കാള പോര് വീഡിയോ ,bull fight video 2009 eibar ,spain

ഫോട്ടോകളും ചെറുവിവരണങ്ങളുമായ്
കാളപ്പോരിന്‍റെ പ്രതിഷേധങ്ങള്‍ പുറത്തു നടന്നു കൊണ്ടിരിക്കുമ്പോള്‍ അഞ്ചു മണിയോട് കൂടി സ്റ്റേഡിയത്തിനകത്തു പ്രവേശിക്കാനുള്ള വാതില്‍ തുറന്നു, വളരെ പഴയ സ്റ്റേഡിയമാണ് 106 വര്‍ഷത്തെ പഴക്കം. ടിക്കറ്റില്‍ എന്‍റെ സീറ്റ് നമ്പര്‍ 1 എന്നെഴുതിയിട്ടുണ്ടെങ്കിലും ഞാന്‍ നേരത്തെ അതിനകത്ത് കയറിയപ്പോള്‍ നമ്പര്‍ എഴുതിയ ഇരിപ്പിടങ്ങള്‍ ഒന്നും കണ്ടില്ലായിരുന്നു. ആദ്യം തന്നെ വരിയില്‍നിന്നു ഒന്നാമത്തെ സീറ്റില്‍ ആദ്യം തന്നെ കയറി ഇരിക്കാനുള്ള ശ്രമമായിരുന്നു എന്‍റെ (നാട്ടിലെ സിനിമ ടിക്കറ്റ് എടുക്കുന്നത് പോലെ )കൂടെ വരിയില്‍ നിക്കുന്നത് അറുപതു വയസ്സ് കഴിഞ്ഞവര്‍ ആണെങ്കിലും വാതില്‍ തുറന്നപ്പോള്‍ എന്നെ തള്ളി പിന്നിലാക്കി എണ്‍പതുകാരി വരെ അകത്തു കയറി പോയി. പരമാവധി പത്തു വരി ഇരിപ്പിടങ്ങള്‍ ചുറ്റും പത്തു നില കെട്ടിടങ്ങള്‍ ടിക്കറ്റ് എടുക്കാതെ തന്നെ അവിടെ ജന്നല്‍ വാതിലിലൂടെ കാണുവാന്‍ ഉന്തും തള്ളും നടക്കുന്നുണ്ട്. നല്ല പൊള്ളുന്ന വെയില്‍ രാവിലെ മൂടി കെട്ടിയ അന്തരീക്ഷം കണ്ടപ്പോള്‍ നാല്‍പതു യൂറോ പോയി എന്ന് കരുതിയതാണ്, എല്ലാ ഇരിപ്പിടങ്ങളിലും പെയിന്റ് കൊണ്ടു ഇരിപ്പിടത്തില്‍ നമ്പര്‍ എഴുതിയിട്ടുണ്ട് പക്ഷെ ഒരു ലെന്‍സ് വേണ്ടി വരും അത് വായിച്ചെടുക്കുവാന്‍ അത്രക്കും വലിപ്പം. ഒന്നാം വരിയിലെ ഒന്നാമനായി തന്നെ ഞാന്‍ ഇരുന്നു ആളുകള്‍ വളരെ പെട്ടെന്ന് സ്റ്റേഡിയത്തിലേക്കു ഒഴുകി വന്നു കൊണ്ടിരുന്നു ഇനി അഞ്ചു നിമിഷം മാത്രം കാള പോര് തുടങ്ങുവാന്‍.
കാളപ്പോരിനെ കുറിച്ചു പരമാവധി വിവരങ്ങള്‍ ഞാന്‍ സ്പാനിഷ് സുഹൃത്തുക്കളില്‍ നിന്നും അന്വേഷിച്ചിരുന്നു അവിടെ പെരുമാറേണ്ട രീതിയും എന്തൊക്കെയാണ് അവിടെ നടക്കുന്ന കാര്യങ്ങള്‍ എന്നൊക്കെ. സൂര്യന് അഭിമുഖമായാണ് ഞങ്ങള്‍ ഇരിക്കുന്നത് അത് കൊണ്ടു ഈ വശത്ത് ഇരിക്കുവാന്‍ ടിക്കറ്റ് ചാര്‍ജ് കുറവാണു ഞങ്ങള്‍ ഇരിക്കുന്നതിന്റെ എതിര്‍ വശത്ത് കൂടിയുള്ള വാതിലില്‍ കൂടിയാണ് കാളയെ പോരിനായി ഇറക്കി വിടുന്നത്,വലതു വശത്തുള്ള വാതിലില്‍ കൂടി കാള പോര് കാരനും, ഇടതു വശത്തുള്ള വാതിലിലൂടെ മത്സരം കഴിഞ്ഞു കാളയെ കുതിരകള്‍ കെട്ടി വലിച്ചു കൊണ്ടു പോകും .സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞു സമയം അഞ്ചു മുപ്പതു ഇടതു വശത്തുള്ള വാതില്‍ തുറന്നു,അതിലൂടെ നല്ല ആരോഗ്യമുള്ള അഴകൊത്ത ചെമ്പന്‍ കുതിരയുടെ മുകളില്‍ തൂവലോട് കൂടിയ തൊപ്പി വെച്ച സ്പാനിഷ് വേഷം ധരിച്ച ചെറുപ്പക്കാരന്‍ കടന്നു വന്നു .ഒരു സാധാരണ കുതിര നടക്കുന്ന പോലെ അല്ലായിരുന്നു ആ കുതിര നടന്നിരുന്നത് .മുന്നോട്ടു വെക്കുന്ന ഓരോ അടിയിലും മുന്‍കാല്‍ പരമാവധി ഉയര്‍ത്തി മടക്കി തറയില്‍ ശക്തിയായി ചവുട്ടി കൊണ്ടായിരുന്നു നടന്നിരുന്നത് അത് കാണാന്‍ തന്നെ ഒരു പ്രത്യേകത .സ്റ്റേഡിയം ത്തിലെ ആളുകള്‍ ഒന്നാകെ എഴുന്നേറ്റു നിന്നു കയ്യടിച്ചു സ്വീകരിച്ചു .
അതിന് പുറകിലായി തൊപ്പികള്‍ കയ്യില്‍ പിടിച്ചു ഇന്നു പോരാടുന്ന കാളപ്പോരുകാരും കയ്യില്‍ കാളയെ വിറളി പിടിപ്പിക്കാനായി തുണി പിടിച്ചു അവരുടെ സഹായികളും. കാളയുടെ പുറത്തു മരപ്പിടിയോടു കൂടിയ കമ്പി കുത്തി ഇറക്കുന്ന സഹായികളും ,സുരക്ഷാകവചം അണിഞ്ഞ കുതിരയുടെ പുറത്തിരുന്നു കയ്യിലിരിക്കുന്ന ജാവലിന്‍ കൊണ്ടു കാളയുടെ കഴുത്തില്‍ കുത്തി ഇറക്കുന്ന സഹായികളും(എല്ലാ കുതിരയുടെയും കണ്ണുകള്‍ തുണി വെച്ചു കെട്ടിയിരുന്നു ) ,ഏറ്റവും അവസാനം ചത്ത കാളയെ കെട്ടി വലിച്ചു കൊണ്ടു പോകുന്ന മൂന്ന് കുതിരയും സഹായികളും അവിടെ വന്നു വരി വരിയായി പുറകില്‍ നിന്നു. ഏറ്റവും മുന്നില്‍ നില്ക്കുന്ന ചെമ്പന്‍ കുതിര സ്റ്റേഡിയം വലം വെച്ചു തിരിച്ചു വന്നു അവര്ക്കു അഭിമുഖമായി നിന്നു .ബാസ്ക് കണ്‍ട്രി യുടെ നൃത്തവും സംഗീതത്തോടും കൂടി ഉത്‌ഘാടനം തുടങ്ങി, പത്തു മിനിട്ട് നൃത്തവും വാദ്യ ഉപകരണങ്ങളുടെ സംഗീതവും കഴിഞ്ഞു എല്ലാവരും വരി വരിയായി സ്റ്റേഡിയം വലം വെച്ചു .ഞങ്ങള്‍ എല്ലാവരും ഇരിപ്പിടത്തില്‍ നിന്നു എണീറ്റ് അവരെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു .
അടുത്തത് ഇനിയെന്താണ് നടക്കാന്‍ പോകുന്നത് എന്ന് മനസ്സിലോർത്ത് കൊണ്ട് ആകാംഷയോടെ കയ്യില്‍ ക്യാമറയുമായി ഞാന്‍ നോക്കിയിരുന്നു. മത്സരം നടക്കുന്ന മൈതാനത്തിനു ചുറ്റും, കാള ആളുകളുടെ ഇടയിലേക്ക് കയറി അപകടം ഉണ്ടാകിതിരിക്കാനായി ആളുകള്‍ ഇരിക്കുന്ന ഗാലറിയുടെ താഴെ ഒരു മതിലും അത് കൂടാതെ ചുവന്ന നിറത്തിലുള്ള മരം കൊണ്ടുള്ള സുരക്ഷ മതിലും ഉണ്ട്. ചിലപ്പോളൊക്കെ ഈ രണ്ടു മതിലുകളും ചാടി കടന്നു അറുന്നൂറു കിലോയോളം വരുന്ന കാള ആളുകളുടെ ഇടയില്‍ ചാടി അപകടം ഉണ്ടാക്കാറുണ്ട് .നാലു വശത്തായി വേറെ ഒരു സുരക്ഷ മതില്‍ കാണാം ഒരാള്ക്ക് മാത്രം കടക്കാവുന്ന സ്ഥലം മാത്രമെ ഉള്ളൂ .അപകടം സംഭവിക്കാതിരിക്കാന്‍ കാളയില്‍ നിന്നും രക്ഷപെട്ടു നില്ക്കാന്‍ ഉള്ള സ്ഥലം .അവിടെ തത്സമയ സംപ്രേഷണം നടത്താന്‍ ക്യാമറയുമായി ഒരാള്‍ നില്‍ക്കുന്നുണ്ട് .
മത്സരം തുടങ്ങുകയാണെന്ന് അവിടെ ഉള്ള കാള പോര് സംഗീതം കേട്ടപ്പോള്‍ മനസ്സിലായി ,മത്സരം നടന്നുകോണ്ടിരിക്കുന്ന സമയം മുഴുവൻ ഈ സംഗീതവും ഉണ്ടാകും.
എതിര്‍വശത്തുള്ള വാതിലില്‍ കൂടി ആദ്യത്തെ കാളയെ അഴിച്ചു വിട്ടു,ആ കാള കൊമ്പുകള്‍ പൊക്കി പിടിച്ചു കൊണ്ടു മണ്ണിൽ പൊടിപറത്തി ഓടി വന്നു, എല്ലാവരും സുരക്ഷ മതിലിനുള്ളില്‍ കയറി നിന്നു. പ്രശസ്തരായ കാളപ്പോരുകാരെ പോലെ തന്നെ പ്രാധാന്യമുള്ളതാണ് മത്സരത്തിനുള്ള കാളകളും, ഇന്നു ഇവിടെ ആറു കാളക്കുട്ടികളെയാണ് കൊണ്ടു വന്നിരിക്കുന്നത് പ്രായപൂര്‍ത്തിയായ വലിയ ഒരു കാളക്കു അറുന്നൂറു കിലോയില്‍ കൂടുതല്‍ തൂക്കം കാണും എന്നാൽ ഈ കാള കുട്ടികൾക്ക് അഞ്ഞൂറ് കിലോയില്‍ കൂടുതല്‍ ഉണ്ടാകില്ല. ഇന്നിവിടെ കാളയുടെ കൂടെ പോരിനിറങ്ങുന്നത് ആറു കാളപ്പോരുകാർ ആണ് സാധാരണ കാള പോര് മത്സരത്തില്‍ ആറു കാളകളും മൂന്ന് കാളപ്പോരുകാരുമാണു ഉണ്ടാവുക .ഇന്നു മത്സരിക്കുന്നവരില്‍ മൂന്ന് പേര്‍ കളിയില്‍ നിന്നും വിരമിച്ച സ്പെയിനില്‍ പ്രശസ്തരായ bull fighter ആണ്, ബാക്കിയുള്ള മൂന്ന് പേരില്‍ രണ്ടു പേര്‍ പ്രൊഫെഷണല്‍ ഒരാള്‍ ഇപ്പോളും പോര് പഠിച്ചു കൊണ്ടിരിക്കുന്ന പയ്യന്‍.
ആദ്യത്തെ മത്സരം തുടങ്ങി, കളിയില്‍ നിന്നും വിരമിച്ച bull fighter NIÑO DE LA CPEA PEDRO ആണ് ആദ്യത്തെ കാളയുടെ കൂടെ പോരിനിറങ്ങുന്നത്. കാളയുടെ ആദ്യത്തെ പരാക്രമം കഴിഞ്ഞ ഉടനെ മൂന്ന് സഹായികള്‍ പുറംവശം മജന്ത അകം മഞ്ഞ നിറവുമുള്ള തുണിയുമായി കാളയെ വിറളി പിടിപ്പിച്ചു കൊണ്ടിരുന്നു കാളയുടെ ഓരോ കൊമ്പ് കൊണ്ടുള്ള കുത്തലുകളില്‍ നിന്നും അവര്‍ വിദഗ്ദമായി ഒഴിഞ്ഞു മാറികൊണ്ടിരുന്നു. ഞങ്ങളെല്ലാവരും കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു മത്സരം കൊഴുപ്പിച്ചു കൊണ്ടിരുന്നു അല്‍പ നേരം കാളയെ എത്ര മാത്രം അപകടകാരി ആണെന്ന് വിലയിരുത്തിയതിനു ശേഷം ഇടത്തേ വാതിലിലൂടെ കുതിര പുറത്തു picador എന്ന് സ്പാനിഷില്‍ പറയുന്ന കയ്യില്‍ ജാവലിന്‍ പിടിച്ച ചെറുപ്പക്കാരന്‍ വന്നു, കുതിര പേടിക്കാതിരിക്കാന്‍ ആകണം കണ്ണുകള്‍ മൂടി കെട്ടിയിരുന്നു. കുതിരയെ കണ്ട ഉടനെ തന്നെ കാള മറ്റു ആളുകളെ ഉപേക്ഷിച്ചു കൊമ്പുകള്‍ താഴ്ത്തി കുതിരയുടെ വയര്‍ ലക്ഷ്യമാക്കി പാഞ്ഞു വന്നു, എല്ലാവരും നിശബ്ദം സംഗീതം ഉള്‍പെടെ. കയ്യിലിരുന്ന ജാവലിന്‍ ചെറുപ്പക്കാരന്‍ ഞൊടിയിടയില്‍ കാളയുടെ കഴുത്തില്‍ കുത്തി ഇറക്കി, കാള കുതിരയുടെ വയറില്‍ കൊമ്പുകള്‍ കൊണ്ടു കുത്തുന്ന ശക്തി അനുസരിച്ച് ജാവലിന്‍ കാളയുടെ കഴുത്തില്‍ ആഴത്തില്‍ ഇറങ്ങി കൊണ്ടിരുന്നു. കാളയുടെ തള്ളലില്‍ കുതിര ഓടാതിരിക്കാന്‍ വേണ്ടി കുതിരയെ പുറകില്‍ നിന്നും വടി കൊണ്ടു കൂടെയുള്ള സഹായി അടിക്കുന്നു അല്‍പ നേരം കാളയും കുതിരയും തമ്മിലുള്ള ശക്തി പരീക്ഷണത്തില്‍ മുറിവേറ്റു തളര്‍ന്ന കാള പിന്‍ തിരിയാന്‍ തുടങ്ങി ഒറ്റ വലിക്കു ജാവലിന്‍ ഊരിയെടുതപ്പോള്‍ കാളയുടെ കഴുത്തില്‍ നിന്നും ചോര ചീറ്റി വന്നു .തുണികള്‍ പിടിച്ച സഹായികള്‍ കാളയുടെ ശ്രദ്ധ അങ്ങോട്ട് ആകര്‍ഷിച്ചു വീണ്ടും കാളയെ വിറളി പിടിപ്പിച്ചു കൊണ്ടിരുന്നു ആ സമയം കൊണ്ടു കുതിരക്കാരന്‍ picador തിരിച്ചു പോയി, ഇതിനു ശേഷം വന്ന മിടുക്കനായ ഒരു കാള ഒരു കുതിരയെ കുത്തി മറച്ചിട്ടു.
മുറിവേറ്റു വിറളി പിടിച്ചു ഓടി നടന്ന കാളയെ വീണ്ടും തളര്‍ത്തുവാന്‍ തുണി വീശി. കാളയെ വിളറി പിടിപ്പിച്ചു കൊണ്ടിരുന്ന സഹായികളില്‍ ഒരാള്‍ രണ്ടു കയ്യിലും മരപിടിയുടെ അറ്റത്ത് കൂര്‍ത്ത കമ്പിയുള്ള ആയുധം കാളയുടെ മുതുകില്‍ കുത്തി ഇറക്കി, അയാളെ കുത്താന്‍ ചെന്ന കാളയെ മറ്റു സഹായികള്‍ ചേർന്നു തുണി വീശി അവിടേക്ക് ശ്രദ്ധ ആകര്‍ഷിച്ചു. അല്‍പ നേരത്തിനുള്ളില്‍ ബാക്കിയുള്ള രണ്ടു സഹായികളും കാളയുടെ മുതുകില്‍ വീണ്ടും കമ്പികുത്തി ഇറക്കി,ഇപ്പോള്‍ മൊത്തം ഏഴ് മുറിവുകളിലൂടെ ചോര ഒഴുകി മൈതാനത്താകെ ഓടി നടക്കുകയാണ് കാള. അഴിച്ചു വിട്ടപ്പോള്‍ ഓടി വന്ന ഉശിരോന്നും ഇപ്പോള്‍ കാളക്കില്ല പാതി ചത്ത നിലയിലാണ് ആ മൃഗം ഇപ്പോള്‍, കാളയുടെ കൊമ്പ് കൊണ്ടു കുത്താനുള്ള ശക്തി മുതുകിലെ പേശികള്‍ ആണ് ,അത് തളര്‍ത്തുക വഴി bull fighter തനിക്ക് വരാനുള്ള അപകട സാധ്യത ഇല്ലാതാക്കുകയാണ് .ഈ കാള എങ്ങിനെയാണ് ഇത്ര ഉശിരോട് കൂടി ഓടി വരുന്നതെന്ന് ഞാന്‍ ഓര്ത്തു എനിക്ക് കിട്ടിയ മറുപടി അതിന് തലേ ദിവസം കാളയുടെ രണ്ടു കണ്ണുകളും മൂടി കെട്ടും ഇന്നു ഇവിടെ സ്റ്റേഡിയത്തില്‍ അഴിച്ചു വിടുമ്പോള്‍ മാത്രമാണ് അത് വെളിച്ചം കാണുന്നത് അതുകൂടാതെ ഇത്രയും ബഹളവും ആളുകളെയും കാണുമ്പൊള്‍ പ്രാണഭയം കൊണ്ടാണ് ഈ കാണിക്കുന്ന പരാക്രമം എന്നാണ് സമരക്കാര്‍ പറയുന്നതു .ആ പത്തു നില കെട്ടിടത്തില്‍ കയറി നിന്നു അവര്‍ കിട്ടുന്ന അവസരത്തിലെല്ലാം മുദ്രാവാക്യം വിളിക്കുന്നുണ്ട് bull fighter മരിക്കട്ടെ എന്ന്
കാളയെ പരമാവധി തളര്‍ത്തിയ ശേഷം bull fighter ചുവന്ന തുണിയുമായി വന്നു .ആളുകള്‍ കരഘോഷത്തോടെ അയാളെ പ്രോത്സാഹിപ്പിച്ചു എന്റെ പുറകില്‍ ഇരിക്കുന്ന വയസ്സികള്‍ വരെ വിസില്‍ അടിക്കുന്നു .കാള പോരിന്റെ സംഗീതം മുഴങ്ങി കൊണ്ടിരുന്നു bull fighter തുണി ഉപയോഗിച്ചു കാളയെ തനിക്ക് ചുറ്റും വട്ടം കറക്കി അയാള്‍ തന്റെ കഴിവ് കാണിച്ചു കൊണ്ടിരുന്നു .ഞാന്‍ മനസ്സില്‍ പറഞ്ഞു ബുദ്ധി ഇല്ലാത്ത ജന്തു ,എന്തിനാ അത് ചുവന്ന തുണിക്കു പിന്നാലെ പോകുന്നത് തന്റെ രണ്ടു കൊമ്പുകള്‍ക്കിടയില്‍ നില്‍കുന്ന നൂറില്‍ താഴെ മാത്രം കിലോയുള്ള മനുഷ്യനെ കൊമ്പ് കൊണ്ടു ഒന്നു തോണ്ടിയാല്‍ മതിയല്ലോ അയാള്‍ സ്റ്റേഡിയത്തിനും അപ്പുറത്തേക്ക് സച്ചിന്‍ sixer അടിച്ച പന്തിന്റെ അവസ്ഥയായിരിക്കും പോവുക. bull fighterക്ക് അപകടം സംഭവിക്കുക വല്ലപ്പോളും ആണെങ്കിലും മരണപെട്ടവര്‍ ഉണ്ട് പരിക്കേറ്റവര്‍ ധാരാളം .അവസാനം മാഡ്രിഡില്‍ മരിച്ച ഇരുപത്തിമൂന്ന് കാരന്‍ ഇടം കയ്യന്‍ yiyo.
കുറച്ചു നേരം അയാള്‍ അങ്ങിനെ കാളയെ വട്ടം കറക്കിയ ശേഷം കാള തളര്‍ന്നു എന്ന് മനസ്സിലാക്കിയപ്പോള്‍ അത് വരെ തുണിക്ക് പുറകില്‍ ഒളിപ്പിച്ചിരുന്ന വാള്‍ മാറ്റി പുതിയ വാളും പുതിയതുണിയുമായി വന്നു .കാളയെ സ്വന്തം വരുതിയിലാക്കി തന്റെ കയ്യിലിരിക്കുന്ന വാള്‍ കുത്തി ഇറക്കാന്‍ പാകത്തില്‍ കാളയും bull fighter തമ്മിലുള്ള ദൂരവും സ്ഥാനവും ക്രമീകരിച്ചു സംഗീതം നിന്നു സ്റ്റേഡിയം നിശബ്ദം ഒരു സൂചി വീണാല്‍ കേൾക്കാം.(ഇതിന് ശേഷം നടന്ന മത്സരത്തില്‍ ഇതേ സമയത്തു കാണികളില്‍ ഒരാള്‍ ഉറക്കെ bull fighter ന്റെ പേരു വിളിച്ചപ്പോള്‍ bull fighter തിരിഞ്ഞു നിന്നു അവന്റെ അമ്മയെ സാമാന്യം വലിയ തെറി തന്നെ സ്പാനിഷില്‍ വിളിച്ചു )അല്പം അശ്രദ്ധ പോലും ഈ നിമിഷം അയാളുടെ ജീവന്‍ കാളയുടെ കൊമ്പില്‍ പിടഞ്ഞു തീരാം
കാളയെ കൊന്നതിനു കിട്ടിയ സമ്മാനം കയ്യില്‍ (ചത്ത കാളയുടെ ചെവി).
കാളയെ വാള്‍ കുത്തി ഇറക്കാന്‍ പോകുന്നത് നമുക്കു കാണാം അയാള്‍ കാളയുടെ രണ്ടു കൊമ്പുകള്‍ക്കിടയില്‍ നിന്നു ഇടതു കൈകൊണ്ടു തുണിയും വലതു കയ്യില്‍ വാളുമായി ഒരു നിമിഷം നില്ക്കും, ചുവന്ന തുണി നോക്കി നില്ക്കുന്ന കാളയെ അയാൾ വായ്കൊണ്ട് ശബ്ദമുണ്ടാക്കി കാളയുടെ ശ്രദ്ധ ആകർഷിക്കും ഒപ്പം തന്നെ തുണി നിലത്തേക്ക് താഴ്ത്തി വീശും, കൊമ്പുകള്‍ താഴ്ത്തി നിലത്തേക്ക് താഴ്ത്തി വീശിയ തുണിയിലേക്ക് കുത്തുന്ന കാളയുടെ മുതുകില്‍ കൂടി bull fighter ഞൊടിയിടയില്‍ വാള്‍ മുഴുവനായി ഒറ്റക്കുത്തിനു കുത്തി ഇറക്കും മരണ വെപ്രാളത്തില്‍ അയാളെ കുത്താന്‍ ചെല്ലുന്ന കാളയെ സഹായികള്‍ ഓടി വന്നു തുണി വീശി ശ്രദ്ധ തിരിക്കും .ഹൃദയം രണ്ടായി പകുത്തു വാള്‍ അകത്തിരിക്കുമ്പോള്‍ പരമാവധി കാളയെ ശരീരം ചലിപ്പിച്ചു ആന്തരിക അവയവങ്ങള്‍ മുറിപ്പെടുത്തും ഭാഗ്യമുള്ള കാള ആണെങ്കില്‍ ആ കുത്ത് കിട്ടിയ നിമിഷം ചാകും അല്ലാത്ത കാളയെ ആ വാള്‍ വീണ്ടും വലിച്ചു ഊരിയെടുത്തു വീണ്ടും വേറെ വാള്‍ കൊണ്ടു വന്നു നെറ്റിയില്‍ കുത്തി ഇറക്കും ചാകുന്നത് വരെ .കാലുകള്‍ മുകളിലേക്ക് പൊക്കി അത് പിടഞ്ഞു മരിക്കുമ്പോള്‍ കാണികള്‍ എല്ലാരും എഴുന്നേറ്റു നിന്നു കയ്യടിക്കും, ഹൊ ഞാന്‍ സത്യമായും അവിടിരുന്നു വിയര്‍ത്തു ഒഴുകി. എന്നിട്ടും അല്പം ജീവന്‍ അവശേഷിക്കുന്നുണ്ട് എങ്കില്‍ സഹായികള്‍ വന്നു അവരുടെ കയ്യിലിരിക്കുന്ന കത്തി ഉച്ചിയില്‍ കുത്തി കുത്തി ഇറക്കും അവസാനം ശ്വാസം നിലച്ചു എന്ന് ബോധ്യപെടുന്നത് വരെ .മരണം ഉറപ്പിച്ച ശേഷം കാളയെ കുതിരകള്‍ കെട്ടി വലിച്ചു കൊണ്ടു പോകും.
ചത്ത കാളയെ കുതിരകള്‍ കെട്ടി വലിച്ചു കൊണ്ടു പോകുന്നു
എനിക്ക് അല്പമെങ്കിലും കണ്ടിരിക്കാന്‍ തോന്നിയത് താഴെ കാണുന്ന ചെറുപ്പക്കാരന്‍ bull fighter ന്റെ പ്രകടനമായിരുന്നു. അയാള്‍ കാളക്കു തന്നെ കുത്താനായി കാളയുടെ കൊമ്പിന് ഇടയില്‍ പുറം തിരിഞ്ഞു ഇരുന്നു കൊടുത്തു പല തവണ .ഞാന്‍ മലയാളത്തില്‍ കാളയെ ഒരു പാടു പ്രോത്സാഹിപ്പിച്ചു എങ്കിലും മണ്ടന്‍ കാളക്കു മലയാളം വശമില്ലതതിനാലാകും വീണ്ടും തുണിക്ക് പിന്നാലെ കുത്താന്‍ പോയി അയാളുടെ കയ്യിലിരുന്ന വാളിനു അതിന്റെ ജീവന്‍ കൊടുത്തു, അല്പം ഭാഗ്യം കൊണ്ടാകാം അത് നിന്ന നില്‍പ്പില്‍ തന്നെ ചത്തു .ഏറ്റവും നല്ല പ്രകടനം കാഴ്ച വെച്ചവന്‍ എന്ന നിലക്ക് അവന് കാളയുടെ രണ്ടു ചെവികളും മുറിച്ചു കൊടുത്തു (താഴെയുള്ള ഫോട്ടോ നോക്കൂ ലോട്ടറി അടിച്ച സന്തോഷത്തോടെയാണ് അവന്‍ കയ്യിലെ ചെവികള്‍ കാണികള്‍ക്ക് കാണിച്ചു കൊടുക്കുന്നത് ).രണ്ടു ചെവികളും സന്തോഷത്തോടെ സ്വീകരിച്ചു കാണികളെ പ്രദര്‍ശിപ്പിക്കാന്‍ വലം വെച്ചു നടന്നു .എല്ലാവരും കയ്യിലിരുന്ന വെളുത്ത തൂവാല പൊക്കി വീശി കാണിക്കുന്നുണ്ട് ,ചിലര്‍ പൂക്കള്‍ കൊടുക്കുന്നു ചിലര്‍ ബിയര്‍ കുപ്പികള്‍ എറിഞ്ഞു കൊടുക്കുന്നു ചിലര്‍ സ്വന്തം കോട്ട് ഊരി കൊടുക്കുന്നു എല്ലാവരുടെയും സമ്മാനങ്ങളും സ്വീകരിച്ചു കൊണ്ടു bull fighter നടന്നു നീങ്ങി കൊണ്ടിരുന്നു .അതിനിടയില്‍ കയ്യിലിരുന്ന ഒരു ചെവി കാണികളിലെ ഒരു കൊച്ചു കുട്ടിക്ക് എറിഞ്ഞു കൊടുത്തു ,തനിക്ക് കിട്ടിയ സമ്മാനം നഷ്ടപെടുത്താതെ അപ്പോള്‍ തന്നെ അവന്‍ തന്റെ അമ്മയെ ഏല്പിച്ചു .
കാളയെ വാള്‍ കൊണ്ട് കുത്തിയിറക്കാന്‍ ഉന്നം പിടിക്കുന്നു.
കാള പോര് പഠിച്ചു കൊണ്ടിരിക്കുന്ന ഇരുപത്തിരണ്ടുകാരന്‍റെ പ്രകടനം, നല്ല പ്രകടനം ആയിരുന്നു എങ്കിലും നല്ല മാനസിക സമ്മര്‍ദം ഉണ്ടായിരുന്നു പയ്യന്. സ്റ്റേഡിയത്തിലേക്കു അഴിച്ചു വിട്ട കാള പാഞ്ഞു വന്നപ്പോള്‍ അതിനു മുന്നില്‍ നെഞ്ചു വിരിച്ചു ഇരുന്നു ,ആ ഇരുന്ന അതെ ഇരുപ്പില്‍ കയ്യിലിരുന്ന തുണി കൊണ്ട് തനിക്കു ചുറ്റും കാളയെ കൊണ്ട് വട്ടം വരപ്പിച്ചവന്‍.
മത്സരം എല്ലാം കഴിഞ്ഞപ്പോള്‍ വീണ്ടും എല്ലാ bull fighter മാരും നിരന്നു നിന്ന് കാണികളോട് യാത്ര പറഞ്ഞു .കൂടെയുള്ള സ്പാനിഷ്കാരന്‍ എന്നോട് ചോദിച്ചു ‘എങ്ങിനെയുണ്ട്’കാളയെ കൊല്ലുന്നതോഴിച്ചു ബാക്കിയുള്ളത് കൊള്ളാം എന്ന് പറഞ്ഞപ്പോള്‍ ഉറക്കെ ഒറ്റ ചിരി, ആ സമയത്ത് ആ ചിരി കൊലചിരിയാണെന്ന് എനിക്ക് തോന്നി .സ്പെയിനില്‍ വന്ന അന്ന് മുതല്‍ കാണാന്‍ ആഗ്രഹിച്ചതാണ് എന്നാല്‍ വീട്ടിലേക്കു മടങ്ങുമ്പോള്‍ മനസ്സിന് വല്ലാത്ത വിഷമം തോന്നിയതല്ലാതെ ഒരു സന്തോഷവും തോന്നിയില്ല .
വിശദമായ വീഡിയോകൾ,
Posted by Unknown at 05:00 13 comments
Labels: കാള പോര്, യാത്രാവിവരണം, സ്പെയിന്
കാള പോര് കാണാന്‍ എല്ലാവര്ക്കും സ്വാഗതം .
JUAN DEL ALAMO എന്ന ഇരുപത്തി രണ്ടു കാരന്റെ പ്രകടനം ,ഈ കൊച്ചു പയ്യന്‍ ഒഴികെ അവിടെ പ്രകടനം കാഴ്ച വെച്ചവര്‍ പ്രോഫെഷനല്‍സ് ആയിരുന്നു ,ഇപ്പോളും കാള പോര് പഠിച്ചു കൊണ്ടിരിക്കുകയാണ് പയ്യന്‍ അതിന്റെ വീഡിയോ താഴെ ,കണ്ടിരിക്കേണ്ട പ്രകടനം .
Posted by Unknown at 14:08 16 comments
സമയം രണ്ട് മണി എയ്ബാര്‍ ഉത്സവ ലഹരിയിലാണ് , കാള പോര് നടക്കുന്നതിന്റെയല്ല മറിച്ച് ഇന്ന് ഗലിസിയ എന്ന പ്രവിശ്യയിൽ നിന്നും എയ്ബാറില്‍ കുടിയേറി താമസിച്ചവരുടെ ഫീസ്ത ആണ് ഇന്ന് . അവരുടെ രീജിയനിലെ പ്രാദെശിക ഭക്ഷണമായ നീരാളിയെ അവിടത്തെ താത്കാലിക ഹോട്ടലില്‍ നിന്നും ആളുകള്‍ കഴിക്കുന്നുണ്ട് .
അവിടെയുള്ള ഹോട്ടലുകളിലും ബാറുകളിലും കാള പോരിന്റെ പോസ്റ്റര്‍ കാണാം .
ഒരു ഗ്ലാസ് വൈനും ഇവിടത്തെ ഭക്ഷണമായ ടോര്‍ത്തിയ്യ പറ്റാട്ട യും (നമ്മുടെ ഓംലെറ്റ് തന്നെ അതില്‍ കുറച്ചു കൂടുതല്‍ ഉരുളകിഴങ്ങ് അരച്ച് ചേര്‍ക്കും അത്രതന്നെ )കഴിച്ചു ഞങ്ങള്‍ മൈതാനത്തിലേക്ക് നടന്നു , സമയം മൂന്ന് മണി ഇനിയും രണ്ടര മണിക്കൂര്‍ .മലകള്‍ക്കിടയിയാണ് എയ്ബാര്‍ അത് കൊണ്ട് തന്നെ കുത്തനെയുള്ള കയറ്റമാണ് എങ്ങും , സാധാരണ ഗോവണിയുടെ കൂടെ എസ്കലറ്റർ കൂടി ഉണ്ട് , അങ്ങിനെ മൊത്തം പന്ത്രണ്ടു എസ്കാലെറ്റ്ര്‍ ഉണ്ട് .മൈതാനത്തിനു അടുത്ത് തന്നെ ടെലിവിഷന്‍ ചാനലുകാരുടെ തത്സമയ സംപ്രേഷണം നടത്തുന്നതിനുള്ള വാഹനം കിടന്നിരുന്നു .ഇവിടെ നടക്കുന്ന അവസാനത്തെ കാള പോര് ആയതിനാല്‍ വാര്‍ത്തയില്‍ കൊടുക്കുന്നതിനായിരുന്നു .
അവര്‍ക്ക് കടക്കാന്‍ മാത്രമായി ഈ മൈതാനത്തിന്റെ ഒരു വാതില്‍ പൂട്ടാതെ കിടക്കുന്നു. പുറത്തെ ബോര്‍ഡില്‍ രണ്ട് മണിക്ക് ടിക്കറ്റ് കൊടുത്തു തുടങ്ങുമെന്നു എഴുതി വെച്ചിട്ടുണ്ട്,ഞാന്‍ മൂന്ന് ആഴ്ച മുന്‍പ് തന്നെ ടിക്കറ്റ് റിസേര്‍വ് ചെയ്തു നാല്‍പതു യൂറോ. ഒന്നാം വരിയിലെ ഒന്നാമത്തെ സീറ്റ് നമ്പര്‍ തന്നെ എനിക്ക് കിട്ടി .വളരെ ചെറിയ മൈതാനം സാധാരണ കാള പോരിനു പ്രസിദ്ധമായ മാഡ്രിഡില്‍ മുപ്പതിനായിരം പേര്‍ക്കിരിക്കാം ഏറ്റവും പുറകില്‍ ഇരിക്കാന്‍ തന്നെ എഴുപതു യൂറോയില്‍ കൂടുതല്‍ കൊടുക്കണം ഇവിടെയാകട്ടെ അകെ ആയിരം പേര്‍ക്കിരിക്കാം നൂറു വര്ഷം പഴക്കമുള്ള ഈ സ്റ്റേഡിയം ഈ കാള പോരോട് കൂടി പൊളിക്കും .ഞങ്ങള്‍ ചാനല് കാര്‍ക്ക് വേണ്ടി തുറന്നിട്ട വാതിലിലൂടെ അകത്തേക്ക് കടന്നു ഞാന്‍ പോയി മൈതാനത്തിന്റെ നടുവില്‍ നിന്ന് സ്വയം ഒരു ബുള്‍ ഫൈറ്റര്‍ ആയി സങ്കല്പിച്ചു നോക്കി .
കുറച്ചു മണിക്കൂറുകള്‍ക്കു ശേഷം എന്‍റെ കാലടി ചുവട്ടിലുള്ള മണ്ണില്‍ എന്തും സംഭവിക്കാം .സാധാരണ കാള ചാകുന്നതിനു പകരം ആളുകളും മരിക്കാറുണ്ട് അപകടങ്ങള്‍ ധാരാളം സംഭവിക്കാന്‍ സാധ്യതയുള്ള സ്പാനിഷ് ദേശീയ വിനോദം .എനിക്ക് നേരെ പുറകില്‍ ഒരു വാതില്‍ കാണാം അതിലൂടെയാണ് കാളയെ ഇറക്കി വിടുന്നത് .വലതു വശത്ത് കാണുന്ന വാതിലൂടെയാണ് കാളയെ കഴുത്തിന് ജാവലിന്‍ കൊണ്ട് കുത്തി കൊമ്പ് താഴ്ത്താന്‍ കുതിര പുറത്തു ആള് വരുന്നത് പിന്നെ ഇടതു വശത്ത് നിന്നാണ് കാളയെ കൊല്ലാന്‍ വാളുമായി ബുള്‍ ഫൈറ്റര്‍ വരുന്നത് ശരിക്കും ഒരു ജീവന്‍ മരണ പോരാട്ടം തന്നെ, കാളയെ കൊല്ലണമെങ്കില്‍ അതിന്റെ രണ്ട് കൊമ്പുകള്‍ക്ക് നടുവില്‍ നിന്ന് കൊണ്ട് വേണം മുതുകിലൂടെ വാള്‍ കുത്തിയിറക്കാന്‍ .ആ വാള്‍ ഹൃദയവും രണ്ടായി പകുതാണ് പോവുക കാള തല്‍ക്ഷണം മരിക്കും അല്പം പാളിയാല്‍ കാളയുടെ കൊമ്പ് അയാളുടെ നെഞ്ചില്‍ താഴ്ന്നിറങ്ങും .കാളയെ കൊല്ലാന്‍ വാള് എടുക്കുമ്പോള്‍ തന്നെ സ്റ്റേഡിയം നിശബ്ദമാണ് ഒരു സൂചി വീണാല്‍ ശബ്ദം കേള്‍ക്കാം .
കാളപ്പോരിനെക്കുറിച്ച് ,
സാധാരണ ആറു കാളകളും മൂന്ന് ബുള്‍ ഫൈറ്റര്‍ മാരും ഓരോ ബുള്‍ ഫൈറ്റര്‍ ക്കും ആറു സഹായികള്‍ വീതമാണ് ഉണ്ടാവുക എന്നാല്‍ ഇവിടെ ഇന്ന് ആറു കാളയും ആറു ബുള്‍ ഫൈറ്റര്‍മാരും ഉണ്ട് .അഞ്ചു തരം ബുള്‍ ഫൈറ്റ് ആണ് നിലവില്‍ ഉള്ളത്
2.1 Spanish-style bullfighting
2.2 Recortes
2.3 Portuguese
2.4 French
2.5 Freestyle bullfighting
2.6 Comic bullfighting
ഇതില്‍ മൈതാനതിനകത്തു വെച്ച് കാളയെ കൊല്ലുന്നത് സ്പാനിഷ് രീതിയില്‍ തന്നെ .കാളയെ മൈതാനത്തിനകത്തെക്ക് തുറന്നു വിട്ടതിനു ശേഷം ,(ബുള്‍ ഫൈറ്റര്‍ മാര്‍ക്ക് സുരക്ഷിതമായി നില്‍ക്കാവുന്ന നാലു സ്ഥാനങ്ങള്‍ ഉണ്ട് അതിലൂടെ മനുഷ്യന് മാത്രമേ കടക്കാന്‍ പറ്റൂ കാളക്കു കടക്കാന്‍ സാധിക്കില്ല ,പെട്ടെന്നുള്ള അപകടത്തില്‍ നിന്നും ഒഴിവാകാന്‍ അപകടകാരിയായ കാളയില്‍ നിന്നും രക്ഷപെടാന്‍ ബുള്‍ ഫൈറ്റര്‍ ഇതിനകത്താണ് ഓടി കയറുക .)സുരക്ഷിത സ്ഥാനങ്ങളില്‍ നിന്നിരുന്ന ബുള്‍ ഫൈറ്റര്‍ ഇറങ്ങി വന്നു തുണി വീശി കാളയെ പരമാവധി പ്രകോപിപ്പിക്കും. ഇങ്ങിനെ ചെയ്യുന്നതിലൂടെ ആ കാള എത്രത്തോളം അപകടകാരി ആണെന്ന് ബുള്‍ ഫൈറ്റര്‍ ആളെന്നെടുക്കും. അതിനു ശേഷമാണു ആദ്യത്തെ സഹായി കുതിരപ്പുറത്തു വരുന്നത്,കുതിരയുടെ കണ്ണുകള്‍ മൂടി കെട്ടിയിരിക്കും ശരീരം പട ചട്ട കൊണ്ട് മറയ്ക്കും. ആദ്യകാലങ്ങളില്‍ കുതിരയെ ഇങ്ങിനെ ചെയ്യാറില്ലയിരുന്നു അന്ന് കാളയെക്കള്‍ കൂടുതല്‍ കുതിരകള്‍ മത്സരത്തില്‍ ചത്ത് വീണ അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. കുതിര പുറത്തു വന്നു കയ്യിലിരിക്കുന്ന ജാവലിന്‍ കൊണ്ട് കാളയുടെ കഴുത്തില്‍ കുത്തിയിറ്ക്കും,ഇവിടെ അയാള്‍ വിജയിച്ചാല്‍ കാള പകുതി മരിച്ചു കഴിഞ്ഞു. കഴുത്തിലെ പേശികള്‍ തളര്‍ന്നു ചോര വാര്‍ന്നു കാള കൊമ്പുകള്‍ താഴ്ത്തും അതിനു ശേഷം വീണ്ടും കളത്തിലുള്ള സഹായികള്‍ തുണി വീശി ഈ കാളയെ പ്രകോപിപ്പിക്കും മൈതാനം മുഴുവന്‍ ഓടി നടക്കുന്ന കാളയെ വീണ്ടും ഓരോരുത്തര്‍ ആയി മൂന്ന് പേര്‍ കൂര്‍ത്ത കമ്പി മുതുകില്‍ കുത്തി ഇറക്കും അഞ്ഞൂറ് കിലോയില്‍ കൂടുതല്‍ തൂക്കം വരുന്ന കാള ഇത് കൊണ്ടൊന്നും തളരില്ല അപ്പോളാണ് യഥാര്‍ത്ഥ ബുള്‍ ഫൈറ്റര്‍ വരുന്നത് തുണിക്കിടയില്‍ ഒളിപ്പിച്ച വാളുമായി, ഈ വാള് കൊണ്ട് കാളയെ കൊല്ലില്ല തുണി വീശി കാളയെ വട്ടം കറക്കി അയാള്‍ തന്റെ കഴിവ് തെളിയിക്കും ആളുകള്‍ പുറത്തിരുന്നു പ്രോത്സാഹിപ്പിക്കും. കാള പരമാവധി തളര്‍ന്നു കഴിഞ്ഞാല്‍ പിന്നെ കൊല്ലാനുള്ള മറ്റൊരു വാളുമായി വരും ,കാളയെ വരച്ച വരയില്‍ തുണി വീശി നിറുത്തി ഞൊടിയിടയില്‍ കാളയുടെ കൊമ്പുകള്‍ക്കിടയില്‍ കയറി നിന്ന് കയ്യിലുള്ള വാള് കൊണ്ട് മുതുകിലൂടെ ഒറ്റ കുത്തിനു മൊത്തം കുത്തിയിറക്കും ഭാഗ്യമുള്ള കാളയണെങ്കില്‍ ഹൃദയം മുറിഞ്ഞു തല്‍ക്ഷണം വീണു മരിക്കും. അല്ലാത്തവയെ വീണ്ടു വേറെ വാള് കൊണ്ട് വന്നു നെറ്റിയില്‍ കുത്തിയിരക്കും ,എന്നിട്ടും മരിക്കാത്തവയെ സഹായികള്‍ കത്തി കൊണ്ട് തലയില്‍ കുത്തി കുത്തി കൊല്ലും .നാലു കാലുകളും മേല്‍പ്പോട്ടു പൊക്കി പിടഞ്ഞു മരിക്കുന്നത് കാണുമ്പൊള്‍ എല്ലാവരും സന്തോഷത്തോടെ കയ്യടിക്കും ഇത്രയുമാണ് അവിടെ നടക്കുന്നതിന്റെ ഒരു നേര്‍ ചിത്രം .
ഇനി ഏറ്റവും നല്ല ബുള്‍ ഫൈട്ടരെ തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം എന്തെന്നും അവനു കൊടുക്കുന്ന സമ്മാനവും ആണ് അതിലും രസം .കാളയെ ആളുകള്‍ക്ക് രസിപ്പിക്കുന്ന രീതിയില്‍ വട്ടം കറക്കി ഇത്രയും പറഞ്ഞ കാര്യങ്ങള്‍ ഒറ്റതവണ ചെയ്തു ഒറ്റ കുത്തിനു കാളയെ കൊല്ലുന്നവന് കൊടുക്കുന്ന സമ്മാനമാണ് ആ കാളയുടെ രണ്ട് ചെവികളും വാലും മുറിച്ചു കൊടുക്കും. മികച്ച പ്രകടനം കാഴ്ച വെക്കുന്നവന് രണ്ട് ചെവികള്‍ അതിലും താഴെയുള്ളവന് ഒരു ചെവി, ഇനി കാളയെ കൊല്ലാന്‍ ഏറ്റവും കൂടുതല്‍ പാട് പെട്ടവന് കൂവല്‍ മാത്രം ചെവിയുമില്ല വാലുമില്ല .
ചത്ത് വീണ കാളയെ മൂന്ന് കുതിരകള്‍ വന്നു കെട്ടി വലിച്ചു കൊണ്ട് പോകും അതിനു ശേഷം തനിക്കു കിട്ടിയ സമ്മാനവുമായി ബുള്‍ ഫൈറ്റര്‍ കാഴ്ചക്കാരെ കാണിക്കാന്‍ മൈതാനത്തിനു ചുറ്റും നടക്കും, ആളുകള്‍ പൂക്കളും തൊപ്പിയും തുണികളും എല്ലാ എറിഞ്ഞു കൊടുക്കുന്നത് കാണാം
അവിടെ കാണാന്‍ വന്നിരിക്കുന്നവരില്‍ വിരലില്‍ എണ്ണാന്‍ മാത്രം ആളുകള്‍ മാത്രമേ അറുപതു വയസ്സിനു താഴെ പ്രായമുള്ളവരെ കണ്ടുള്ളൂ ,മരിക്കാന്‍ പ്രായം ഉള്ളവര്‍ വരെ വീല്‍ ചെയര്‍ ഇല്‍ വന്നിരിക്കുന്നു .
ഞാന്‍ അധികം സമയം ഈ മൈതാനത്തിനു നടുവില്‍ നില്‍ക്കാതെ ബെര്‍ണാഡിനെ കൊണ്ട് ഒരു ഫോട്ടോ എടുപ്പിച്ചു ഇത്രയും സംഭവം നടക്കുന്ന ഈ മണ്ണില്‍ ഞാന്‍ നില്‍ക്കുന്നത് ഫോട്ടോയിലെങ്കിലും എനിക്ക് പിന്നീട് കാണാമല്ലോ
അധികം സമയം ഇവിടെ നിന്നാല്‍ പോലീസ് പിടിക്കാന്‍ സാധ്യത ഉള്ളത് കൊണ്ട് വേഗം ചാടി പുറത്തിറങ്ങി. സമയം നാലുമണി ടിക്കറ്റ് കൊടുത്തു തുടങ്ങി വാങ്ങാന്‍ നില്‍ക്കുന്നവരില്‍ ഭൂരിഭാഗവും എഴുപതു വയസ്സിനു മുകളില്‍ പ്രായം ഉള്ളവര്‍ ചെറുപ്പക്കാര്‍ ആരും ഇല്ല (ഞാന്‍ ഉണ്ടേ )വീല്‍ ചെയറില്‍ പോലും ആളുകള്‍ വന്നിരിക്കുന്നു .
എയ്ബാര്‍ പട്ടണത്തില്‍ ഇറങ്ങിയപ്പോള്‍ തന്നെ പ്രതിഷേധങ്ങളുടെ പോസ്റ്ററുകള്‍ കണ്ടിരുന്നു ,കുതിര പുറത്തു വരുന്ന ഒരു പുരുഷന്‍ കുനിഞ്ഞു നില്‍ക്കുന്ന സ്ത്രീയുടെ മുതുകിലൂടെ ശൂലം കുത്തിയിറ്ക്കുന്നത് ,ചെറുപ്പക്കാര്‍ ഒരുപാടു പേര്‍ ഇതിനെതിരെ രംഗത്ത് വരുന്നുണ്ട് താഴെ നിന്നും ഒരു പാട് ആളുകള്‍ ജാഥയായി വരുന്ന ശബ്ദം കേള്‍ക്കുന്നു .കൊച്ചു കുട്ടികള്‍ മുതല്‍ അമ്പതിന് താഴെ പ്രായം വരുന്ന അറുപതു പേര്‍ വരുന്ന ഒരു സംഘം ,എല്ലാവരും തലയില്‍ കൊമ്പ് വെച്ചിരുന്നു കൂടെ കൊണ്ട് വന്ന നായയുടെ മുതുകില്‍ കമ്പി കുത്തി ഇറക്കി വെച്ചത് പോലെ കെട്ടി വെച്ചിരുന്നു അതില്‍ ചോര ഒഴുകുന്നത് പോലെ ചുവന്ന നിറവും .
അവര്‍ വിളിച്ച മുദ്രാവാക്യങ്ങള്‍ മലയാളത്തില്‍ എഴുതിയാല്‍
പിതാവിന് ജനിക്കാത്ത ബുള്‍ ഫൈറ്റര്‍ ചോരക്കു നീ ഇത്ര കൊതിയനെങ്കില്‍ നിന്റെ മക്കളുടെ മുതുകില്‍ വാള്‍ കുത്തിയിറക്കൂ...........................................
അതെ പ്രതിഷേധങ്ങള്‍ക്ക് നടുവിലും സ്റ്റേഡിയം മുഴുവന്‍ ആളുകളുമായി മത്സരം നടന്നു
തുടരും ...............................
Posted by Unknown at 15:04 8 comments
Labels: കാള പോര്, യാത്രാവിവരണം, സ്പെയിന്
Posted by Unknown at 17:13 15 comments
Labels: ഫോട്ടോ, യാത്രാവിവരണം
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP