചയപെടുത്തി കൊണ്ടു ,ഞാന്‍ ആ വീടിനെ കുറിച്ചു ചോദിച്ച ചില സംശയങ്ങള്‍ ചോദിച്ചു അറിയുകയായിരുന്നു ബെഗോ .ഇന്ത്യ എന്ന് കേട്ടപ്പോള്‍ തന്നെ അദ്ദേഹം താജ് മഹല്‍ ,ബോംബെ വിശേഷങ്ങള്‍ എല്ലാം ചോദിച്ചു ഞങ്ങളെ പരിചയപെട്ടു അദ്ദേഹത്തിന്റെ വീട്ടിലേക്ക് വിളിച്ചു .എല്ലോരിയോ ഗ്രാമത്തിലെ ആദ്യം പണിത വീടുകളില്‍ അഞ്ചാമത്തെ വീട് ആയിരുന്നു അത് അഞ്ഞൂറ് വര്ഷത്തെ പഴക്കം കാരണവര്‍ മാര്‍ കൈമാറി കൊടുത്ത വീട് പഴയ വീട് ആണെങ്കിലും നല്ല ഉറപ്പു ഇതു വരെ പൊളിച്ചു പണിതിട്ട് പോലുമില്ല .താഴെ നിലയില്‍ ആ വീട്ടിലേക്ക് ആവശ്യമായ പാലിന് വേണ്ടി വളര്‍ത്തുന്ന പശു ,കോഴികള്‍ ,മുയലുകള്‍ ,പിന്നെ അവര്ക്കു ഹാമോന്‍ ഉണ്ടാക്കാനായി വളര്‍ത്തുന്ന ഒരു പന്നി കുട്ടിയും ,മുകളില്‍ താമസത്തിനുള്ള മുറികളും .ഗ്രാമങ്ങളിലെ പ്രായമായ ആളുകള്‍ ഇപ്പോളും ബാസ്ക് ഭാഷ തന്നെയാണ് സംസാരിക്കുന്നതു ,അത് മുഴുവനും ബെഗോ എനിക്ക് ഇംഗ്ലീഷിലും സ്പാനിഷിലും പറഞ്ഞു തന്നു കൊണ്ടിരുന്നു .അകത്തെ വിശേഷങ്ങള്‍ കാണിച്ചു തന്നതിന് ശേഷം ഉത്സാഹത്തോടെ അദ്ദേഹം ഞങ്ങള്ക്ക് അവര്‍ വീട്ടാവശ്യത്തിനായി ചെയ്യുന്ന പച്ചക്കറി തോട്ടവും ഗ്രീന്‍ ഹൌസും കാണിച്ചു തന്നു .ഇവിടെ വന്നതിനു ശേഷം എല്ലാ പഴയ വീടുകളും അവ പണിത വര്‍ഷവും കൂടെ ഒരു മുദ്രയും ഉണ്ടാകാറുണ്ട് ,അതിനെ പറ്റി ചോദിച്ചപ്പോള്‍ ഒരു ചെറിയ ജന്നല്‍ കാണിച്ചു തന്നിട്ട് പറഞ്ഞു ഇത്തരം ജന്നല്‍ അഞ്ഞൂറ് വര്ഷം മുമ്പ് പണിത വീടുകള്‍ക്ക് മാതമേ ഉള്ളൂ എന്ന്
ഹാമോന്‍
ആ നല്ല മനുഷ്യന്റെ പഴയ വീടിനോട് യാത്ര പറഞ്ഞു ഞങ്ങള്‍ വീടിനെ ലക്ഷ്യമാക്കി തിരിച്ചു നടന്നു .ഉദാല മലയുടെ പശ്ചാത്തലത്തില്‍ പഴയ വീടാണെങ്കില്‍ പോലും ആ പച്ചപ്പ് നിറഞ്ഞ മലനിരകള്‍ക്കിടയിലെ വീടുകള്‍ കാണാന്‍ ഒരു പ്രത്യേകത തന്നെ .നമ്മുടെ കേരളത്തിലെ ഗ്രാമങ്ങള്‍ വികസിത ഗ്രാമങ്ങളും നഗര സംസ്കാരവുമായി കഴിയുമ്പോഴും പരിഷ്കൃത യൂറോപ്യന്‍ രാജ്യങ്ങളിലെ ഗ്രാമ വാസികള്‍ ആ ഗ്രാമീണ സംസ്കാരവും വിശുദ്ധിയും കൈവിടാതെ ജീവിക്കുന്നത് കാണാന്‍ അവസരം തന്ന ബെഗോക്ക് നന്ദി പറഞ്ഞു ,സമയം രാത്രി ഒന്‍പതു മുപ്പതു കഴിഞ്ഞു .ഞങ്ങള്‍ സാന്റ മരിയ പള്ളിയുടെ മുന്നിലുള്ള ലാ പാര കഫെ ഷോപ്പില്‍ നിന്നും ഓരോ ബിയര്‍ കഴിച്ചു പിരിഞ്ഞു .വീണ്ടും അടുത്ത യാത്രയില്‍ കാണാം .
