മന്ത്രവാദിയുടെ കൊട്ടാരത്തിലേക്ക്

View Larger Map
വീട്ടിൽ നിന്നും രണ്ട് മണിക്കൂർ യാത്ര ഉച്ച ഭക്ഷണവും കരുതിയാണു പോകുന്നതു .മാസങ്ങളായി പോകാൻ കൊതിക്കുന്ന സ്ഥലമാണു കാരണം അവിടെ ഒരു കാസിൽ ഉണ്ടു ,ചെറുപ്പത്തിൽ ചിത്രകഥകളിൽ മാത്രം കണ്ട മന്ത്രവാദിയുടെ കൊട്ടാരം.ഇന്നു തന്നെ അവിടെ പോകാൻ കാരണം ഇന്നു അവിടെ ഒരു ഉത്സവം നടക്കുന്നുണ്ടു ഒരു വെടിക്കു രണ്ടു പക്ഷി ഉത്സവവും കാണാം കൊട്ടാരവും കാണാം ,കൊട്ടാരത്തിലേക്കു പോകാനുള്ള വഴിയെ പറ്റി പണ്ട് ഞാൻ ബെഗോയോടു ചോദിച്ചിരുന്നു പത്രത്തിൽ ഉത്സവ വാർത്ത കണ്ട ബെഗോ അവിടെ പൊകാനുള്ള വഴിയും ബസ് സമയവും അതിൽ കൊടുത്തിരിക്കുന്ന ഫോൺ നമ്പരിൽ വിളിച്ചു ചൊദിച്ചു അന്വേഷിച്ചാണു ഞങ്ങളുടെ യാത്ര . പക്ഷെ സൊപെലാനയിൽ ചെന്നപ്പോൾ ഒന്നര മണീക്കൂർ ഇട വിട്ടാണു ബസ് .ഒന്നര മണിക്കൂർ അവിടെ കാത്തിരുന്നു ,ബസ് സ്റ്റോപ്പിൽ എൺപതിനു മുകളിൽ പ്രായം വരുന്ന ഒരു അപ്പൂപ്പൻ എന്നെ കണ്ടു ചോദിച്ചു മൊറോക്കൊയിൽ നിന്നും വന്നതാണൊ എന്നു ,അല്ല ഞാൻ ഇന്ത്യയിൽ നിന്നും വന്നതാണു എന്നു പറഞ്ഞപ്പൊ ,ഓ നമ്മുടെ ഇന്ധിരാ ഗാന്ധിയുടെ നാട് അല്ലേ എന്നു പറഞ്ഞു ,അദ്ദേഹം ബെഗോയോടു പറഞ്ഞു അവരുടെ കുടുംബം മുഴുവൻ അകാല മരണമായിരുന്നു .
നിങ്ങൾ എല്ലാവരും മരിച്ചാൽ നദിയിലാണോ കളയുക ?
ഞാൻ കരുതി ചിതാ ഭസ്മത്തിന്റെ കാര്യമായിരിക്കും എന്നു അതു ഹിന്ദുക്കൾ മാത്രമെ അങ്ങിനെ ചാരം ഒഴുക്കാറുള്ളൂ അതു അവരുടെ വിശ്വാസവുമായി ബന്ധപെട്ട ഒരു ചടങ്ങാണു .
ഏയ് അതല്ല ഒരു നദിയുണ്ടല്ലോ അവിടെ ഗാംഗ് എന്നു പേരുള്ളത് .അതിൽ എല്ലാവരും മരണ ശേഷം ശവ ശരീരം ഒഴുക്കി കളയുകയാണല്ലൊ എന്ന് ,അങ്ങിനെ ചെയ്താൽ പിന്നെ നിങ്ങൾ എങ്ങിനെയാ പിന്നെ ആ വെള്ളം കുടിക്കുന്നെ വളരെ മോശമല്ലെ അങ്ങിനെ ചെയ്യുന്നത്.
ഓ ഗംഗ , അതു വടക്കേ ഇന്ത്യയിലാണു പൊതുവേ വടക്കെ ഇന്ത്യയിലുള്ള എല്ലാ മതക്കാർക്കും കുറച്ചു മതഭ്രാന്തു കൂടുതലാണു ,പക്ഷെ ഞാൻ താമസിക്കുന്നതു തെക്കെ ഇന്ത്യയിലാണു കേരളം .(നമ്മുടെ നാട്ടിലെ പമ്പാ നദിയെ പറ്റി ഞാൻ മിണ്ടാൻ പോയില്ല )
നിങ്ങളുടെ നാട്ടിൽ നമ്മൾ വണ്ടിയിൽ പൊകുമ്പോൾ ഒരു പശു കുറുകെ വന്നാൽ പശു സ്വയം പോകുന്ന വരെ നമ്മൾ കാത്തു നിക്കണം ,പശു ഇറച്ചി തിന്നാൻ പാടില്ല എന്നൊക്കെയുള്ളതു ശരിയാണൊ ?
അതൊക്കെ അങ്ങു വടക്കെ ഇന്ത്യയിലാണ് ഞങ്ങൾ നാട്ടിൽ പശു ഇറച്ചി കഴിക്കും .
അങ്ങിനെ ഒന്നര മണിക്കൂർ അദ്ദേഹം കേട്ടിട്ടു മാത്രം ഉണ്ടായിരുന്ന ഒരു പാടു കാര്യങ്ങൾ ഇന്ത്യയെ പറ്റി എന്നോടൂ ചോദിച്ചു കൊണ്ടിരുന്നു ,അവസാനം ബസ് വന്നു സമയം പതിനൊന്നര ചെറുതായി മഴ തുടങ്ങി ,പണ്ടാറ മഴ ഒടുക്കത്തെ മഴ എന്നു മനസ്സിൽ പറഞ്ഞു ഞാൻ ബസിൽ കയറി.ബൂട്രോണിൽ ഇറങ്ങി പത്തു മിനിറ്റു നടന്നു ഞങ്ങൾ ഉത്സവ സ്ഥലത്തെത്തി ,ഓക്കു മരങ്ങൾ നിറഞ്ഞ കാട് നാടൻ ഭാഷയിൽ പറഞ്ഞാൽ ഒരു ഓട്ടോരിക്ഷ പോകനുള്ള വീതി മാത്രമുള്ള വഴി ആളൂകൾ തിങ്ങി നിറഞ്ഞാണു പോകുന്നതു വലതു വശത്തു നിറയെ കച്ചവടക്കാർ അവരുടെ വസ്ത്രധാരണം മുസൽ മാൻ രീതിയിൽ കചവടത്തിനു വച്ചിരിക്കുന്ന എല്ലാ സാധനങ്ങളിലും ഒരു അറബി രീതി ,അവിടെ നിന്നും ഉച്ചത്തിൽ കേൾക്കുന്ന സംഗീതം പോലും അറബി രീതിയിൽ . കുറച്ചു നേരം കൊണ്ട് ഞാൻ ഏതൊ ഒരു അറബി രാജ്യത്തു ചെന്ന പ്രതീതി .ഒൻപതാം നൂറ്റാണ്ടിൽ മുസൽമാൻ മാരാൽ ആക്രമിക്കപെട്ടതാണ് സ്പെയിൽ എന്നു കേട്ടിട്ടുണ്ട് അന്നു അവരെ തുരത്താൻ വേണ്ടി ഇതു പോലെ ഒരു പാടു കോട്ടകൾ സ്പെയിനിലുണ്ടത്രേ.അന്നത്തെ ആക്രമണതിൽ ഗാറ്റികയും ഉൾപെട്ടിട്ടുണ്ടാകാം അന്നു അവരെ തുരത്തിയതിന്റെ ഓർമയുമായി ബന്ധമുള്ളതു പോലെ തോന്നി ഇന്നു ഇവരുടെ ഉത്സവ രീതിയും വസ്ത്രധാരണവും എല്ലാം കണ്ടപ്പോൾ.
ഇടതു വശത്തുകൂടെ ഒരു പുഴ ഒഴുകുന്നുണ്ട് അതിനു അപ്പുറത്താണു കൊട്ടാരം ,ഈ ചെറിയ റോഡിനും പുഴക്കും ഉള്ള ചെറിയ സ്ഥലത്ത് പണ്ടത്തെ രീതിയിൽ വസ്ത്രം ധരിച്ച സ്പാനിഷ് യുവതികൾ കൊച്ചു കുട്ടികളെ കുതിരക്കു മുകളിൽ ഇരുത്തി സവാരി ചെയ്യുന്നതു കണ്ടു .
കച്ചവടക്കാർ എല്ലാവരും വസ്ത്രധാരണം പഴയ കാലഘട്ടത്തിലെ തന്നെ ,ഇപ്പോൾ ഒരു അഞ്ഞൂറു വർഷം പുറകോട്ടു പോയതു പോലെ .നല്ല തേൻ ,കര കൌശല വസ്തുക്കൾ ,വാളുകൾ എന്നു വേണ്ട എല്ലാ സാധനവും വിൽപ്പനക്കു വെച്ചിട്ടുണ്ടു .ഒരു സംഘം ആളുകൽ വാദ്യവുമായി വരുന്നുണ്ട് ആ പ്രായമായ സ്ത്രീയുടെ കയ്യിലെ ഡ്രം കണ്ടപ്പൊ എനിക്കു വീഞ്ഞു പാത്രത്തെയാണു ഓർമ്മ വന്നതു .കൊട്ടാരം അടുത്തുള്ളതു കൊണ്ടാണു ഒരു ദുർമന്ത്രവാദിനിയും വരുന്നുണ്ടു ,കൊച്ചു കുട്ടികൾ അവരെ കണ്ടു വാവിട്ടു കരയാൻ തുടങ്ങി .
അല്പം കഴിഞ്ഞു എതിർ വശത്തു നിന്നും ഒരു സംഘം അറബി വേഷത്തിൽ പടച്ചട്ടയും അണിഞ്ഞു മുന്നിൽ നടക്കുന്ന നേതാവിന്റെ കയ്യിൽ പരുന്താണെന്നു തൊന്നുന്നു അതോ ഇനി ഫാൽകൺ ആണൊ അറിയില്ല എന്തായാലും അതെനിക്കു നന്നേ ഇഷ്ട്ടപെട്ടു ,അദ്ദേഹം കൊച്ചു കുട്ടികളെ കൂടെ നിറുത്തി ഫൊട്ടോ എടുക്കുന്നുണ്ടു ,കയ്യിൽ ആ പക്ഷി അള്ളി പിടിച്ചു കൈ മുറിയാതിരിക്കാനാവാം കയ്യിൽ ഗ്ലൌസ് ഇട്ടിട്ടുണ്ടു .എന്റെ ഫോട്ടോ എടുക്കാനുള്ള താല്പര്യം കണ്ട് അദ്ദേഹം എന്നെയും ബെഗൊയെയും ചെർത്തു ഫൊട്ടോ എടുക്കാൻ നിന്നു.
ഇടതു വശത്തു കുതിര സവാരിയുടെ അടുത്തു തന്നെ അമ്പെയ്തു നടക്കുന്നുണ്ടു ,കുതിര സവാരിയും അമ്പെയ്തുമൊന്നും വെറുതെ അല്ലാട്ടോ അഞ്ചു യൂറോ കൊടുക്കണം .കുറച്ച് നേരം അതു കണ്ടു നിന്നു വീണ്ടും കാഴച്ചകൽ കാണാൻ നടന്നു .ബെഗൊ കൈ കൊണ്ടു പണിതു കൊടുക്കുന്ന മാലയും വളയും കമ്മലും നോക്കാൻ പൊയപ്പോൾ അതിനടുത്ത കടയിൽ ഉണ്ടാക്കി കൊണ്ടിരിക്കുന്ന ചൂടൻ പലഹാരത്തിലായിരുന്നു എന്റെ നോട്ടം .ബെഗോയെ വിളിച്ചു അതിൽ പന്നി അടങ്ങിയിട്ടുണ്ടോ എന്നു അന്വേഷിച്ചു .പന്നിയെ കൂടാതെ ഒരു ഭക്ഷണ സാധനവും ഈ നാട്ടുക്കാർക്കു ഇല്ല .എന്തിനാ വെറുതെ പന്നി പനി പിടിക്കുന്നെ എന്നു കരുതി ഞാൻ നെരത്തെ തന്നെ തീറ്റ നിറുത്തി.ധാന്യപൊടിയും മുട്ടയും കൊണ്ടാണു അതുണ്ടാക്കുന്നതെന്നറിഞ്ഞപ്പോൾ ഞങ്ങൾ അതും ഒന്നു പരീക്ഷിച്ചു .സത്യം പറയാമല്ലൊ ഈ പൊസ്റ്റ് എഴുതുമ്പോളും രുചി നാവിൽ ഉണ്ട് .
അങ്ങിനെ കാഴ്ച്ചകൾ കണ്ടു നടന്നു കലാപരിപാടികൾ നടക്കുന്ന സ്ഥലതെത്തി.ഞങ്ങൾ അവിടെ എത്തുമ്പോൾ പക്ഷികളുടെ ഉപയോഗിച്ചുള്ള കലാപരിപാടിയായിരുന്നു .കയ്യിൽ പക്ഷിയെ പിടിച്ചു ആദ്യം ആ പക്ഷിയെ ഞങ്ങൾക്കു പരിചയപെടുത്തി ,ഇനവും പ്രത്യേകതകളും എല്ലാം ,അതിനു ശെഷം അതു ഇര പിടിക്കുന്നതും പറക്കുന്നതും അതിന്റെ കാഴ്ച ശക്തിയും ശ്രവണ ശക്തിയും എല്ലാം അദ്ദെഹം കാണിച്ചു തന്നു മൂങ്ങ ,പരുന്തു അങ്ങിനെ പല തരം പക്ഷികൾ .വിവരണങ്ങൾ എല്ലാം അദ്ദേഹം മൈക്രോഫോൺ ഉപയോഗിച്ചു പറയും അതിനു ശേഷം പക്ഷിയെ ഇര പിടിക്കുന്നതു കാണിച്ചു തരുവാൻ പേരു വിളിക്കും .ഒരോ പക്ഷിക്കും അദ്ദെഹം പേരിട്ടിട്ടുണ്ടു മൈക്രൊഫോണിലൂടെ കേൾക്കുന്ന ശബ്ദവും അദ്ദേഹത്തിന്റെ ശബ്ദവും വിത്യാസമുള്ളതു കൊണ്ടാകാം പക്ഷിയെ വിളിക്കുമ്പോൾ മാത്രം അദേഹം മൈക്രോഫോൺ ഉപയോഗിക്കാതെ സ്വന്തം ശബ്ദത്തിലായിരുന്നു വിളിച്ചിരുന്നതു .അദ്ദേഹം പറയുമ്പോൾ പക്ഷികൾ ദൂരെ ഇരിക്കുന്ന ഇറച്ചി കഷണം പോയി പറന്നെടുക്കും .ഏറ്റവും അവസാനം പരുന്തു വന്നു തൊമസിറ്റോ എന്നായിരുന്നു ആ പരുന്തിനെ വിളിചിരുന്നതു .അതിന്റെ തൂക്കവും കാഴ്ചയും ശ്രവണ ശെഷിയെ കുറിചുമെല്ലാം വിശദീകരിച്ചു തന്നിട്ടു അതിനെ കാലിലെ കെട്ടഴിച്ച് ദൂരേക്കു പറത്തി വിട്ടു .വളരെ ദൂരെ ഒരു ഓക്കു മരത്തിൽ ചെന്നിരുന്ന പരുന്തിനെ തോമാസിറ്റോ എന്നു വിളിച്ചു കൊണ്ടു ആകാശത്തേക്കു ഒരു കോഴികുഞ്ഞിനെ എറിഞ്ഞൂ ഞൊടിയിടയിൽ ആ പരുന്തു വന്ന് കണ്ണടച്ച് തുറക്കും മുന്നെ കോഴി കുഞ്ഞിനെ റാഞ്ചി എടുത്തു .കൊഴി കുഞ്ഞിനെ പരുന്തിന്റെ കയ്യിൽ നിന്നും പിടി വിടുവിക്കാൻ നോക്കിയ അദ്ദെഹത്തിന്റെ കയ്യിൽ രണ്ടു കാലുകൾ മാത്രം ഇരുന്നു ബാക്കി ഭാഗം പരുന്തിന്റെ കാൽ പിടിയിലും .ഏറ്റവും അവസാനം അദ്ദേഹത്തിന്റെ കൊചു കുട്ടികളും വന്നു ഈ പരുന്തിനെ കൊണ്ടു അഭ്യാസം കാണിപ്പിച്ചു.
അവിടെ പല ബൊർഡുകളിലും ഈ പ്രദേശത്തെ ചരിത്രം എഴുതി വെച്ചിട്ടുണ്ടു സ്പാനിഷ് പണ്ഡിതനായ ഞാൻ അതു വായിച്ചു മനസ്സിലാക്കുന്നതിൽ പരാജയപെട്ടപ്പോൾ ഒരു ഫോട്ടോ എടുത്തു പോന്നു .
ചെറുതായി മഴ ചാറുന്നുണ്ടു മഴയെ വക വെക്കാതെ പരിപാടികൾ തുടർന്നു കൊണ്ടിരുന്നു .അടുത്ത പരിപാടി കൊച്ചു കുട്ടികളുടെ ഡാൻസ് ആയിരുന്നു .മഴ നനയാനുള്ള കൊച്ചു കുട്ടികളുടെ മടി ആണോ എന്തോ ഒരാൾ അങ്ങോട്ടു തിരിയുമ്പോൾ മറ്റെ ആൾ ഇങ്ങോട്ടു തിരിയും അങ്ങിനെ അവർ പത്തു മിനിറ്റു കൊണ്ടു ഡാൻസ് അവസാനിപ്പിച്ചു തീരുമ്പോൾ മഴ ശക്തി പ്രാപിചു .കുറചു നേരം അവിടത്തെ താൽക്കാലിക ചായക്കടയിൽ കയറിന്നിന്നു മഴയിൽ നിന്നും രക്ഷപെട്ടു.മഴയുടെ ശക്തി അല്പം കുറഞ്ഞപ്പോൾ അടുത്ത പരിപാടി അനൌൻസ് ചെയ്തു “ബെല്ലി ഡാൻസ്“
ങേ.. ബെല്ലീ ഡാൻസോ അതും സ്പെയിനിൽ
ഒരു മിനിറ്റു കൊണ്ടു മഴയെ വക വെക്കാതെ ആളുകൾ നിറഞ്ഞു .സ്പാനിഷ് യുവതികൾ വന്നു ചുവന്ന പരവതാനി വിരിച്ചു ,ബെല്ലി ഡാൻസ് സംഗീതം മുഴങ്ങി .ഓരൊരുത്തർ ആയി അവരുടെ പ്രകടനം കാഴച വെച്ചു ,എല്ലാവരും മഴയെ കാര്യമാക്കാതെ അവരെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു .
അടുത്തു നിന്നിരുന്ന സ്ത്രീ ബെഗോയോടു ,അതു എന്റെ മകളാ എങ്ങിനെയുണ്ട് അവളുടെ ഡാൻസ് ?
അവസാനം അവരുടെ ഗ്രൂപ്പ് ഡാൻസോടു കൂടി പരിപാടികൾ എല്ലാം അവസാനിച്ചു .ഇനി വൈകീട്ടു മാത്രമെ കലാപരിപാടികൾ ഉള്ളൂ.
വിശന്നിട്ടു വയ്യ ഈ കാഴ്ചകൾ കണ്ടു തീർന്നിട്ടു കൊട്ടാരത്തിൽ പോയി ഭക്ഷണം കഴിക്കാം അതാണു പ്ലാൻ .എല്ലവരും അവിടെ ഉള്ള താൽക്കലിക ഹൊട്ടെലുകളിൽ കയറി ഭക്ഷണം കഴിക്കുന്നു പന്നിയും ,നീരാളിയും .കുറചു കൂടി മുന്നോട്ടു നടന്നപ്പോൾ അവർ യുദ്ധം ചെയ്തിരുന്ന അയുധങ്ങൾ ,അമ്പും വില്ലും ,കുന്തവും എല്ലാം അവിടെ പ്രദർശിപ്പിച്ചിട്ടുണ്ടു .അതിനടുത്തു തന്നെ സംഗീതം വായിക്കുന്ന അമ്മയെയും മകനെയും കണ്ടു .അടുത്ത സ്റ്റാളിൽ നേരത്തേ കണ്ട പക്ഷി കലാകാരൻ അയാളുടെ പക്ഷികളെ വില്പനക്കു വെച്ചിട്ടുണ്ടു .
അയാളോടു കൊട്ടാരത്തിലേക്കുള്ള വഴി ചോദിച്ചപ്പോളാണു അറിയുന്നതു നദി കടന്നു പോകാനുള്ള പാലം കേടായതിനാൽ പോലിസ് ആ വഴിക്കുള്ള പ്രവേശനം തടഞ്ഞിരിക്കുവാണു .മഴയുടെ കൂടെ എന്റെ തലയിൽ ഇടി മിന്നൽ കൊണ്ടതു പോലായി .ഇനി എന്തു ചെയ്യും നല്ല മഴയും പെയ്യുന്നു .എത്ര മഴ ആയാലും ഞാൻ പോകാൻ ഒരുക്കമാണു .എന്റെ നിർബന്ധത്തിൽ വഴങ്ങി ബെഗൊയും ബെർണാഡും ചുറ്റിയാണെങ്കിലും പോകാമെന്നു സമ്മതിച്ചു .വേറെ വഴി അന്വേഷിച്ചു നടന്നു വശം കെട്ടു.നേരെ നോക്കിയാൽ കാസിൽ കാണാം ,ഞാൻ ഒരു ഫോട്ടൊ എടുത്തു. മഴ തുള്ളിക്കൊരു കുടം എന്ന പോലെ പെയ്യുന്നു ,അവസാനം വഴി കണ്ടു പിടിചു മൂന്നു കിലോ മീറ്റർ നടക്കണം ഞാൻ മഴ കൊണ്ടും നടക്കുമെന്നറിഞ്ഞ ബെർണാഡ് പറഞ്ഞു ,ഞാൻ വരുന്നില്ല നീ തന്നെ പൊക്കോ .തിരിച്ചു ബസ് സ്റ്റൊപ്പിൽ ഇരിക്കുമ്പോൾ ഞാൻ മനസ്സിൽ വീണ്ടും പറഞ്ഞൂ ഒടൂക്കത്തെ മഴ .കൊണ്ടു പോയ ഉച്ച ഭക്ഷണം ബസ് സ്റ്റോപ്പിൽ ഇരുന്നു കഴിചു ഒന്നര മണിക്കൂർ ബസ് കാത്തു നിൽക്കാൻ ക്ഷമയില്ലാതെ മെട്രൊ സ്റ്റേഷനിലേക്കു മഴ നനഞ്ഞു മുക്കാൽ മണിക്കൂർ നടന്നു തിരിച്ചു എല്ലോറിയോയിൽ എത്തിയപ്പോൾ ഇവിടെ തുള്ളി മഴ പെയ്തിട്ടില്ല എന്നു മാത്രമല്ല നല്ല വെയിലും ചൂടും .അതേ ഇനിയും പോണം ആ കാസിൽ കാണാൻ.